യുകെയിൽ ലെറ്റൂസ് അടങ്ങിയ ചില പ്രീ-പാക്ക് സാൻഡ്‌വിച്ചുകളിൽ ഇകോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് കഴിച്ചതിനെത്തുടർന്ന് രോഗലക്ഷണങ്ങൾ ഉണ്ടാകുകയും 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ യുകെയിലെ മൂന്ന് വിതരണക്കാര്‍ പ്രീ പാക്ക് ചെയ്ത സാന്‍ഡ്‌വിച്ചും സാലഡും ഉള്‍പ്പെടെ 60 തരം ഭക്ഷ്യ വസ്തുക്കൾ പിന്‍വലിച്ചിരുന്നു.
ആരോഗ്യമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലിൽ പൊതുവെ കാണപ്പെടുന്ന ബാക്ടീരിയ ഗ്രൂപ്പാണ് ഇകോളി. സാധാരണയായി ഇവ നിരുപദ്രവകാരികളും നമ്മുടെ ദഹനപ്രക്രിയയെ സഹായിക്കുന്നവയുമാണ്. എന്നാൽ ഇവയിലെ ചിലയിനം ബാക്ടീരിയകൾ ഭക്ഷ്യവിഷബാധ ഉൾപ്പെടെയുള്ള ഗുരുതരമായ ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമാകും. ഷിഗാ ടോക്‌സിൻ ഉൽപ്പാദിപ്പിക്കുന്ന ഇ.കോളി (STEC) ബാക്ടീരിയകളാണ് ഇതിൽ ഏറ്റവും അപകടകാരികൾ.
ഈ ഇ-കോളി ഗ്രൂപ്പാണ് നിലവിൽ രോഗികളിൽ കണ്ടെത്തിയിരിക്കുന്നത്. ഇവ കുട്ടികളിലും പ്രായമായവരിലും രോഗപ്രതിരോധശേഷി ഇല്ലാതാക്കുകയും ദോഷകരമായി ബാധിക്കുകയും ചെയ്യും. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) കണക്കുകൾ പ്രകാരം, ഓരോ വർഷവും യുകെയിൽ ഇ-കോളി ബാക്ടീരിയ അണുബാധ മൂലം ഏകദേശം 1,500 ഓളം കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്. മലിനമായ ഭക്ഷണം, വെള്ളം, പച്ച പാൽ, വേവിക്കാത്ത മാംസം എന്നിവയിലൂടെയാണ് ഇത് ശരീരത്തിനുള്ളിലെത്തുന്നത്.
കൂടാതെ രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയോ മലിനമായ ഭക്ഷണം കഴിക്കുന്നത് വഴിയോ ഇത് പടരാനുള്ള സാധ്യത കൂടുതലാണ്. സാൻഡ്‌വിച്ചുകളിലും റാപ്പുകളിലും ബർഗറുകളിലും ഉപയോഗിക്കുന്ന ലെറ്റൂസിന്റെ ഇലകളിൽ ഇ.കോളി അണുബാധ ഉണ്ടായതാണ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാൻ കാരണം എന്നാണ് വിലയിരുത്തൽ.
തുടർന്ന് ജൂൺ 14-ന്, യുകെയിലെ സൂപ്പർമാർക്കറ്റുകൾ വിൽക്കുന്ന സാൻഡ്‌വിച്ച് , സലാഡ്, റാപ്പർ ഉൾപ്പടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമ്മാതാക്കളായ ഗ്രീൻകോർ പിൻവലിച്ചിരുന്നു. ഇതിനുപിന്നാലെ, സാംവർത്ത് ബ്രദേഴ്‌സ് മാൻ്റൺ വുഡ് എന്ന നിർമ്മാതാക്കളും തങ്ങളുടെ ഉത്പന്നങ്ങൾ മാർക്കറ്റിൽ നിന്ന് പിൻവലിച്ചിരുന്നു. സാഹചര്യം കണക്കിലെടുത്ത് ഒരു മുൻകരുതൽ എന്ന നിലയിലാണ് പല കമ്പനികളും വിതരണം ചെയ്ത തങ്ങളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ തിരിച്ചു വിളിച്ചത്.
അതേസമയം മലിനമായ വളപ്രയോഗം ചീരകളിൽ നടത്തുന്നതിലൂടെ ഇവ മണ്ണിലോ വെള്ളത്തിലെ പ്രവേശിക്കുകയും പിന്നീട് ലെറ്റൂസിലേക്ക് നേരിട്ട് പടരുകയോ ചെയ്യാമെന്ന് ഷ്രോപ്‌ഷയറിലെ ഹാർപ്പർ ആഡംസ് യൂണിവേഴ്‌സിറ്റിയിലെ ക്രോപ്പ് സയൻസ് വിദഗ്ധനായ പ്രൊഫസർ ജിം മോനാഗൻ സ്കൈ ന്യൂസിനോട് പറഞ്ഞു. കടുത്ത പനി, വയറുവേദന, വയറിളക്കം, ഛർദി എന്നിവയാണ് ഇത് ബാധിച്ച രോഗികളിൽ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ.
ഇകോളി അണുബാധ ചില രോഗികളിൽ ഹീമോലിറ്റിക് യൂറിമിക് സിൻഡ്രോം (HUS) പോലുള്ള ഗുരുതരമായ രോഗാവസ്ഥയിലേക്ക് നയിക്കാം. ഇത്തരം സാഹചര്യങ്ങളിൽ രോഗികൾക്ക് മൂത്രത്തിന്റെ അളവ് വളരെ കുറയുകയും ചെയ്യും. കൂടാതെ മൂത്രം പിങ്ക് നിറത്തിലോ കടുത്ത നിറത്തിലോ ആണെങ്കിൽ ഉടൻതന്നെ വൈദ്യസഹായം തേടേണ്ടതാണ്. യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ പറയുന്നതനുസരിച്ച്, ഇ- കോളി ബാക്ടീരിയ മൂലമുള്ള അണുബാധയ്ക്ക് പ്രത്യേക ചികിത്സ ഒന്നും തന്നെയില്ല.
മിക്കവാറും ഇത് ബാധിച്ച രോഗികൾ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സുഖം പ്രാപിക്കാറുണ്ട്. എന്നാൽ ഈ സമയത്ത് ശരീരത്തിലെ ജലാംശം നിലനിർത്താൻ രോഗികൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതോടൊപ്പം ആന്റിബയോട്ടിക്കുകൾ ഒഴിവാക്കാനും ശ്രമിക്കുക. അണുബാധ പടരുന്നത് തടയാൻ ചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകാൻ ശ്രദ്ധിക്കുക. രോഗം പകരാതിരിക്കാൻ രോഗം ബാധിച്ചവർ മറ്റുള്ളവർക്കായി ഭക്ഷണം പാചകം ചെയ്യുന്നത് ഒഴിവാക്കേണ്ടതും പ്രധാനമാണ്. ഇത്തരം സാഹചര്യങ്ങളിൽ ആശുപത്രികളിലോ കെയർ ഹോമുകളിലോ രോഗികളെ സന്ദർശിക്കുന്നതും ഒഴിവാക്കണം.
New Delhi,Delhi
June 22, 2024 1:02 PM IST