മുംബൈയിൽ 15 ദിവസം പ്രായമുള്ള നവജാതശിശുവിനെ ട്രെയിനിലെ സഹയാത്രികരെ ഏൽപിച്ച് അമ്മ മുങ്ങി; അന്വേഷണം ആരംഭിച്ച് പൊലീസ്|mother abandoned 15 days old newborn baby on train in mumbai
Last Updated:
ലഗേജ് എടുക്കാനെന്ന വ്യാജേന കുഞ്ഞിനെ യുവതികളെ ഏല്പിച്ച ശേഷം അമ്മ ട്രെയിനിൽ തിരികെ കയറി കടന്നുകളയുകയായിരുന്നു
മുംബൈ: 15 ദിവസം പ്രായമുള്ള നവജാതശിശുവിനെ ട്രെയിനിലെ സഹയാത്രികരെ ഏൽപിച്ച് അമ്മ കടന്നുകളഞ്ഞു. നവി മുംബൈയിലാണ് സംഭവം. ജൂൺ 30 തിങ്കളാഴ്ച ഉച്ചയോടെ ഹാർബർ ലൈനിൽ പൻവേലിലേക്കു പോകുന്ന ട്രെയിനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഹാര്‍ബര്‍ ലൈനില്‍ പന്‍വേലിലേക്കു പോവുകയായിരുന്ന സബര്‍ബന്‍ ട്രെയിനില്‍ വാതിലിനടുത്തിരുന്നാണ് യുവതി യാത്ര ചെയ്തത്. വലിയ ലഗേജും കുഞ്ഞും ഉള്ളതുകൊണ്ട് ട്രെയിനില്‍ നിന്നിറങ്ങാന്‍ തന്നെ സഹായിക്കണമെന്ന് യുവതി ഒപ്പമിരുന്ന രണ്ട് സഹയാത്രക്കാരികളോട് പറഞ്ഞു. അതോടെ ജുയിനഗർ സ്റ്റേഷനിൽ ഇറങ്ങേണ്ടിയിരുന്ന രണ്ടു യാത്രക്കാരികളും അടുത്ത സ്റ്റേഷനായ സീവുഡ്സ് വരെ യാത്ര നീട്ടി.
തുടർന്ന് സീവുഡ്സ് സ്റ്റേഷനിൽ എത്തിയപ്പോൾ രണ്ട് സ്ത്രീകൾ ആദ്യം ഇറങ്ങി. പിന്നാലെ ലഗേജ് എടുക്കാനെന്ന വ്യാജേന കുഞ്ഞിനെ യുവതികളെ ഏല്പിച്ച ശേഷം അമ്മ ട്രെയിനിൽ തിരികെ കയറി. എന്നാൽ ഏറെ നേരം കാത്തുനിന്നിട്ടും അമ്മ തിരിച്ചുവന്നില്ലെന്ന് യാത്രക്കാരികള്‍ പറയുന്നു. അപ്പോഴേക്കും ട്രെയിൻ വീണ്ടും ചലിച്ച് തുടങ്ങിയിരുന്നു. യുവതി ട്രെയിനിൽ കുടുങ്ങിയതാകുമെന്നും അടുത്ത സ്റ്റേഷനായ ബേലാപുരിൽ ഇറങ്ങി തിരിച്ചുവരുമെന്നും കരുതിയ സഹയാത്രക്കാർ കുഞ്ഞുമായി സ്റ്റേഷനിൽ കാത്തിരുന്നെങ്കിലും നിരാശ ആയിരുന്നു ഫലം.
തുടർന്ന് രണ്ടുപേരും കുഞ്ഞിനെയും കൊണ്ട് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തി സംഭവം അറിയിച്ചത്. ഉദ്യോഗസ്ഥൻ ഉടനെ തന്നെ വാഷി റെയിൽവേ പൊലീസിനെ വിവരം അറിയിച്ച് അമ്മയെ അന്വേഷിക്കാൻ ആവശ്യപ്പെട്ടു. 12 വയസ്സിന് താഴെയുള്ള കുട്ടിയെ ഉപേക്ഷിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 93 പ്രകാരം യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി സീവുഡ് സ്റ്റേഷൻ കഴിഞ്ഞ് അഞ്ച് സ്റ്റേഷനുകൾക്ക് അപ്പുറമുള്ള ഖണ്ഡേശ്വറിൽ ട്രെയിൻ ഇറങ്ങിയതായി കണ്ടെത്തി. പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ സഹിതം പരിശോധിച്ച പൊലീസ് യുവതിയ്ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ്.
അതേസമയം, കഴിഞ്ഞ ആഴ്ച സമാനമായ കേസ് നവി മുംബൈയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തക്ക കോളനിയിലെ റോഡരികിൽ ഒരു കൊട്ടയിൽ ഉപേക്ഷിച്ച നിലയിൽ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെപൻവേൽ ടൗൺ പൊലീസ് കണ്ടെത്തി. കുട്ടിയെ വളർത്താൻ തങ്ങൾക്ക് കഴിയില്ലെന്നും ക്ഷമിക്കണമെന്നുമുള്ള ഒരു കുറിപ്പ് മാതാപിതാക്കൾ കുട്ടിയോടൊപ്പം വച്ചിരുന്നു.
Mumbai,Maharashtra
July 03, 2025 9:01 AM IST
മുംബൈയിൽ 15 ദിവസം പ്രായമുള്ള നവജാതശിശുവിനെ ട്രെയിനിലെ സഹയാത്രികരെ ഏൽപിച്ച് അമ്മ മുങ്ങി; അന്വേഷണം ആരംഭിച്ച് പൊലീസ്