Leading News Portal in Kerala

ഒടുവിൽ മുട്ടുമടക്കി തമിഴ്നാട്; ആർഎസ്എസ് റൂട്ട് മാർച്ചിന് അനുവാദം നൽകുമെന്ന് സുപ്രീംകോടതിയെ അറിയിച്ചു


സംസ്ഥാനത്തുടനീളമുള്ള വിവിധ ജില്ലകളിൽ മാർച്ച് നടത്താൻ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് (ആർഎസ്എസ്) അനുമതി നൽകുമെന്ന് തമിഴ്നാട് സുപ്രീംകോടതിയെ അറിയിച്ചു. നവംബർ 19-നോ 26-നോ റൂട്ട് മാർച്ച് നടത്താനാണ് തീരുമാനം. മൂന്ന് ദിവസത്തിനകം ആർ.എസ്.എസിനോട് റൂട്ടുകൾ സമർപ്പിക്കാനും നവംബർ 15-നകം റൂട്ടുകളുടെ കാര്യത്തിൽ തമിഴ്നാട് തീരുമാനമെടുക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനം സമർപ്പിച്ച പ്രത്യേക ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ഉത്സവ സീസൺ കണക്കിലെടുത്ത് റൂട്ട് മാർച്ചിന് അനുമതി നൽകാനാവില്ലെന്നാണ് തമിഴ്‌നാട് സർക്കാർ വാദിച്ചത്. എന്നാൽ ഈ വാദം സുപ്രീംകോടതി മുഖവിലയ്‌ക്കെടുത്തില്ല. മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ച നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി നവംബർ 19 അല്ലെങ്കിൽ 26 തീയതികളിൽ മാർച്ച് നടത്താമെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തമിഴ്നാടിനെ അറിയിച്ചു.പോലീസ് അധികാരികൾ അനുവദിക്കുന്ന വഴിയിലൂടെ മാർച്ചുകൾ നടത്തുമെന്ന് ആർഎസ്എസ് ഹൈക്കോടതിയിൽ പറഞ്ഞിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.

Also read-എയർ ഇന്ത്യക്കെതിരെ ഖലിസ്ഥാൻ നേതാവിന്റെ ഭീഷണി; ‘കനിഷ്‌ക’ ആവർത്തിക്കാനുള്ള ശ്രമമെന്ന് ഇന്റലിജൻസ്

ഒടുവിൽ നവംബർ 19 അല്ലെങ്കിൽ 26 തീയതിയിൽ സംസ്ഥാനത്ത് റൂട്ട് മാർട്ട് നടത്താൻ ആർഎസ്എസിന് എല്ലാവിധ സൗകര്യങ്ങളും ചെയ്തു നൽകുമെന്ന് തമിഴ്നാട് സർക്കാർ സുപ്രീകോടതിയെ അറിയിക്കുകയായിരുന്നു. കപിൽ സിബലും മുകുൾ റോത്തഗിയുമാണ് തമിഴ്നാടിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് നിരവധി ഹർജികൾ മദ്രാസ് ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന്, തമിഴ്നാട്ടിലെ 35 കേന്ദ്രങ്ങളിൽ ആർ.എസ്.എസിന് റൂട്ട് മാർച്ച് നടത്താനാണ് മദ്രാസ് ഹൈക്കോടതി അനുമതി നൽകിയത്.

ഇതുമായി ബന്ധപ്പെട്ട് പൊലീസിന് കോടതി നിർദേശവും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷവും തമിഴ്നാട്ടില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. 75-ാം സ്വാതന്ത്ര്യദിനഘോഷം, ബി.ആര്‍. അംബേദ്ക്കറുടെ ജന്മശതാബ്ദി, വിജയദശമി എന്നിവ പ്രമാണിച്ച് 51 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ചും പൊതുസമ്മേളനവും നടത്താനാണ് ആര്‍.എസ്.എസ് നിശ്ചയിച്ചിരുന്നത്. പിന്നീട് കോടതിയിൽ നിന്ന് അനുമതി നേടിയ ശേഷമാണ് തമിഴ്നാട്ടില്‍ റൂട്ട് മാര്‍ച്ച് നടന്നത്.