കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാല്‍ ആർഎസ്എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി| Karnataka minister Priyank Kharge says RSS will be banned if Congress comes to power
Last Updated:
ആർഎസ്‌എസിന്റെ നിരോധനം നീക്കിയത് തെറ്റായിപ്പോയെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനായ പ്രിയങ്ക് ഖാർഗെ പറഞ്ഞു.
ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്‌എസ്) നിരോധനം നീക്കിയത് കോൺഗ്രസിന്റെ തെറ്റാണെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ഇന്ത്യൻ ഭരണഘടനയിൽ നിന്ന് ‘സോഷ്യലിസ്റ്റ്’, ‘സെക്കുലറിസ്റ്റ്’എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആർഎസ്‌എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ അടുത്തിടെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. ബിജെപിയുടെ പ്രത്യയശാസ്ത്ര മാതൃസംഘടനയായ ആർഎസ്‌എസ് ഒരിക്കലും ഭരണഘടന അംഗീകരിച്ചിട്ടില്ലെന്നും ഇപ്പോൾ അവർ അത് മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും കോൺഗ്രസ് മേധാവി മല്ലികാർജുൻ ഖാർഗെയുടെ മകൻ കൂടിയായ പ്രിയങ്ക് ഖാർഗെ പറഞ്ഞു.
“മുൻകാലങ്ങളിലും ഞങ്ങൾ ആർഎസ്‌എസിന്റെ പ്രത്യയശാസ്ത്രത്തെ എതിർത്തിട്ടുണ്ട്, അവരെ രണ്ടുമൂന്ന് തവണ നിരോധിച്ചിരുന്നു. നിരോധനം നീക്കിയത് ഞങ്ങളുടെ (കോൺഗ്രസിന്റെ) തെറ്റായിരുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്ന് പറഞ്ഞ് അവർ ഞങ്ങളുടെ കാലിൽ വീണു. ഇതിനുള്ള രേഖകളുണ്ട്,” പ്രിയങ്ക് ഖാർഗെയെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ കോൺഗ്രസ് ആർഎസ്‌എസിനെ നിരോധിക്കുമോ എന്ന് ചോദ്യത്തിന് ഖാർഗെയുടെ മറുപടി ഇങ്ങനെ- “നമുക്ക് കാണാം. അവരെ നിരോധിക്കുന്നത് ഇതാദ്യമല്ല, സർദാർ പട്ടേൽ അവരെ നിരോധിച്ചില്ലേ? പിന്നെ അവർ പോയി അദ്ദേഹത്തിന്റെ കാൽക്കൽ വീണു. ഇല്ല, ഇല്ല, ഞങ്ങൾ രാജ്യത്തെ നിയമം പാലിക്കുമെന്ന് അവർ അപേക്ഷിച്ചു. അതിനുശേഷം, ഇന്ദിരാഗാന്ധി വീണ്ടും നിരോധിച്ചു. അവർ പോയി ഇല്ല, ഇല്ല, ഞങ്ങൾ സഹകരിക്കും എന്ന് പറഞ്ഞു. ഞങ്ങൾ രാജ്യത്തെ നിയമങ്ങൾ പാലിക്കും. രാജ്യത്തിന് ഒരു നിയമം ഒരു സംഘടനക്ക് മറ്റൊരു നിയമം എന്നത് അംഗീകരിക്കാനാകില്ല’.
ആർഎസ്‌എസിനെ ദേശവിരുദ്ധ സംഘടന എന്ന് വിശേഷിപ്പിച്ച പ്രിയങ്ക് ഖാർഗെ, ബിജെപിയോട് തൊഴിൽ നഷ്ടത്തെ കുറിച്ചും പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചും കടുത്ത ചോദ്യങ്ങൾ ചോദിക്കുന്നതിനുപകരം, ആർഎസ്‌എസ് സമൂഹത്തിൽ വർഗീയ വിദ്വേഷത്തിന്റെ വിത്തുകൾ വിതയ്ക്കുകയാണെന്നും ആരോപിച്ചു.
“വളരെ വ്യക്തമായി, ഡോ. ബാബാസാഹേബ് അംബേദ്കർ തന്റെ അവസാന പ്രസംഗത്തിൽ ജാതി കൊണ്ടുവന്ന് ശത്രുത സൃഷ്ടിക്കുന്നവരാണ് ദേശവിരുദ്ധരെന്ന് നിർവചിച്ചിട്ടുണ്ട്, രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പുരോഗതിയെ തടസ്സപ്പെടുത്തുന്നവരാണ് യഥാർത്ഥ ദേശവിരുദ്ധർ. സമൂഹത്തിൽ വർഗീയ വിദ്വേഷത്തിന്റെ വിത്തുകൾ വിതയ്ക്കുന്നവരാണ് ദേശവിരുദ്ധർ. അപ്പോൾ ഇപ്പോൾ ആരാണ് അത് ചെയ്യുന്നത്? അവർ ഭരണഘടന കത്തിച്ചു, മനുസ്മൃതി നമ്മുടെ ഭരണഘടനയായി വേണമെന്ന് പറഞ്ഞു” പ്രിയങ്ക് ഖാർഗെ പറഞ്ഞു.
Bangalore [Bangalore],Bangalore,Karnataka
July 02, 2025 8:04 AM IST