മനുഷ്യ മസ്‌തിഷ്കം കാലക്രമേണ വലുതാകുമെന്ന് പഠനം; ഡിമെൻഷ്യയെ പ്രതിരോധിക്കുമെന്നും കണ്ടെത്തൽ | human brain gets bigger over time says new study report | Health
Last Updated:
1930കളിലും 1970കളിലും ജനിച്ചവരിൽ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ
കാലക്രമേണ മനുഷ്യ മസ്‌തിഷ്കത്തിന്റെ വലുപ്പത്തിൽ വ്യത്യാസമുണ്ടാകുന്നുവെന്ന നിർണ്ണായക കണ്ടെത്തലുമായി ഗവേഷകർ. യുസി ഡാവിസ് ഹെൽത്തിലെ ഗവേഷകരുടെ കണ്ടെത്തൽ ജാമാ (JAMA) ന്യൂറോളജിയാണ് പ്രസിദ്ധീകരിച്ചത്. 1930കളിലും 1970കളിലും ജനിച്ചവരിൽ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ. മസ്‌തിഷ്കത്തിന്റെ വികാസം വാർദ്ധക്യ സംബന്ധമായ ഡിമൻഷ്യ ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെ മനുഷ്യനിൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതായും ഗവേഷകർ അഭിപ്രായപ്പെടുന്നു.
ജനിതക ഘടനയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ് വലിപ്പ വർധനവിന് പ്രാഥമിക കാരണമായി പറയുന്നതെങ്കിലും ആരോഗ്യവും, സാമൂഹിക ഘടകങ്ങളും, സംസ്കാരവും, വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള ബാഹ്യഘടകങ്ങളും ഇതിന് കാരണമാകുന്നതായി ന്യൂറോളജി വിഭാഗം പ്രൊഫസറായ ചാൾസ് ഡികാർലി പറഞ്ഞു. മസ്തിഷ്ക ഘടനകളിലെ വ്യത്യാസം മെച്ചപ്പെട്ട മസ്തിഷ്ക വികസനത്തെയും, ആരോഗ്യത്തെയും സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. 1925 നും 1968 നും ഇടയിൽ ജനിച്ച 57 വയസ്സോളം പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. മസ്‌തിഷ്കത്തിന്റെ വ്യാപ്തത്തിലും ഉപരിതല വിസ്തീർണ്ണത്തിലും വലിയ വ്യത്യാസമുള്ളതായി l പഠനത്തിൽ ഗവേഷകർ കണ്ടെത്തി.
1930കളിൽ ജനിച്ചവരെ അപേക്ഷിച്ച് 1970കളിൽ ജനിച്ചവരുടെ മസ്‌തിഷ്കത്തിന്റെ വ്യാപ്തം 6.6 ശതമാനവും ഉപരിതല വിസ്തീർണ്ണം 15 ശതമാനവും വർധിച്ചതായി കണ്ടെത്തി. കൂടാതെ ഗ്രേ മാറ്ററിലും, വൈറ്റ് മാറ്ററിലും, ഓർമ്മ ശക്തി നില നിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഹിപ്പോകാമ്പസിലും കാര്യമായ വികാസങ്ങൾ ഉള്ളതായി പഠനം കണ്ടെത്തി. വാർദ്ധക്യ സഹജമായ രോഗങ്ങൾ വർധിക്കുന്ന കാലഘട്ടത്തിൽ അവയ്ക്കെതിരെയുള്ള ചികിത്സാരീതികൾ വികസിപ്പിക്കുന്നതിന് ഈ കണ്ടെത്തലുകൾ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.
New Delhi,Delhi
April 26, 2024 8:24 PM IST