Leading News Portal in Kerala

സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് 12-ാം ക്ലാസുകാരന്റെ വിരൽ അറുത്തുമാറ്റി പൂർവ്വവിദ്യാർത്ഥി


നൂഡൽഹി: സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് 12-ാം ക്ലാസുകാരന്റെ വിരൽ അറുത്തുമാറ്റി പൂർവ്വവിദ്യാർത്ഥി. ഡൽഹിയിലെ ദ്വാരക സൗത്തിലാണ് സംഭവം. സംഭവത്തെ തുടർന്ന് കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.

ഒക്ടോബർ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. ആക്രമണത്തെക്കുറിച്ച് കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. മോട്ടോർ സൈക്കിൾ ചെയിനിൽ കുടുങ്ങി വിരൽ നഷ്ടപ്പെട്ടുവെന്നാണ് എല്ലാരോടും പറഞ്ഞിരുന്നത്. വെള്ളിയാഴ്ച കുട്ടി മാതാപിതാക്കളോട് സത്യം വെളിപ്പെടുത്തിയതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സ്കൂളിന് പുറത്തുവെച്ചാണ് പ്രതിയെ കാണുന്നത്. തുടർന്ന് ഒരു പാർക്കിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ വച്ച് ട്യൂഷൻ സെന്ററിൽ ഒപ്പം പഠിക്കുന്ന പെൺകുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മർദനം ആരംഭിച്ചു. കല്ലുകൊണ്ടായിരുന്നു മർദനം. ഇതിനിടെയാണ് വിരൽ മുറിച്ചു മാറ്റിയതെന്ന് കുട്ടി മൊഴി നൽകി.

സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.