തിരക്കുകള്‍ക്കിടയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലേ? പുത്തന്‍ ട്രെന്‍ഡായി ‘സ്ലീപ്മാക്‌സിംഗ്’ | All about sleepmaxxing and why this wellness trend is going viral
Last Updated:
ആളുകള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് സ്ലീപ് മാക്‌സിംഗ്
വളരെ തിരക്കുപിടിച്ച ഇന്നത്തെ ലോകത്ത് തടസ്സങ്ങളില്ലാതെയുള്ള മികച്ച ഉറക്കം അല്‍പം പ്രയാസമേറിയ ഒന്നായി മാറിയിട്ടുണ്ട്. ആധുനിക ജീവിതത്തിലെ സമ്മര്‍ദങ്ങളും സാങ്കേതികവിദ്യയുടെ സ്വാധീനവുമെല്ലാം വിശ്രമത്തേക്കാളുപരിയായി ഉത്പാദനക്ഷമതയ്ക്ക് പ്രധാന്യം നല്‍കുന്ന അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഉറക്കവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിലേക്ക് നയിച്ചു. ലോകമെമ്പാടുമായി ലക്ഷക്കണക്കിന് പേരാണ് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത്.
ഇതിനിടെയാണ് പുതിയൊരു ട്രെന്‍ഡ് വലിയ പ്രചാരം നേടുന്നത്. ഉറക്കത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് ഇന്‍ഫ്‌ളൂവന്‍സുമാരും മറ്റും നിര്‍ദേശിക്കുന്ന സ്ലീപ്മാക്‌സിംഗ് ആണ് അടുത്തിടെ വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്. ആളുകള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് സ്ലീപ് മാക്‌സിംഗ്. നല്ല ഉറക്കം കിട്ടാന്‍ പലതരത്തിലുള്ള ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതാണ് ഇത്.
മഗ്നീഷ്യം സ്‌പ്രേ മുതല്‍ മൗത്ത് ടേപ്പും സ്ലീപ് ട്രാക്കറും ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ടിക് ടോക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ സ്ലീപ്മാക്‌സിംഗിന്റെ മറ്റൊരു വശമായ ബയോഹാക്കിംഗിന് പ്രചാരം ലഭിച്ചിട്ടുണ്ട്. പ്രത്യേക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഗാഢനിദ്ര 34 ശതമാനം വരെ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് സൂചിപ്പിക്കുന്ന വീഡിയോകള്‍ വൈറലായിട്ടുണ്ട്.
അതേസമയം, സ്ലീപ്മാക്‌സിംഗ് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെങ്കിലും ചില ദോഷവശങ്ങളും ഇത് ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓര്‍ത്തോസോംനിയ പോലെയുള്ള അവസ്ഥയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഗാഢനിദ്രയ്ക്ക് വേണ്ടി അമിതമായി ആഗ്രഹിക്കുന്ന അവസ്ഥയാണത്. ഇത് ഉത്കണ്ഠയും മാനസിക സമ്മര്‍ദവും വര്‍ധിപ്പിക്കുമെന്നും അതുവഴി ഉറക്കത്തിന്റെ ഗുണനിലവാരം വഷളാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അനാരോഗ്യകരമായ ഉറക്കശീലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് തന്റെ 20കളില്‍ സ്ലീപ്മാക്‌സിംഗ് പിന്തുടര്‍ന്നതായി ഇതിന്റെ വക്താവായ ഡെറക് അന്റോസിക് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഉറക്കരീതികള്‍ ട്രാക്ക് ചെയ്യുന്നതിന് ഔറ റിംഗ് പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന് ഡെറക് പറഞ്ഞു. ഇയര്‍പ്ലഗുകള്‍, നേസല്‍ ഡൈലേറ്ററുകള്‍, മൗത്ത് ടേപ്പ് എന്നിവ തനിക്ക് പ്രയോജനപ്പെട്ടുവെന്നും എന്നാല്‍ ഔറ റിഗും ബെഡ് ഫാനും ഗുണകരമായില്ലെന്നും ഡെറക് അവകാശപ്പെട്ടു.
സ്ലീപ്മാക്‌സിംഗ് ട്രെന്‍ഡിംഗ് ആയതോടെ വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് ഇതിനാവശ്യമായ ഉത്പന്നങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുകയാണ് കമ്പനികള്‍. ധരിച്ചുകൊണ്ട് നടക്കാവുന്ന ഉത്പന്നങ്ങളും സ്മാര്‍ട്ട് സ്ലീപ് സൊലൂഷനുകളും വിപണികളില്‍ വ്യാപകമായി ലഭ്യമായി തുടങ്ങി. നല്ല ഉറക്കം ലഭിക്കുന്നതിന് ചുറ്റുപാടുമുള്ള ശബ്ദങ്ങള്‍ ഇല്ലാതാക്കുന്നതിന് മസ്തിഷ്‌ക തരംഗങ്ങള്‍ ഉപയോഗിക്കുന്നതിന് രൂപകല്‍പന ചെയ്ത എഐ അധിഷ്ഠിത ന്യൂറോ ടെക്‌നോളി ഹെഡ്ബാന്‍ഡ് ഇതിന് ഉദാഹരണമാണ്.
ഇതിന് പുറമെ താപനില ക്രമീകരിക്കുന്ന ടെബറേച്ചര്‍ കണ്‍ട്രോളര്‍, സ്‌നോര്‍ ഡിറ്റക്ഷന്‍, ചെറിയതോതില്‍ വൈബ്രേറ്റ് ചെയ്യുന്ന അലാറങ്ങള്‍ എന്നിവ അടങ്ങിയ അത്യാധുനിക മെത്തകള്‍ കമ്പനികള്‍ നിര്‍മിക്കുന്നുണ്ട്. അതേസമയം, സ്ലീപ്മാക്‌സിംഗിന്റെ ദോഷവശങ്ങളെക്കുറിച്ച് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരം ഉത്പന്നങ്ങള്‍ ഉറക്കത്തില്‍ മെച്ചപ്പെടുത്തലുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കാര്യമായ നേട്ടങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെടുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഉപകരണങ്ങളെ ആശ്രയിച്ചുകൊണ്ടുള്ള ഉറക്കം ലളിതമായതും സ്വാഭാവികവുമായ ഉറക്കരീതിയെ മറികടക്കുമെന്ന ആശങ്കയുണ്ട്. എല്ലാ ദിവസം ഒരേ സമയത്ത് ഉറങ്ങാന്‍ പോകുക, ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുക, ഉറങ്ങുന്നതിന് മുമ്പായി സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തുക എന്നിവയെല്ലാമാണ് സ്വാഭാവികമായുള്ള ഉറക്കരീതികള്‍.
Thiruvananthapuram,Kerala
September 26, 2024 12:33 PM IST