‘ആര്‍ട്ടിക്കിള്‍ 370 അംബേദ്ക്കറുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധം’; ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്|Article 370 goes against Ambedkar’s ideology says Chief Justice BR Gavai
Last Updated:
രാജ്യത്തെ ഐക്യത്തോടെ നിലനിര്‍ത്താന്‍ നമുക്ക് ഒരു ഭരണഘടന മാത്രമേ ആവശ്യമുളളൂവെന്ന് അദ്ദേഹം വ്യക്തമാക്കി
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പിന്തുണച്ച് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്. രാജ്യത്തെ ഐക്യത്തോടെ നിലനിര്‍ത്താന്‍ നമുക്ക് ഒരു ഭരണഘടന മാത്രമേ ആവശ്യമുളളൂവെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ ഭരണഘടന പ്രീആമ്പിള്‍ പാര്‍ക്കിന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുന്നതിനിടയിലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ കുറിച്ച് അദ്ദേഹം ഓര്‍മ്മിപ്പിച്ചത്.
കേസ് സുപ്രീം കോടതിയില്‍ വന്നപ്പോള്‍ ഡോ. ബിആര്‍ അംബേദ്ക്കറുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഞ്ച് ജഡ്ജിമാരുടെ ബെഞ്ച് ഏകകണ്ഠമായി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ശരിവച്ചതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആര്‍ട്ടിക്കിള്‍ 370 ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ കേസ് സുപ്രീം കോടതിയിലേക്ക് എത്തി. വാദം കേള്‍ക്കുമ്പോള്‍ ഏക ഭരണഘടനയാണ് രാജ്യത്തിന് അനുയോജ്യമെന്ന ഡോ. അംബേദ്ക്കറിന്റെ വാക്കുകള്‍ തനിക്ക് ഓര്‍മ്മ വന്നതായി ഗവായി പറഞ്ഞുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഐക്യത്തോടെ ഒറ്റക്കെട്ടായി നിലനിര്‍ത്തണമെങ്കില്‍ ഒരു ഭരണഘടന മാത്രമേ ആവശ്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
2019 ഓഗസ്റ്റ് 5-നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ഇതോടെ കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചു. ഭരണഘടനയില്‍ വളരെയധികം ഫെഡറലിസം ഉള്‍പ്പെടുത്തിയതിന് അംബേദ്ക്കർ വിമര്‍ശനം നേരിട്ടിരുന്നുവെന്നും യുദ്ധസമയത്ത് ദേശീയ ഐക്യത്തെ ഇത് ദുര്‍ബലപ്പെടുത്തിയേക്കുമെന്ന ആശങ്കയുണ്ടെന്നും ഗവായ് ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ അയല്‍ രാജ്യങ്ങളിലെ സ്ഥിതി നോക്കൂ എന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യം വെല്ലുവിളി നേരിടുമ്പോഴെല്ലാം ഇന്ത്യ ഐക്യത്തോടെ നിലകൊണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
New Delhi,Delhi
July 02, 2025 7:12 AM IST