വെള്ളം കുടിക്കുന്നത് കുറവാണോ ? ദൈനംദിന ജീവിതം സമ്മര്‍ദ്ദത്തിലാകുമെന്ന് പഠനം | Drinking less water could make your everyday life more stressful | Life
Last Updated:
വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും നേരിടേണ്ടതായി വരും
മനുഷ്യശരീരത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമായിട്ടുള്ള ഘടകമാണ് വെള്ളം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് നന്നായി വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും നേരിടേണ്ടതായി വരും.
പ്രതിദിനം 1.5 ലിറ്ററില്‍ താഴെ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ സമ്മര്‍ദ്ദ പ്രതികരണങ്ങള്‍ കൂട്ടുമെന്ന് ജേണല്‍ ഓഫ് അപ്ലൈഡ് ഫിസിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം പറയുന്നു. ഇത് ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുമെന്നും ശരീരത്തില്‍ സമ്മര്‍ദ്ദ ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും പഠനത്തിലൂടെ ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വെള്ളം കുടിക്കുന്നത് കുറവുള്ള ആളുകളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍.
ആരോഗ്യമുള്ള ചെറുപ്പക്കാരെ അവര്‍ പതിവായി വെള്ളം കുടിക്കുന്ന ശീലത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. അവര്‍ വെള്ളം കുടിക്കുന്ന രീതി ഒരാഴ്ച നിലനിര്‍ത്തികൊണ്ട് സംസാരവും മാനസിക ഗണിതവും ഉള്‍പ്പെടുന്ന ഒരു സമ്മര്‍ദ്ദ പരിശോധനയ്ക്ക് അവരെ വിധേയരാക്കി. രണ്ട് ഗ്രൂപ്പുകളിലുള്ള ചെറുപ്പക്കാര്‍ക്കും സമാനമായ ഉത്കണ്ഠയും ഹൃദയമിടിപ്പിലെ വര്‍ദ്ധനയും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കുറച്ച് വെള്ളം കുടിക്കുന്ന ഗ്രൂപ്പിലെ ചെറുപ്പക്കാരില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ വര്‍ദ്ധനവ് കൂടുതലാണെന്ന് കണ്ടെത്തി.
ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുകയെന്നല്ല. ദാഹം എല്ലായ്പ്പോഴും നമ്മുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനുള്ള സൂചനയല്ല. വെള്ളം കുടിക്കുന്നത് കുറവുള്ള ഗ്രൂപ്പിലുള്ളവര്‍ക്ക് മറ്റ് ഗ്രൂപ്പിനെ അപേക്ഷിച്ച് ദാഹകൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഇരുണ്ടതും കുറഞ്ഞ അളവിലുള്ളതുമായ മൂത്രം അവരിലെ നിര്‍ജ്ജലീകരണത്തിന്റെ സൂചന നല്കി. ദാഹം മാത്രം ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതിന്റെ സൂചനയായി കണക്കാക്കരുതെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു.
സമ്മര്‍ദ്ദം കുറയ്ക്കുന്നതിൽ ശരീരത്തിലെ ജലം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് പഠനം പറയുന്നു. നിര്‍ജ്ജലീകരണം ഉണ്ടാകുമ്പോള്‍ തലച്ചോര്‍ വാസോപ്രസീന്‍ എന്ന ഹോര്‍മോണ്‍ പുറത്തുവിടുന്നു. എന്നാല്‍ വാസോപ്രസീന്‍ തലച്ചോറിന്റെ സമ്മര്‍ദ്ദ പ്രതികരണ സംവിധാനവുമായി പ്രവര്‍ത്തിച്ച് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ കോര്‍ട്ടിസോള്‍ ഉത്പാദനം കൂട്ടുന്നു.
ഈ രണ്ട് ഹോര്‍മോണുകള്‍ നല്കുന്ന ഇരട്ട ഭാരം ശരീരത്തില്‍ സമ്മര്‍ദ്ദം കൂട്ടുന്നു. വാസോപ്രസീന്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുമ്പോള്‍ തന്നെ ശരീരത്തെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. ജോലി, കുടുംബം, സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയോട് മല്ലിടുന്ന വ്യക്തികളില്‍ ഇത് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കും.
ഉറക്കം, പോഷകാഹാരം, വ്യായാമം എന്നിവ സമ്മര്‍ദ്ദ പ്രതിരോധശേഷിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ വെള്ളം കുടിക്കുന്നതും ഇതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണെന്ന് പഠനം പറയുന്നു. ജലം എല്ലാത്തിനും പരിഹാരമല്ലെങ്കിലും ശാരീരികവും മാനസികവുമായ ക്ഷേമത്തെ പിന്തുണയ്ക്കുന്ന ഒരു ഘടകമാണിതെന്ന് ഗവേഷകര്‍ പറയുന്നു. മൂത്രത്തിന്റെ നിറം ശ്രദ്ധിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ജലാംശത്തെ ട്രാക്ക് ചെയ്യുന്നതിനുള്ള ഒരു പ്രായോഗിക മാര്‍ഗമാണ്.
Thiruvananthapuram,Kerala
August 26, 2025 7:19 PM IST