പച്ചക്കറിക്കടക്കാരൻ സൈബർ തട്ടിപ്പുകാരനായതെങ്ങനെ? ആറ് മാസത്തിനുള്ളിൽ ആളുകളെ കബളിപ്പിച്ച് നേടിയത് 21 കോടി രൂപ
പച്ചക്കറി വിറ്റ് ജീവിക്കാനുള്ള വരുമാനം കണ്ടെത്തിക്കൊണ്ടിരുന്ന വ്യക്തിയാണ് ഫരീദാബാദിലെ റിഷഭ് ശർമ. എന്നാൽ കൊറോണ ഇയാളെ ഒരു കുറ്റവാളിയാക്കി മാറ്റി. ആളുകളെ പറ്റിച്ച് ആറ് മാസം കൊണ്ട് ഏകദേശം 21 കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലായി 37 ഓളം തട്ടിപ്പു കേസുകളിൽ മുഖ്യ പ്രതിയാണ് റിഷഭ്. 855 ഓളം തട്ടിപ്പ് കേസുകളിൽ ഇയാൾ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബർ 28 നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണം ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ ഉള്ളതായി കണ്ടെത്തി. ചൈന, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ ക്രിമിനൽ ഗ്രൂപ്പുകളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് വ്യക്തമാക്കുന്നു.
വർഷങ്ങൾക്ക് മുമ്പ് ഫരീദാബാദിൽ പച്ചക്കറി കച്ചവടം ചെയ്തു വരികയായിരുന്നു 27 കാരനായ റിഷഭ്. കൊറോണ കച്ചവടത്തെ ബാധിച്ചതോടെ തന്റെ കുടുംബം പോറ്റാനായി മറ്റ് പല ജോലികളും റിഷഭ് ചെയ്തിരുന്നു. ആ ഇടയ്ക്കാണ് പല തട്ടിപ്പുകളും മുമ്പും നടത്തിയിട്ടുള്ള പഴയ ഒരു കൂട്ടുകാരനെ റിഷഭ് വീണ്ടും കണ്ടുമുട്ടുന്നത്.
കൂട്ടുകാരൻ റിഷഭിന് കുറച്ചു ഫോൺ നമ്പറുകൾ നൽകി എന്നിട്ട് ജോലി വാഗ്ദാനം ചെയ്ത് അവരോട് പണം ആവശ്യപ്പെടാൻ പറഞ്ഞു. ഇങ്ങനെ ആളുകളിൽ നിന്നും പണം തട്ടിയെടുക്കാൻ തുടങ്ങിയ ഇവരുടെ അവസാനത്തെ ഇര ഡെറാഡൂണിലുള്ള ഒരു ബിസിനസ്സുകാരൻ ആയിരുന്നു. അയാളിൽ നിന്നും 20 ലക്ഷം രൂപയാണ് റിഷഭ് തട്ടിയെടുത്തത്.
മാരിയറ്റ് ഹോട്ടലിന്റെതിന് സമാനമായ ഒരു വെബ്സൈറ്റ് നിർമ്മിക്കുകയും അതിൽ റിവ്യൂ എഴുതിയാൽ പണം നൽകാം എന്ന തരത്തിൽ പാർടൈം ജോലികൾ ഓഫർ ചെയ്യുകയും ചെയ്തു. ഈ ജോലിയിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നവർക്ക് തന്റെ കൂടെ വർക്ക് ചെയ്യുന്ന ആളെന്നു പറഞ്ഞുകൊണ്ട് സോണിയ എന്ന മറ്റൊരാളെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.
തന്റെ വലയിലാകുന്നവരുടെ പൂർണ വിശ്വാസം പിടിച്ചു പറ്റാനായി ആദ്യം അവർക്ക് 10,000 രൂപയോളം നൽകുകയും അവരെയെല്ലാം ചേർത്ത് ഒരു വ്യാജ ടെലഗ്രാം ചാനൽ തുടങ്ങി അതിൽ അവരോട് ഹോട്ടലിനെ കുറിച്ച് പോസിറ്റീവ് റിവ്യൂ എഴുതാനും മറ്റ് ഉപഭോക്താക്കൾ ഹോട്ടലിനെ കുറിച്ച് ചോദിച്ച ചോദ്യങ്ങൾ എന്ന വ്യാജേനയുള്ള പലതിനും ഉത്തരം എഴുതാൻ ആവശ്യപ്പെടുകയും ചെയ്തു. ആളുകളുടെ വിശ്വാസം പിടിച്ചു പറ്റിയ ശേഷം, കൂടുതൽ പണം ഇതിലേക്ക് ഇൻവെസ്റ്റ് ചെയ്താൽ അതിന്റെ ഇരട്ടി മടക്കി നൽകാം എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. നിരവധി പേർ വലിയ തുകകൾ നൽകുകയും ചെയ്തു. പണം ലഭിച്ചു കഴിഞ്ഞാൽ പിന്നീട് റിഷഭിനെക്കുറിച്ച് ഒരു വിവരവും ഉണ്ടാകില്ല.
വഞ്ചനാക്കുറ്റം ഉൾപ്പെടെയുള്ള നിരവധി കേസുകൾ റിഷഭിന്റെ പേരിൽ പോലീസ് എടുത്തിട്ടുണ്ട്. റിഷഭിന്റെ തട്ടിപ്പിന് മറ്റ് പല രാജ്യങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ ഇന്ത്യയിൽ നിന്നും തങ്ങൾക്കായി ഒരാളെ കണ്ടെത്തുന്നു. അയാൾ വഴി നടത്തുന്ന തട്ടിപ്പിന്റെ പണം ഇന്ത്യയിലെ തന്നെ ഏതെങ്കിലും ഒരു ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും തുടർന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടത്തുകയും ചെയ്യുന്നു.
റിഷഭിന്റെ അറസ്റ്റ് അയാൾക്ക് പിന്നിലെ വലിയൊരു സംഘത്തിലേക്കും പോലീസിനെ എത്തിക്കുന്നു. അത്തരം വലിയ സംഘങ്ങളെ കണ്ടെത്തലും കീഴ്പ്പെടുത്തലും പോലീസിന് വലിയ വെല്ലുവിളി തന്നെയാണ്.