ഒരു കാപ്പി കുടിച്ചാലോ? ദീര്‍ഘനേരമിരുന്ന് ജോലി ചെയ്യുന്നവരുടെ ആരോഗ്യപ്രശ്‌നം പരിഹരിക്കാന്‍ നല്ലതെന്ന് പഠനം | Coffee good to solve health problem of those who work sitting for long hours
Last Updated:
ദിവസേന ഒരു കാപ്പി..! ഇരുന്ന് ജോലി ചെയ്യുന്നവരുടെ ആരോഗ്യത്തെ സംരക്ഷിക്കുമോ?
ഓഫീസിൽ ദീർഘനേരം ഇരുന്ന് കമ്പ്യൂട്ടറിലും ലാപ്ടോപ്പിലുമൊക്കെയായി ജോലി ചെയ്യുന്നവർക്ക് സാധാരണയായി നിരവധി ആരോഗ്യപ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഇത്തരത്തിൽ ഇരുന്ന് ജോലി ചെയ്യുന്നവർ ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോഴിതാ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കാൻ ദിനചര്യയിൽ കാപ്പി ഉൾപ്പെടുത്തുന്നത് ഗുണകരമായിരിക്കുമെന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയിലെ സൂചോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
യുഎസിൽ ദീർഘനേരം ഒരേയിരുപ്പ് ഇരുന്ന് ജോലി ചെയ്യുന്ന 1000ത്തോളം പേരിലാണ് പഠനം നടത്തിയത്. ദിവസേന ഒരു കപ്പ് കാപ്പി കുടിക്കുന്നത് ആറോ അതിലധികമോ മണിക്കൂർ ഇരുന്ന് ജോലി ചെയ്യുന്ന ആളുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. കൂടാതെ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് അകാല മരണത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവിടെ കാപ്പി കുടിക്കാത്ത ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ദിവസവും കാപ്പി കുടിക്കുന്നവരുടെ മരണ സാധ്യത 1.58 മടങ്ങ് കുറവാണെന്ന് പഠനത്തിൽ പറയുന്നു.
ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മരണ സാധ്യത കുറയ്ക്കുന്നതിൽ കാപ്പിയുടെ ആരോഗ്യകരമായ ഗുണങ്ങളെകുറിച്ച് ആദ്യമായി വിലയിരുത്തുന്നത് തങ്ങളുടെ പഠനമാണെന്നും ഗവേഷകർ അവകാശപ്പെട്ടു. ഉദാസീനമായ ജീവിതശൈലിയും ഹൃദയ സംബന്ധമായ അസുഖങ്ങളും മൂലം ഉണ്ടാകുന്ന മരണ സാധ്യത ഇല്ലാതാക്കാൻ കാപ്പി ഒരു പരിധി വരെ സഹായിക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്. ഇത്തരത്തിൽ ജോലി ചെയ്യുന്ന ആളുകളിൽ ഉണ്ടാകുന്ന ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ അപകട സാധ്യതകളെ മറികടക്കാൻ പതിവ് വ്യായാമങ്ങൾക്ക് പോലും പൂർണമായി സാധിക്കില്ല. എന്നാൽ ഈ സാഹചര്യത്തിൽ ഒരു കപ്പ് കാപ്പിയുടെ പങ്ക് ഏറെ ശ്രദ്ധേയമാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
ദിവസവും നാല് മണിക്കൂറിൽ താഴെ ഇരുന്ന് ജോലി ചെയ്യുന്ന വ്യക്തികളെ അപേക്ഷിച്ച് എട്ടുമണിക്കൂറിൽ അധികം ജോലിചെയ്യുന്ന ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടി. എന്നാൽ ഇതിൽ കാപ്പി കുടിക്കാത്ത മുതിർന്ന ആളുകളിലാണ് കൂടുതലായി മരണം സംഭവിച്ചിരിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം പ്രതിദിനം കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും കാപ്പി കുടിക്കാതെ ജോലിചെയ്യുന്ന ആളുകളെ അപേക്ഷിച്ച് പ്രതിദിനം രണ്ടര കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നവർക്ക് ഏത് അസുഖം ഉണ്ടെങ്കിലും മരണ സാധ്യത വളരെ കുറവാണെന്നതും അത്ഭുതകരമായ ഒരു കണ്ടെത്തലാണ്.
എന്നാൽ എങ്ങനെയാണ് കാപ്പി ഈ സംരക്ഷണം നൽകുന്നതെന്ന കാര്യത്തിൽ വ്യക്തമായ ഒരു വിശദീകരണം ഗവേഷകർ നൽകിയിട്ടില്ല. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ കാപ്പിയിൽ ആൻറി ഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. കാപ്പിയിലെ ചില പദാർത്ഥങ്ങൾ പാർക്കിൻസൺസ് പോലുള്ള രോഗങ്ങളിൽ നിന്നും തലച്ചോറിന് സംരക്ഷണം നൽകുന്നുണ്ട്. ഈ വർഷമാദ്യം നടത്തിയ മറ്റൊരു പഠനത്തിൽ ദിവസം അഞ്ച് കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വൻകുടൽ കാൻസർ തിരിച്ചുവരാനുള്ള സാധ്യത 32% കുറവാണെന്നും കണ്ടെത്തിയിരുന്നു.
New Delhi,Delhi
June 29, 2024 3:00 PM IST
ഒരു കാപ്പി കുടിച്ചാലോ? ദീര്‍ഘനേരമിരുന്ന് ജോലി ചെയ്യുന്നവരുടെ ആരോഗ്യപ്രശ്‌നം പരിഹരിക്കാന്‍ നല്ലതെന്ന് പഠനം