Leading News Portal in Kerala

ബെംഗളൂരുവിലെ ഗതാഗത ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഇന്ത്യൻ റെയിൽവേ, സർക്കുലർ റെയിൽ നിർമ്മാണം ഉടൻ


രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള ഗതാഗത തടസ്സങ്ങളും ബെംഗളൂരു അഭിമുഖീകരിക്കുന്നുണ്ട്. പൊതുജനങ്ങൾ നേരിടുന്ന ഗതാഗത പ്രശ്നങ്ങൾക്ക് ആശ്വാസവുമായി എത്തുകയാണ് ഇന്ത്യൻ റെയിൽവേ. ബെംഗളൂരുവിലെ ഗതാഗത ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സർക്കുലർ റെയിൽ എന്ന ആശയമാണ് സൗത്ത് റെയിൽവേ മുന്നോട്ടുവച്ചിരിക്കുന്നത്. ബെംഗളൂരുവിലും പരിസരങ്ങളിലുമായി 278 കിലോമീറ്റർ നീളുന്ന സർക്കുലർ റെയിലാണ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്.

കർണാടകയിലെ ഹോസ്കോട്ട്, ദേവനഹള്ളി, നാദ്വന്ദ, സോളൂർ, മാലൂർ, ഹിലാലിഗെ, ദൊഡ്ഡബല്ലാപൂർ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ് സർക്കുലർ റെയിൽ പാത നിർമ്മിക്കുക. ഈ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ തിരക്കും ബ്ലോക്കും ഇല്ലാതെ സൗകര്യപ്രദമായ ട്രെയിൻ സേവനങ്ങൾ യാത്രക്കാർക്ക് ലഭിക്കുന്നതാണ്. നിലവിൽ, സേലം ലൈനിൽ നിന്ന് മൈസൂരു ലൈനിലേക്കും തിരിച്ചും പോകുന്ന ട്രെയിനുകൾ തിരക്കേറിയ ബയപ്പനഹള്ളി-ബെംഗളൂരു, കന്റോൺമെന്റ്-ബെംഗളൂരു സിറ്റി സെക്ഷനിലൂടെയാണ് കടന്നുപോകുന്നത്. ഇതോടെ, എക്സ്പ്രസ്സ് ട്രെയിനുകൾ അടക്കമുള്ളവ മണിക്കൂറുകൾ വൈകിയോടുന്ന സാഹചര്യമാണ് ഉള്ളത്. ഇതിന് പരിഹാരമെന്ന നിലയിലാണ് പുതിയ സർക്കുലർ റെയിൽ പാത നിർമ്മിക്കുക.