Leading News Portal in Kerala

സ്താനാര്‍ബുദത്തിനുള്ള ഹോര്‍മോണ്‍ തെറാപ്പി ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കുമെന്ന് പഠനം | Hormone therapy for breast cancer may reduce dementia risk says study


Last Updated:

സ്തനാര്‍ബുദ ചികിത്സയുടെ ഹോര്‍മോണ്‍ തെറാപ്പി അള്‍സിമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ഏഴ് ശതമാനത്തോളം കുറയും

സ്തനാര്‍ബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹോര്‍മോണ്‍ മോഡുലേറ്റിംഗ് തെറാപ്പി(എച്ച്എംടി) അള്‍സിമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ഏഴ് ശതമാനത്തോളം കുറയ്ക്കുമെന്ന് പഠനം. സ്തനാര്‍ബുദത്തിനുള്ള മരുന്നുകള്‍ നിര്‍ദേശിക്കുമ്പോഴോ ചികിത്സാ പദ്ധതികള്‍ വികസിപ്പിക്കുമ്പോഴോ ഓരോ രോഗിയെയും സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് മനസിലാക്കുന്നതിന്റെ പ്രാധാന്യം ഇതിലൂടെ ഊന്നിപ്പറയുകയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്ബര്‍ഗിലെ ഒബ്‌സ്ട്രക്റ്റിസ്, ഗൈനക്കോളി, റീപ്രൊഡക്റ്റീവ് സയന്‍സ് വിഭാഗം പ്രൊഫസര്‍ ഫ്രാന്‍സ്‌മേരി മോഡുഗ്നോ പറഞ്ഞു.

”ഇത് ഒരു രോഗിയുടെ മാത്രം കാര്യമല്ല. ഫലങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനും അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും നമ്മള്‍ ഓരോ രോഗിയെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്,” അവര്‍ കൂട്ടിച്ചേര്‍ത്തു. ഡിമെന്‍ഷ്യയ്‌ക്കെതിരേ എച്ച്എംടി സംരക്ഷണം ഒരുക്കുന്നുണ്ടെങ്കിലും പ്രായം കൂടുമ്പോള്‍ ഇവ തമ്മിലുള്ള ബന്ധം കുറയുന്നാതയും വംശത്തിന് അനുസരിച്ച് വ്യത്യാസപ്പെടുന്നതായും പഠനത്തില്‍ കണ്ടെത്തി.

സ്‌നാര്‍ബുദ രോഗികളില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീ ഹോര്‍മോണുകളായ ഈസ്ട്രജന്റെയും പ്രൊജസ്റ്ററോണിന്റെയും സ്വാധീനത്താലുണ്ടാകുന്ന ട്യൂമറുകളാണ്. ഇത്തരം രോഗികളില്‍ ഹോര്‍മോണ്‍ തെറാപ്പി ചെയ്യുന്നത് ഹോര്‍മോണുകളെ തടഞ്ഞ് ട്യൂമര്‍ വളര്‍ച്ചയെ തടസ്സപ്പെടുത്തും. യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കരോലിന കോളേജ് ഓഫ് ഫാര്‍മസിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ചാവോ കായിയുമായി ചേര്‍ന്നാണ് മോഡ്ഗുനോ പഠനം നടത്തിയത്.

65 വയസ്സിനും അതിനു മുകളിലും പ്രായമുള്ള 2007നും 2009നും ഇടയില്‍ സ്‌നാര്‍ബുദം സ്ഥിരീകരിച്ച സ്ത്രീകളിലാണ് ഇവര്‍ പഠനം നടത്തിയത്. നേരത്തെ ഹോര്‍മോണ്‍ ചികിത്സയ്ക്ക് വിധേയമാകാത്തവരും അല്‍ഷിമേഴ്‌സ് രോഗമോ അതുമായി ബന്ധപ്പെട്ട ഡിമെന്‍ഷ്യയോ(എഡിആര്‍ഡി) ബാധിച്ചിട്ടില്ലാത്തതുമായ രോഗികളെയാണ് പഠനവിധേയമാക്കിയത്. 18,808 രോഗികളെയാണ് ഇരുവരും പഠനത്തിനായി തെരഞ്ഞെടുത്തത്.

