Leading News Portal in Kerala

‘ഉയരം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല’- ജ്യോതിരാദിത്യ സിന്ധ്യയെ അവഹേളിച്ച് പ്രിയങ്ക, മറുപടിയുമായി ചൗഹാൻ


ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശത്തിൽ വിവാദം. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഉയരക്കുറവാണെന്നായിരുന്നു പ്രിയങ്കയുടെ അവഹേളനം. നവംബർ 15ന് മധ്യപ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ് പ്രിയങ്ക ​ഗാന്ധി വിവാദ പരാമർശം നടത്തിയത്.

‘‘ഉയരം അൽപം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിലായിരുന്നപ്പോൾ ഏതു പ്രവർ‌ത്തകനും അദ്ദേഹത്തെ കാണാൻ ചെന്നാൽ മഹാരാജാ എന്ന് വിളിക്കണം. അല്ലെങ്കിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല‘‘ എന്നായിരുന്നു പ്രിയങ്ക ​ഗാന്ധി പറഞ്ഞത്.

എന്നാൽ, ഇതിന്റെ മറുപടിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രംഗത്തെത്തി. പ്രിയങ്കാ ഗാന്ധിയുടെ പരാമർശം അഹങ്കാരത്തിന്റെ പാരമ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. അവരുടെ വാക്കുകൾ പൊതുവികാരം വ്രണപ്പെടുത്തുക മാത്രമല്ല, ഹൃദയഭേദകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മധ്യപ്രദേശിലെ 230 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. സംസ്ഥാനത്ത് ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇന്ന് നടക്കുക. സംസ്ഥാനത്ത് നടപ്പാക്കിയ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ വിജയം ഉയർത്തിക്കാട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കോൺഗ്രസാകട്ടെ ശിവരാജ് സിങ് ചൗഹാൻ സർക്കാരിനോടുള്ള ഭരണവിരുദ്ധവികാരം തങ്ങൾക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ്.