Chagas disease: ലോകത്തില്‍ 70 ലക്ഷം ആളുകളെ ബാധിക്കുന്ന അണുബാധ; ചാഗാസ് രോഗം പടരുന്നത് എങ്ങനെ? ലക്ഷണങ്ങൾ എന്തൊക്കെ?| Chagas disease an infection caused by kissing bugs affecting 7 million people | Health
Last Updated:
‘കിസ്സിംഗ് ബഗ്’ എന്നറിയപ്പെടുന്ന ട്രിയാടോമൈന്‍ എന്ന പ്രാണി കടിക്കുന്നതിലൂടെയാണ് ഈ രോഗം മനുഷ്യരിലേക്ക് പടരുന്നത്
പ്രതിവര്‍ഷം ലോകത്തിലെ 70 ലക്ഷം പേരെയാണ് ട്രൈപാനോസോമ ക്രൂസി എന്ന പ്രോട്ടോസോവന്‍ പാരസൈറ്റ് പരത്തുന്ന ചാഗാസ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. ലാറ്റിനമേരിക്കയിലാണ് ഈരോഗം കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓരോ വര്‍ഷവും ഈ രോഗം ബാധിച്ച് ഏകദേശം 12,000 പേരാണ് ലോകത്ത് മരണപ്പെടുന്നത്.
രോഗബാധ ആദ്യമായി കണ്ടെത്തിയ ബ്രസീലിയന്‍ ഫിസിഷ്യനായ കാര്‍ലോസ് ചാഗാസിന്റെ പേരിലാണ് രോഗം അറിയപ്പെടുന്നത്. 1909ലാണ് ആദ്യമായി ഒരാളില്‍ അദ്ദേഹം ഈ രോഗം കണ്ടെത്തുന്നത്. ‘കിസ്സിംഗ് ബഗ്’ എന്നറിയപ്പെടുന്ന ട്രിയാടോമൈന്‍ എന്ന പ്രാണി കടിക്കുന്നതിലൂടെയാണ് ഈ രോഗം മനുഷ്യരിലേക്ക് പടരുന്നത്. വിവിധ വഴികളിലൂടെ പാരസൈറ്റ് മനുഷ്യശരീരത്തില്‍ എത്തിച്ചേരുന്നു. കിസ്സിംഗ് ബഗ് കടിക്കുന്നതിന് പുറമെ, വായിലൂടെയും അമ്മയില്‍നിന്ന് കുഞ്ഞിലേക്കും, രോഗബാധയുള്ള ആളുടെ രക്തം കൈമാറുന്നതിലൂടെയുമെല്ലാം രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നു.
സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നമായാണ് ചാഗാസ് രോഗത്തെ കണക്കാക്കുന്നത്. ലോകത്തില്‍ ഒരു വര്‍ഷം അറുപത് മുതല്‍ എഴുപത് ലക്ഷം പേരെയാണ് രോഗം ബാധിക്കുന്നത്. പ്രത്യേകിച്ച് ലാറ്റിനമേരിക്കയില്‍. ഗ്രാമീണമേഖലയിലും നഗരപ്രദേശങ്ങളിലും ഒരുപോലെ റിപ്പോര്‍ട്ട് ചെയ്യുന്ന ഈ രോഗം കാനഡ, യുഎസ്, യൂറോപ്പ് എന്നിവടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
വ്യത്യസ്തമായ രണ്ട് ഘട്ടങ്ങളാണ് ചാഗാസ് രോഗം പ്രകടമാക്കുന്നത്. ഓരോന്നിനും അതിന്റേതായ വെല്ലുവിളികള്‍ ഉണ്ട്. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ അത്രകണ്ട് പ്രകടമായിരിക്കില്ല. ഈ അവസ്ഥയുടെ യഥാര്‍ത്ഥ തീവ്രത പ്രകടമാക്കപ്പെടുന്നത് രണ്ടാമത്തെ ഘട്ടത്തിലാണ്. ഹൃദയത്തിലും ദഹനവ്യവസ്ഥയുടെ ഭാഗമായ പേശികളിലും കടന്നുകൂടുന്ന പാരസൈറ്റ് ഹൃദയ, ദഹന, നാഡീവ്യവസ്ഥയെ താറുമാറാക്കുന്നു. രോഗം പിടിപെടുന്ന മൂന്നിലൊന്നുപേരിലും രോഗം ഗുരുതരമാകാന്‍ ഇത് കാരണമാകുന്നു. ശരീരം ദുര്‍ബലമാകുന്നത് പോലെയുള്ള അവസ്ഥയിലേക്ക് രോഗി എത്തിപ്പെടാം. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മരണം വരെ സംഭവിക്കാനിടയുണ്ട്.
വായുവിലൂടെ രോഗം പടരുന്നത് നിയന്ത്രിക്കുക, രക്തം ശരിയായ രീതിയില്‍ പരിശോധനകള്‍ നടത്തി മാത്രം മറ്റൊരാള്‍ നല്‍കുക, പെണ്‍കുട്ടികള്‍, പ്രത്യുത്പാദന പ്രായത്തിലുള്ള സ്ത്രീകള്‍, നവജാത ശിശുക്കള്‍, അണുബാധ കണ്ടെത്തിയ അമ്മമാര്‍ എന്നിവരെ പരിശോധിക്കുകയും മതിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുക. മതിയായ രീതിയിലുള്ള ബോധവത്കരണത്തിലൂടെയും ആശയവിനിമയത്തിലൂടെയും രോഗബാധ തടയാമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.
രോഗം എത്രയും വേഗം കണ്ടെത്തി ചികിത്സ തുടങ്ങുകയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. ബെന്‍സ്‌നിഡാസോള്‍ അല്ലെങ്കില്‍ നിഫൂര്‍ട്ടിമോക്‌സ് പോലുള്ള ആന്റിപാരാസൈറ്റിക് മരുന്നുകള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ രോഗം മൂര്‍ച്ഛിക്കുന്നത് തടയുകയും പകരുന്നത് ഒഴിവാക്കുകയും ചെയ്യും. രോഗം നേരത്തെ തന്നെ കണ്ടെത്തിയാല്‍ പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയുന്നതാണ്.
New Delhi,New Delhi,Delhi
April 18, 2024 1:54 PM IST