പ്രതിഷേധം ശക്തം: കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് ഡൽഹി സർക്കാർ പിൻവലിച്ചു Delhi government withdraws order not to provide fuel to old vehicles due to people protest
Last Updated:
വായു മലിനീകരണം തടയുന്നതിനായി കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ജൂലൈ ഒന്നു മുതൽ ഇന്ധനം നൽകുന്നത് ഡൽഹി സർക്കാർ നിരോധിച്ചിരുന്നു
കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകി ഡൽഹി സർക്കാർ. പൊതുജന ആശങ്കയും രോഷവും വർദ്ധിച്ചതിനെത്തുടർന്നാണ് നടപ്പിലാക്കി രണ്ട് ദിവസത്തിന് ശേഷം തീരുമാനം പിൻവലിക്കാൻ സർക്കാർ നിർദേശിച്ചത്.ദേശീയ തലസ്ഥാനത്ത് കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്കുള്ള ഇന്ധന നിരോധനത്തിനെതിരെ ഡൽഹിയിലെ ജനങ്ങളിൽ നിന്ന് വ്യാപകമായ പ്രതിഷേധവും പ്രതിപക്ഷ നേതാക്കളിൽ നിന്ന് വിമർശനവും ഉയർന്നതിനെ തുടർന്നാണ് നീക്കം.
നഗരത്തിലെ കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുന്നത് നിർബന്ധമാക്കുന്ന നിർദ്ദേശം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റിന് (CAQM) കത്തെഴുതി.
ജനങ്ങൾക്കിടയിലുള്ള അതൃപ്തി അംഗീകരിച്ച സിംഗ് സിർസ, സർക്കാർ അവർക്കൊപ്പം നിൽക്കുമെന്നും ദേശീയ തലസ്ഥാനത്ത് പഴയ വാഹനങ്ങൾ കണ്ടുകെട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു .”പഴയ വാഹനങ്ങൾ സ്വേച്ഛാധിപത്യപരമായി പിടിച്ചെടുക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. പഴയ വാഹനങ്ങൾ പിടിച്ചെടുക്കാൻ ഞങ്ങൾ അനുവദിക്കില്ല. അതേസമയം, ഡൽഹിയിലെ മലിനീകരണം നിയന്ത്രിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” സിർസ കൂട്ടിച്ചേർത്തു.
“ഡൽഹി നിവാസികൾ ഇതിനകം തന്നെ കാലപ്പഴക്കം ചെന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. നയം നടപ്പിലാക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തങ്ങളുടെ പക്കലില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സിഎക്യുഎം (കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ്) ചെയർമാന് കത്തെഴുതിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
ഡൽഹിയുടെ അയൽ നഗരങ്ങളായ നോയിഡ, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ നിന്നാണ് പഴയ വാഹന ഉടമകൾക്ക് ഇന്ധനം ലഭിക്കുന്നതെന്നും അവിടെ അത്തരമൊരു നയം നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.
ദേശീയ തലസ്ഥാന മേഖലയിലുടനീളം (എൻസിആർ) നിരോധനം നടപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും, അധിക പഴക്കം ചെന്ന വാഹനങ്ങൾക്ക് ശക്തമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചതിന് മുൻ ആം ആദ്മി പാർട്ടി ഭരണകൂടത്തെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.എഎൻപിആർ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ) ക്യാമറകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്നും ലൗഡ്‌സ്പീക്കറുകൾ തകരാറിലാണെന്നും ഡൽഹി-എൻസിആറിൽ ഉടനീളമുള്ള വാഹന ഡാറ്റയുമായി ഏകോപനമില്ലെന്നും സിർസ പറഞ്ഞു. ശരിയായ സംവിധാനങ്ങൾ നിലവിൽ വരുന്നതുവരെ, പിടിച്ചെടുക്കൽ തുടരരുതെന്നും പോളിസി പിൻവലിക്കണോ താൽക്കാലികമായി നിർത്തണോ എന്ന് സിഎക്യുഎമ്മിന് മാത്രമേ ഔദ്യോഗികമായി തീരുമാനിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തലസ്ഥാനത്ത് വായു മലിനീകരണം തടയുന്നതിനായി പഴയതും മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരവ് നടപ്പിലാക്കിയത്. 10 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ജൂലൈ 1 മുതൽ ഇന്ധനം നൽകുന്നത് ഡൽഹി സർക്കാർ നിരോധിച്ചിരുന്നു. രണ്ടാം ദിവസം, പഴക്കം ചെന്ന ഏഴ് വാഹനങ്ങൾ മാത്രമാണ് അധികൃതർ പിടിച്ചെടുത്തത്.
New Delhi,New Delhi,Delhi
July 03, 2025 10:28 PM IST