Leading News Portal in Kerala

അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയം, പ്രാണപ്രതിഷ്ഠയ്ക്ക് മുൻപ് ഉദ്ഘാടനം നിർവഹിക്കും


നവീകരിച്ച അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ നാടിന് സമർപ്പിക്കാൻ ഒരുങ്ങി റെയിൽവേ മന്ത്രാലയം. റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം ജനുവരി 15 നകം നടത്താനാണ് തീരുമാനം. ജനുവരി 22നാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠ നടക്കുക. ഈ തീയതിക്ക് മുൻപ് സ്റ്റേഷൻ പൊതുജനങ്ങൾക്ക് തുറന്നുനൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റെയിൽവേ മന്ത്രാലയത്തിന് കത്ത് അയച്ചിട്ടുണ്ട്.

ശ്രീരാമ ക്ഷേത്രത്തിന്റെ മാതൃക ഉൾക്കൊണ്ടാണ് സ്റ്റേഷൻ നവീകരിച്ചിരിക്കുന്നത്. സ്റ്റേഷനിൽ പ്രതിദിനം ഏകദേശം 50,000 പേർക്ക് യാത്ര ചെയ്യാനാകും. 241 കോടി രൂപ മുതൽമുടക്കിലാണ് രാമനഗരിയിലെ സ്റ്റേഷൻ നവീകരിച്ചിട്ടുള്ളത്. ഷോപ്പിംഗ് മാളുകൾ, കഫറ്റീരിയകൾ, വിനോദ സൗകര്യങ്ങൾ, പാർക്കിംഗ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. സ്റ്റേഷന്റെ മൊത്തം വിസ്തീർണം 3,645 ചതുരശ്ര മീറ്ററാണ്. 12 ലിഫ്റ്റുകൾ, 14 എസ്കലേറ്ററുകൾ, ഫുഡ് പ്ലാസകൾ എന്നിവയും സ്റ്റേഷനിൽ സജ്ജീകരിച്ചിട്ടുണ്ട്.