Leading News Portal in Kerala

ഉത്തരാഖണ്ഡ് ടണല്‍ അപകടം: രക്ഷാപ്രവർത്തനം 15-ാം ദിവസത്തിലേക്ക്: വെർട്ടിക്കൽ ഷാഫ്റ്റ് നിർമ്മാണം ഇന്ന് ആരംഭിക്കും


 

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് തുരങ്കദുരന്തത്തില്‍ രക്ഷാപ്രവർത്തനം 15-ാം ദിനവും തുടരുന്നു. ടണലിന്റെ മുകളിൽ നിന്ന് വെർട്ടിക്കൽ ഷാഫ്റ്റ് നിർമ്മാണം ഇന്ന് ആരംഭിക്കും. സിൽക്കാല തുരങ്കമുഖത്ത് കുടുങ്ങിയ ഓഗർ മെഷീനിന്റെ ബ്ലേഡ് ഇന്ന് പൂർണമായി മുറിച്ചുമാറ്റും.

ഇന്നലെ രാത്രിയോടെയാണ് വെർട്ടിക്കൽ ഷാഫ്റ്റ് നിർമ്മാണത്തിന് ആവശ്യമായ പ്ലാറ്റ്‍ഫോമിന്‍റെ നിർമ്മാണം പൂർത്തിയായത്. ഒരു മീറ്റർ വ്യാസമുള്ള പൈപ്പ് 90 മീറ്റർ ആഴത്തിലാണ് ഇറക്കേണ്ടത്. സിൽക്യാര തുരങ്കമുഖത്തു നിന്നുള്ള പൈപ്പ് സ്ഥാപിക്കൽ നടപടികൾ ഇന്നലെ തടസ്സപ്പെട്ടിരുന്നു. പത്താമത്തെ പൈപ്പിന്റെ അറ്റം വളഞ്ഞതിനെ തുടർന്ന് ഓഗർ മെഷീൻ ബ്ലേഡ് പൈപ്പിൽ തട്ടി മുറിഞ്ഞതോടെയാണ് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടത്.

നാലു മീറ്ററിലേറെ ദൈർഘ്യമുള്ള ഈ ബ്ലേഡ് നീക്കം ചെയ്യുന്ന പ്രക്രിയ ഇന്ന് പൂർത്തിയാകുമെന്നാണ് രക്ഷാദൗത്യസംഘം അറിയിക്കുന്നത്. ഇതേ മാർഗത്തിലുള്ള രക്ഷാദൗത്യവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ദൗത്യസംഘം വിലയിരുത്തിയിട്ടുണ്ട്. മാനുവൽ ഡ്രില്ലിങ് ഈ മേഖലയിൽ നടക്കുമെങ്കിലും തുരങ്കത്തിനു മുകളിൽനിന്നുള്ള വെർട്ടിക്കൽ ഡ്രില്ലിങ്ങിൽ ആണ് ദൗത്യസംഘം ഇപ്പോൾ ശ്രദ്ധ നൽകുന്നത്.