രോഗം കണ്ടെത്തി മൂന്ന് വര്‍ഷത്തിനുള്ളില്‍ അവരില്‍ 66 ശതമാനം പേരും ഹോര്‍മോണ്‍ ചികിത്സയ്ക്ക് വിധേയരായി. 34 ശതമാനം പേര്‍ മറ്റ് ചികിത്സാ മാര്‍ഗങ്ങള്‍ തേടി. ശരാശരി 12 വര്‍ഷത്തോളമാണ് ഇവരെ നിരീക്ഷിച്ചത്. ഹോര്‍മോണ്‍ ചികിത്സയ്ക്ക് വിധേയമായ 24 ശതമാനം പേര്‍ക്കും ഹോര്‍മോണ്‍ ചികിത്സയ്ക്ക് വിധേയരല്ലാത്ത 28 ശതമാനം പേര്‍ക്കും എഡിആര്‍ഡി ബാധിച്ചതായി കണ്ടെത്തി. ഹോര്‍മോണ്‍ ചികിത്സ നടത്തുന്നത് എഡിആര്‍ഡി പിടിപെടാനുള്ള സാധ്യത മൊത്തത്തില്‍ കുറയ്ക്കുമെന്നു കണ്ടെത്തി. എന്നാല്‍, 80 വയസ്സ് കഴിഞ്ഞവരില്‍ ഹോര്‍മോണ്‍ ചികിത്സ വിപരീതഫലമാണ് ഉണ്ടാക്കുക.

”പ്രായം കുറഞ്ഞ സ്ത്രീകളിലാണ് ഹോര്‍മോണ്‍ ചികിത്സ അല്‍ഷിമേഴ്‌സ് രോഗത്തില്‍ നിന്നും ഡിമെന്‍ഷ്യയില്‍ നിന്നും സംരക്ഷണം നല്‍കുകയെന്ന് ഞങ്ങളുടെ പഠനത്തില്‍ നിന്ന് വ്യക്തമാകുന്നു. 75 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരില്‍ ഹോര്‍മോണ്‍ ചികിത്സയുടെ നേട്ടങ്ങള്‍ കുറഞ്ഞു വരുന്നു. പ്രത്യേകിച്ച് വെളുത്തവര്‍ഗക്കാരായ രോഗികളില്‍. അതിനാല്‍ ഹോര്‍മോണ്‍ ചികിത്സ വേഗത്തില്‍ തുടങ്ങേണ്ടതിന്റെ പ്രധാന്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. രോഗിയുടെ പ്രായത്തിന് അനുസരിച്ച് ചികിത്സ നിശ്ചയിക്കേണ്ടതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്,” കായി പറഞ്ഞു.

ഹോര്‍മോണ്‍ ചികിത്സയ്ക്ക് വിധേയരായ 65നും 74 വയസ്സിനും ഇടയില്‍ പ്രായമുള്ള കറുത്തവര്‍ഗക്കാരായ സ്ത്രീകളില്‍ എഡിആര്‍ഡി പിടിപെടാനുള്ള സാധ്യത 24 ശതമാനത്തോളം കുറഞ്ഞതായി കണ്ടെത്തി. എന്നാല്‍ 75 വയസ്സിനുശേഷം ഇത് 19 ശതമാനമായി കുറഞ്ഞു. വെളുത്ത വര്‍ഗക്കാരായ സ്ത്രീകളില്‍ എഡിആര്‍ഡി പിടിപെടാനുള്ള സാധ്യത 11 ശതമാനത്തോളം കുറഞ്ഞതായി കണ്ടെത്തി.

എന്നാല്‍, 75 വയസ്സിന് ശേഷം ഇത് നഷ്ടപ്പെടുന്നതായും കാണാൻ കഴിഞ്ഞു. മൂന്ന് തരത്തിലുള്ള ഹോര്‍മോണ്‍ ചികിത്സയാണ് നിലവിലുള്ളത്. ഇതിൽ ഓരോ ഹോര്‍മോണ്‍ ചികിത്സയ്ക്ക് അനുസരിച്ചും എഡിആര്‍ഡി പിടിപെടാനുള്ള സാധ്യതയില്‍ വ്യത്യാസമുണ്ടാകുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സത്‌നാര്‍ബുദത്തിനുള്ള ഹോര്‍മോണ്‍ ചികിത്സയും ഡിമെന്‍ഷ്യ പിടിപെടാനുള്ള സാധ്യതയും തമ്മിലുള്ള ബന്ധം സങ്കീര്‍ണവും വിവിധ ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നതുമാണെന്ന് കായി പറഞ്ഞു.