Sloth Fever അമേരിക്കയിലും യൂറോപ്പിലും മാരകമായ വൈറസ് രോഗം പടരുന്നു Sloth Fever All about the deadly virus spreading through flies, mosquitoes in US and Europe
Last Updated:
ഓറപ്പോഷ് എന്ന വൈറസ് പരത്തുന്ന സ്ളോത്ത് ഫീവർ കൊതുക്,ചെറിയ ഈച്ച തുടങ്ങിയവ കടിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്.
മരണകാരണമായേക്കാവുന്ന മാരക വൈറസ് രോഗമായ സ്ളാത്ത് ഫീവർ അമേരിക്കയിൽ റിപ്പോർട്ട ചെയ്തു. ഫ്ളോറിഡയിലാണ് അമേരിക്കയിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. ഇതിനെത്തുടർന്ന് അമേരിക്കയിലെ ആരോഗ്യ വിദഗ്ദർ അതീവ ജാഗ്രതയിലാണ്. ഫ്ളോറിഡയിൽ 20 പേർക്കാണ് ഇതുവരെ രോഗം പിടിപെട്ടതായി സ്ഥിരീകരിച്ചത്. അതിൽ 9 എണ്ണവും കഴിഞ്ഞ ആഴ്ച്ച റിപ്പോർട്ട് ചെയ്തവയാണ്. രോഗം കൂടുതൽ ആൾക്കാരിലേക്ക് പടരാൻ തുടങ്ങിയതോടെ പുതിയ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ് അമേരിക്ക അഭിമുഖീകരിക്കുന്നത്. രോഗ വ്യാപനം വർദ്ധിക്കുമോ എന്നും ആരോഗ്യ വിദഗ്ദർ ഭയപ്പെടുന്നു.
ഓറപ്പോഷ് എന്ന വൈറസ് പരത്തുന്ന സ്ളോത്ത് ഫീവർ കൊതുക്,ചെറിയ ഈച്ച തുടങ്ങിയവ കടിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. തെക്കേ അമേരിക്കയിലാണ് ഈ രോഗം പ്രധാനമായും കണ്ടുവരുന്നത്. നിലവിൽ ഫ്ളോറിഡയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗ വ്യാപനം, രോഗം സ്ഥിരീകരിച്ചവരുടെ ക്യൂബൻ യാത്രയുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് വിവരം. യൂറോപ്പിലും വൈറസിന്റെ സാന്നിദ്യം കണ്ടെത്തിയതിനെത്തുടർന്ന് രോഗത്തിന്റെ ആഗോള വ്യാപനത്തിലും ആശങ്കയുണ്ട്.
ഓറപ്പോഷ് വൈറസ് രോഗത്തിന്റെ ലക്ഷണങ്ങൾ മിതമായ രീതിയിലോ ഗുരുതരമായ അവസ്ഥയിലോ കാണപ്പെടാം. വളരെസാവധാനത്തിൽ സഞ്ചരിക്കുന്ന സ്ളോത്ത് എന്ന ജീവിയിലാണ് ഈ വൈറസിന്റെ സാന്നിദ്യം ആദ്യമായി കണ്ടെത്തുന്നത്. തലവേദന, സന്ധി വേദന, മനംപുരട്ടൽ, പനി എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. അപൂർവ അവസരങ്ങളിൽ രോഗം നാഡിവ്യുഹത്തെ ബാധിക്കുന്ന മെനിൻജൈറ്റിസ്, എൻസിഫിലിറ്റിസ് എന്നിവയ്ക്കും കാരണമാകാം.ഇത് രോഗികളിൽ കഴുത്ത് വേദനയ്ക്കും വിഭ്രാന്തിക്കും ചിലപ്പോൾ മരണത്തിന് പോലും കാരണമാകാം. തലവേദന, വിറയൽ, തൊലിപ്പുറത്ത് തിടിപ്പ്, പനി, പേശി, സന്ധി വേദന, കണ്ണിൽ വേദന, ഛർദ്ദി, വയറിളക്കം, ക്ഷീണം എന്നീ ലക്ഷണങ്ങൾ രോഗം വന്ന 60 ശതമാനം ആളുകളിലും കാണപ്പെടുന്നുണ്ട്.
1955ൽ ആമസോൺ നദീതടത്തിലെ ഓറപ്പോഷ് നദിക്ക് സമീപത്തിനിന്നാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്. അന്നു മുതൽ ഇതുവരെ ഏകദേശം 5 ലക്ഷം ആൾക്കാർക്കാണ് ഈ രോഗം പിടിപെട്ടത്. തെക്കേ അമേരിക്ക , കരീബിയൻ നാടുകൾ എന്നിവിടങ്ങളിലായിരുന്നു രോഗ വ്യാപനം കൂടുതൽ. ഈ വർഷം മാത്രം 8000 പേർക്ക് രോഗം പിടിപെട്ടു. കഴിഞ്ഞ മാസം ബ്രസീലിൽ രണ്ട് മരണവും റിപ്പോർട്ട് ചെയ്തിരുന്നു.ഗർഭാവസ്ഥയിലിരിക്കുന്ന സ്ത്രീകൾക്ക് രോഗം ബാധിക്കുന്നതിലൂടെ ഗർഭസ്ഥ ശിശുവിന്റെ മരണത്തിനോ ജനിതക വൈകല്യങ്ങൾക്കോ വൈറസ് കാരണമാകാമെന്നും പറയുന്നു.
കൊതുക്, ചെറിയ ഈച്ചകൾ തുടങ്ങയവ കടിക്കുന്നതിൽ നിന്നും സ്വയം പ്രതിരോധിക്കണമെന്നാണ് സെൻ്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻ്റ് പ്രിവൻഷന്റെ അഭിപ്രായം. നിലവിൽ ഓറപ്പോഷ് വൈറസിന് വാക്സിൻ ലഭ്യമല്ല. ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നത്. രോഗം പടരുന്ന സ്ഥലങ്ങളിലെ ഗർഭിണികൾ പ്രത്യേക ജാഗ്രത പാലിക്കണം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും മരണത്തിനും കാരണമകുന്ന രോഗത്തിനെതിരെ പ്രതിരോധ നടപടികൾ സ്വികരിക്കണമെന്നാണ് ആരോഗ്യ വിഭാഗം പൊതു ജനത്തിന് നൽകുന്ന നിർദ്ദേശം. കൊതുക് ഈച്ച തുടങ്ങിവയെ തുരത്തുക എന്നതാണ് രോഗം തടയാനുള്ള പ്രധാന മാർഗം. കൊതുക് , ഈച്ച തുടങ്ങിയവ വീട്ടിനകത്തേക്ക് പ്രവേശിക്കാതിരിക്കാൻ വാതിലിലും ജനലിലും സ്ക്രീനുകൾ ഉയോഗിക്കുന്നതിലൂടെ രോഗ വ്യാപനം ഒരു പരിധിവരെ കുറയ്ക്കാനാകും. ഗുരുതര ലക്ഷണങ്ങൾ ഉള്ളവർ വേഗം തന്നെ വൈദ്യ സഹായം തേടേണ്ടതാണ്.
New Delhi,Delhi
August 28, 2024 3:06 PM IST