രാഹുൽ ഗാന്ധി വിഡ്ഢികളുടെ രാജാവ്: ‘മെയ്ഡ് ഇൻ ചൈന ഫോൺ’ പരാമർശത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി
ഭോപ്പാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ‘വിഡ്ഢികളുടെ രാജാവെ’ന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ പോക്കറ്റിലെ മൊബൈൽ ഫോണുകൾ ‘മെയ്ഡ് ഇൻ ചൈന’ ആണെന്നും അവ ‘മെയ്ഡ് ഇൻ മധ്യപ്രദേശ്’ ആയിരിക്കണമെന്നും തിങ്കളാഴ്ച നടന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു മോദിയുടെ വിമർശനം.
‘കോൺഗ്രസിലെ ഒരു ‘മഹാജ്ഞാനി’ ഇന്നലെ ജനങ്ങളോട് പറഞ്ഞത് ഇന്ത്യയിലെ ജനങ്ങൾ ഉപയോഗിക്കുന്നത് മെയ്ഡ് ഇൻ ചൈന ഫോണുകളാണെന്നാണ്. വിഡ്ഢികളുടെ രാജാവ്. ഏത് ലോകത്താണ് അവർ ജീവിക്കുന്നത്. തങ്ങളുടെ നാടിന്റെ പുരോഗതി കാണാത്ത രോഗമാണ് അവർക്ക്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മാതാക്കളായി ഇന്ത്യ മാറിയിരിക്കുകയാണ്,’ ബെതൂൽ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കവെ മോദി വ്യക്തമാക്കി.
കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: യുവാവിനെ കരുതൽ തടങ്കലിലാക്കി
മധ്യപ്രദേശിലെ ജനങ്ങൾക്കിടയിൽ ബിജെപിയോടുള്ള അഭൂതപൂർവമായ വിശ്വാസവും വാത്സല്യവും കാണാൻ തനിക്ക് കഴിയുന്നുണ്ടെന്നും മോദിയുടെ ഉറപ്പുകൾക്ക് മുന്നിൽ തങ്ങളുടെ വ്യാജ വാഗ്ദാനങ്ങൾ വിലപ്പോവില്ലെന്ന് കോൺഗ്രസിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ‘ഇപ്പോൾ തന്നെ അവർ പരാജയം സമ്മതിച്ചുകഴിഞ്ഞു. ജനങ്ങൾക്ക് നൽകുന്ന എല്ലാ വാഗ്ദാനങ്ങളും പൂർത്തീകരിക്കും, ഇത് താൻ നൽകുന്ന ഉറപ്പാണ്. ആദിവാസി വിഭാഗങ്ങൾക്കായി കേന്ദ്രം 24000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും’, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.