Leading News Portal in Kerala

‘ധൈര്യത്തിന് എന്ത് പ്രായം?’ 80-ാം വയസ്സില്‍ 10,000 അടി ഉയരത്തില്‍ സ്‌കൈഡൈവ് പൂര്‍ത്തിയാക്കി ഇന്ത്യക്കാരി|India’s Oldest Woman Completes 10,000-Foot Skydive On 80th Birthday


Last Updated:

80-ാം ജന്മദിനത്തിലാണ് ശ്രദ്ധ ചൗഹാന്‍ 10,000 അടി ഉയരത്തില്‍ നിന്നും ചാടി റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയിരിക്കുന്നത്

News18News18
News18

പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് പൊതുവേ നമ്മള്‍ പറയാറുണ്ട്. ജീവിതത്തിലെ ഉയരങ്ങള്‍ കീഴടക്കാന്‍ പ്രായം ഒരു പ്രശ്‌നമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യക്കാരിയായ ഡോ. ശ്രദ്ധ ചൗഹാന്‍. 80 വയസ്സുള്ള ശ്രദ്ധ ചൗഹാന്‍ 10,000 അടി ഉയരത്തില്‍ നിന്ന് സ്‌കൈഡൈവ് പൂര്‍ത്തിയാക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിതയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.

80-ാം ജന്മദിനത്തിലാണ് ശ്രദ്ധ ചൗഹാന്‍ 10,000 അടി ഉയരത്തില്‍ നിന്നും ചാടി റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആരോഗ്യപരമായി നിരവധി പ്രശ്‌നങ്ങളുള്ളയാളാണ് ശ്രദ്ധ ചൗഹാന്‍. വെര്‍ട്ടിഗോ, സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റിസ്, സ്‌പൈനല്‍ ഡിസ്‌ക് പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഡല്‍ഹിയില്‍ നിന്ന് ഏകദേശം രണ്ട് മണിക്കൂര്‍ അകലെ ഹരിയാനയിലെ നാര്‍നോള്‍ എയര്‍സ്ട്രിപ്പില്‍ സ്ഥിതി ചെയ്യുന്ന സ്‌കൈഹൈ ഇന്ത്യയില്‍ വെച്ചാണ് ഡോ. ചൗഹാന്‍ ഈ നേട്ടം കൈവരിച്ചത്. രാജ്യത്തെ ഏക സര്‍ട്ടിഫൈഡ് സിവിലിയന്‍ ഡ്രോപ്പ് സോണ്‍ ആണിത്.

സ്‌കൈഹൈ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം എക്കൗണ്ടിലൂടെ ശ്രദ്ധയുടെ നേട്ടത്തിന്റെ വീഡിയോയും പങ്കിട്ടിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച സൈനിക ഓഫീസറായി വിരമിച്ച ബ്രിഗേഡിയര്‍ സൗരഭ് സിംഗ് ശെഖാവത്തിന്റെ അമ്മയായ ഡോ. ചൗഹാന്‍ അദ്ദേഹത്തിന്റെ സഹായത്തോടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. സ്‌കൈഡൈവിന് തയ്യാറെടുക്കുന്ന അമ്മയെ മകന്‍ സഹായിക്കുന്നതിന്റെ ദൃശ്യങ്ങളും സ്‌കൈഹൈ ഇന്ത്യ പങ്കിട്ട വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

അമ്മയ്‌ക്കൊപ്പം അവരുടെ 80-ാം ജന്മദിനത്തില്‍ ചാടാനായതിന്റെ അഭിമാനവും സന്തോഷവും സൗരഭ് സിംഗ് വീഡിയോയില്‍ പ്രകടിപ്പിക്കുന്നുണ്ട്. അമ്മയെ ചുംബിച്ചുകൊണ്ട് മകന്‍ ജന്മദിനാശംസകള്‍ നേരുന്നതും വീഡിയോയില്‍ കാണാം. ആകാശത്ത് ഒരു വിമാനം പോലെ പറക്കാന്‍ സാധിച്ചതിന്റെ സന്തോഷം ഡോ. ചൗഹാനും പങ്കുവെച്ചു. തന്റെ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ആഗ്രഹം മകന്‍ നിറവേറ്റി തന്നുവെന്നും വളരെ അഭിമാനകരമായ നിമിഷമാണിതെന്നും അവര്‍ പറയുന്നു.

സ്‌കൈഡൈവ് ചെയ്യുന്നതിന് മുമ്പ് ബ്രിഗേഡിയര്‍ അമ്മയെ സ്‌ട്രെച്ചിംഗ്, വാംഅപ്പ് വ്യായാമങ്ങള്‍ എന്നിവയില്‍ സഹായിക്കുന്നതും സ്‌കൈഹൈ ഇന്ത്യ പങ്കിട്ട വീഡിയോയില്‍ കാണിക്കുന്നുണ്ട്. സ്‌കൈഡൈവ് ചെയ്യുന്ന നിമിഷങ്ങളും ഗോപ്രോ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയിട്ടുണ്ട്. മനോഹരമായ പറക്കലിനുശേഷം മകനും അമ്മയും ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങുന്നു.

ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് ചൗഹാന്‍ ഭൂമിയിലേക്ക് ഇറങ്ങിയത്. അവരെ അഭിനന്ദിക്കാനും ജന്മദിനാശംസകള്‍ നേരാനും നിരവധി പേര്‍ ഒത്തുകൂടി. ഒരു അടിക്കുറിപ്പോടെയാണ് സ്‌കൈഹൈ ഇന്ത്യ ഈ അദ്ഭുത നിമിഷത്തിന്റെ വീഡിയോ പങ്കിട്ടിരിക്കുന്നത്. “ടാന്‍ഡം സ്‌കൈഡൈവ് ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിതയാണ് ശ്രദ്ധ ചൗഹാന്‍. ഇന്ത്യക്കകത്തുതന്നെ ഇത്തരമൊരു കാര്യം ചെയ്യുന്ന പ്രായം കൂടിയ വ്യക്തിയാണിവര്‍. ഒരു അമ്മ, ഒരു ചരിത്രനിമിഷം, ധൈര്യത്തിന് പ്രായമില്ല, സ്‌നേഹത്തിന് ഉയരമില്ല”, എന്ന് അടിക്കുറിപ്പില്‍ പറയുന്നു.