Leading News Portal in Kerala

പുൽവാമയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു


ശ്രീനഗർ: തെക്കൻ കാശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ വൈകിട്ടോടെയാണ് അരിഹാൽ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. തുടർന്ന് ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടൽ ആരംഭിച്ച സമയത്ത് തന്നെ ഭീകരർ രക്ഷപ്പെടാൻ സാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളിലും സുരക്ഷാസേന വിന്യസിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. നിലവിൽ, കൊല്ലപ്പെട്ട ഭീകരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ഒക്ടോബർ മാസം മുതൽ പ്രദേശത്ത് ഭീകര സംഘങ്ങളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച വ്യക്തമായ സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ജമ്മു കാശ്മീർ പോലീസ്, സൈന്യം, സിആർപിഎഫ് എന്നിവയുടെ സംയുക്തസംഘം അരിഹാൽ മേഖലയിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഒരു ഭീകരനെ വധിച്ചിട്ടുണ്ടെങ്കിലും, പ്രദേശത്ത് സുരക്ഷാസേനയുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.