Mpox: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന; വൈറസ് വ്യാപനം എത്ര വേഗം? world health organization declares mpox global emergency
നേരത്തെ മങ്കി പോക്‌സ് എന്ന് അറിയപ്പെട്ടിരുന്ന എംപോക്‌സ് 1958ലാണ് ശാസ്ത്രജ്ഞര്‍ ആദ്യമായി കണ്ടെത്തുന്നത്. കുരങ്ങുകളിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇപ്പോഴത്തെ വൈറസ് വ്യാപനത്തിന് മുമ്പ് മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ആളുകള്‍ക്കിടയിലാണ് രോഗം കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. രോഗബാധയുണ്ടായ മൃഗങ്ങളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ക്കാണ് ഭൂരിഭാഗവും രോഗം ബാധിച്ചിരുന്നത്.
2022-ല്‍ ലൈംഗിക ബന്ധത്തിലൂടെ പടരുമെന്ന് ആദ്യമായി സ്ഥിരീകരിച്ചു. പിന്നാലെ എഴുപതോളം രാജ്യങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. ഈ രാജ്യങ്ങളില്‍ ഇതിന് മുമ്പ് എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.
വസൂരി രോഗത്തിന് കാരണമായ വൈറസിന്റെ അതേ കുടുംബത്തില്‍പ്പെട്ടതാണ് എംപോക്‌സിന് കാരണമായ വൈറസും. പനി, വിറയല്‍, ശരീര വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മുഖം, കൈകള്‍, നെഞ്ച്, ലൈംഗിക അവയവങ്ങള്‍ എന്നിവടങ്ങളില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടും.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട എന്നിവടങ്ങളിലാണ് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോംഗോയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പകര്‍ച്ചവ്യാധിയുമായി ഇതിന് ബന്ധമുണ്ടെന്ന് ലോകാരോഗ്യസംഘടന പറയുന്നു.
ഐവറി കോസ്റ്റ്, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിലും എംപോക്‌സിന്റെ വ്യത്യസ്തമായ വകഭേദങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എന്നാല്‍, ഇവ 2022ല്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെയത്ര ഗുരുതരമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കോംഗോയില്‍ ഏറ്റവും പുതുതായി റിപ്പോര്‍ട്ട് ചെയ്ത എംപോക്‌സ് വൈറസ് വകഭേദം മറ്റ് ലോകരാജ്യങ്ങളില്‍ കൂടി വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. ഈ വകഭേദത്തിന്റെ വ്യാപനം മറ്റ് നാല് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് 19 പോലെ വായുവിലൂടെയുള്ള വ്യാപനം എംപോക്‌സിനില്ല. എന്നാല്‍, രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെ ഇത് പകരും.
സ്വീഡനില്‍ ആദ്യ എംപോക്‌സ് കേസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് തൊട്ടുപിന്നാലെയാണ് സ്വീഡനില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.
ലോകരാജ്യങ്ങളുടെയും മനുഷ്യാവകാശ സംഘടനകളുടെയും പിന്തുണ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരിലാണ് 2022ല്‍ കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. രോഗം ബാധിച്ചവരുമായുള്ള ലൈംഗികബന്ധം ഉള്‍പ്പെടെയുള്ള അടുത്തിടപഴകിലൂടെയാണ് രോഗം വ്യാപിച്ചത്.
എന്നാല്‍ കോംഗോയിലെ സ്ഥിതി ഇതില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. 15 വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് 70 ശതമാനം എംപോക്‌സ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ, രോഗം ബാധിച്ച 85 ശതമാനം പേര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയുമുണ്ടായി.
ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ഈ വര്‍ഷം ഇതുവരെ 14,000 എംപോക്‌സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 524 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 96 ശതമാനം കേസുകളും മരണവും കോംഗോയിലാണ് ഉണ്ടായിരിക്കുന്നത്. കോംഗോയിലെ വൈറസ് വകഭേദം കൂടുതല്‍ പേരിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
2022ലെ വൈറസ് വ്യാപനം ഒട്ടേറെ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാക്‌സിനുകളുടെ ഉപയോഗത്തിലൂടെയും മെച്ചപ്പെട്ട ചികിത്സയിലൂടെയും സമ്പന്ന രാജ്യങ്ങളില്‍ രോഗവ്യാപനം തടഞ്ഞു നിറുത്താനായി. എന്നാല്‍, ഇതില്‍നിന്നും തികച്ചും വ്യത്യസ്തമായ സാഹചര്യമാണ് ആഫ്രിക്കയിലുള്ളത്. വാക്‌സിനേഷനിലൂടെ രോഗത്തെ ഒരു പരിധി വരെ തടഞ്ഞുനിറുത്താന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.
New Delhi,Delhi
August 16, 2024 10:16 AM IST