Leading News Portal in Kerala

മാങ്ങാ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവും ശരീരഭാരവും വര്‍ധിക്കുമോ?|Can mangoes increase blood sugar and cause weight gain | Health


Last Updated:

രുചികരമാണെന്ന് മാത്രമല്ല ധാരാളം പോഷകങ്ങളും അടങ്ങിയതാണ് മാമ്പഴം. വിറ്റാമിനുകളായ എ, സി എന്നിവ ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

നമ്മുടെ നാട്ടില്‍ മാങ്ങ സുലഭമായി ലഭിക്കുന്ന സമയമാണിത്. നിറയെ നാരുകളും പോഷകങ്ങളും അടങ്ങിയ മാമ്പഴമാകട്ടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാല്‍, മാമ്പഴത്തെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ ചിലരെയെങ്കിലും അത് കഴിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് മാമ്പഴം കഴിക്കുന്നതിലൂടെ ക്രമാതീതമായി വര്‍ധിക്കുമെന്നും ശരീരഭാരം വര്‍ധിക്കുമെന്നുമുള്ള ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. രുചികരവും പോഷകസമൃദ്ധവുമായ മാമ്പഴത്തെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ ഏതൊക്കെയെന്ന് നോക്കാം.

മാമ്പഴത്തില്‍ പഞ്ചസാരയുടെ അളവ് വളരെയധികമാണെന്നും ഇത് കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുമെന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. പ്രമേഹം പോലുള്ള രോഗാവസ്ഥയില്‍ ഉള്ളവര്‍ക്ക് മാമ്പഴം കഴിക്കുന്നത് നല്ലതല്ലെന്നുള്ള ധാരണ പൊതുവേ സമൂഹത്തിലുണ്ട്. എന്നാല്‍, പ്രകൃതിദത്ത മധുരങ്ങളായ ഗ്ലൂക്കോസും ഫ്രക്ടോസുമാണ് മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്നത്. ഇവയ്ക്ക് വളരെ കുറഞ്ഞ ഗ്ലൈസീമിക് ഇന്‍ഡക്‌സ്(ജിഐ) ആണ് ഉള്ളത്. ജിഐ വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ വളരെ പതുക്കെയായിരിക്കും ദഹിക്കുകയും ആഗിരണം ചെയ്യപ്പെടുകയും ചെയ്യുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാനുഗതമായി വര്‍ധിപ്പിക്കാനേ ഇവയ്ക്ക് കഴിയൂ.

പോഷകങ്ങള്‍

രുചികരമാണെന്ന് മാത്രമല്ല ധാരാളം പോഷകങ്ങളും അടങ്ങിയതാണ് മാമ്പഴം. വിറ്റാമിനുകളായ എ, സി എന്നിവ ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചര്‍മം ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്ന മാമ്പഴം ദഹനത്തെ സഹായിക്കുന്നു. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മിതമായ അളവില്‍ കഴിക്കുന്നത് പ്രമേഹം വര്‍ധിപ്പിക്കുകയുമില്ല.

മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിന് സഹായിക്കുമെന്ന് ന്യൂട്രിയന്റസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

മാമ്പഴം കഴിച്ചാല്‍ ശരീരഭാരം വര്‍ധിക്കുമോ?

മാമ്പഴം കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കുമെന്ന തെറ്റിദ്ധാരണ പൊതുവേ നിലനില്‍ക്കുന്നുണ്ട്. മറ്റ് പഴങ്ങളെ അപേക്ഷിച്ച് മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ് വളരെയധികം കുറവാണ്. ഇടത്തരം വലുപ്പമുള്ള മാമ്പഴത്തില്‍ 150 കലോറിയാണ് അടങ്ങിയിരിക്കുന്നത്.

ഇതിനുമപ്പുറം മാമ്പഴത്തിലടങ്ങിയിരിക്കുന്ന ദഹനത്തിന് സഹായിക്കുന്ന നാരുകള്‍, വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണ്. മാമ്പഴത്തിലെ നാരുകള്‍ വേഗത്തില്‍ വയര്‍ നിറയുന്നതുപോലെ തോന്നിപ്പിക്കുന്നതിനാല്‍ അമിതമായി കഴിക്കുന്നത് തടയുകയും ചെയ്യുന്നു.

അതേസമയം, പഞ്ചസാര ചേര്‍ത്ത മാമ്പഴ പാനീയങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. ഇത്തരം പാനീയങ്ങളില്‍ വളരെയധികം കലോറി അടങ്ങിയിട്ടുണ്ട്. കൂടാതെ, മധുരവും അധികമായിരിക്കും. അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.