42 പേരുടെ മരണത്തിനിടയാക്കിയ തെലങ്കാന ഫാര്‍മ ഫാക്ടറി സ്‌ഫോടനത്തിന് കാരണമെന്ത്? What caused the Telangana pharma factory explosion that killed 42 people
Last Updated:
സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന കൂടുതല്‍ പേരും മരിച്ചതായാണ് വിവരം
തെലങ്കാനയിലെ സംഗറെഡ്ഡിയിലുള്ള സിഗാച്ചി ഫാര്‍മ ഇന്‍ഡസ്ട്രീസില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 42 പേരാണ് മരണപ്പെട്ടത്. ഹൈദരാബാദില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയായാണ് ഈ മരുന്ന് നിര്‍മ്മാണ ഫാക്ടറി സ്ഥിതിചെയ്യുന്നത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന കൂടുതല്‍ പേരും മരണപ്പെട്ടതായാണ് വിവരം
ദുരന്തത്തെ കുറിച്ചും അതിന്റെ അടിസ്ഥാന കാരണങ്ങളും അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ഉന്നതാധികാര സമിതിയെ നിയമിച്ചിട്ടുണ്ട്. സ്പ്രേ ഡ്രയറിനുള്ളിലെ മര്‍ദ്ദം വര്‍ദ്ധിച്ചതാകാം സ്‌ഫോടനത്തിന് കാരണമായതെന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. തൊഴിലാളികള്‍ സ്പ്രേ ഡ്രയര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മര്‍ദ്ദം വര്‍ദ്ധിച്ചതായി തോന്നിയെന്ന് ഇദ്ദേഹം പറയുന്നു.
രാസപദാര്‍ത്ഥങ്ങളുടെ സൂക്ഷ്മമായ കണികകള്‍ സ്‌ഫോടനത്തെയും തീപിടുത്തത്തെയും ത്വരിതപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഡീപോളിമറൈസ് ചെയ്ത സെല്ലുലോസ് ആയ മെക്രോക്രിസ്റ്റലിന്‍ സെല്ലുലോസ് (എംസിസി) ഫാക്ടറിയിൽ ഉത്പാദിപ്പിക്കുന്നതായി പോലീസ് ഒരു പ്രസ്താവനയില്‍ പറയുന്നു.
സ്പ്രേ ഡ്രയര്‍ സ്‌ഫോടനത്തിനുള്ള സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. രാസപ്രവര്‍ത്തനമോ രാസപൊടിപടലങ്ങളുടെ ജ്വലനമോ ആകാം സ്‌ഫോടനത്തിന്റെ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ദുരന്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി ദാമോദര്‍ രാജ നരസിംഹ തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 40-45 വര്‍ഷം പഴക്കമുള്ള കമ്പനി മൈക്രോ ക്രിസ്റ്റലിന്‍ സെല്ലുലോസ് നിര്‍മ്മിച്ചിരുന്നതായും മന്ത്രി അറിയിച്ചു.
പ്രഥമദൃഷ്ട്യ ഇത് ഒരു റിയാക്ടര്‍ സ്‌ഫോടനം അല്ലെന്നാണ് തൊഴില്‍ മന്ത്രി ജി വിവേക് പറയുന്നത്. എയര്‍ ഡ്രയര്‍ സിസ്റ്റത്തിലെ പ്രശ്‌നങ്ങളാകാം തീപിടുത്തത്തിനും സ്‌ഫോടനത്തിനും കാരണമായതെന്നാണ് കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് മരുന്ന് നിര്‍മ്മാണ രംഗത്ത് മുന്‍നിരയിലുള്ള കമ്പനിയാണ് സിഗാച്ചി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ (എപിഐ), ഇന്റര്‍മീഡിയറ്റുകള്‍, എക്‌സിപിയന്റുകള്‍, വിറ്റാമിന്‍-മിനറല്‍ മിശ്രിതങ്ങള്‍, ഓപ്പറേഷന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് സേവനങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയാണിത്.
സ്‌ഫോടനത്തെ തുടര്‍ന്ന് സുരക്ഷാവീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ടോ എന്നതില്‍ തെലങ്കാന ബിജെപി ആശങ്ക അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തന ലൈസന്‍സും സുരക്ഷാ അനുമതികളും കാണാനില്ലെന്നും ബിജെപി ചൂണ്ടിക്കാട്ടി. സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കൂടുതല്‍ പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്‌ഫോടന സമയത്ത് 108 തൊഴിലാളികള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നതായാണ് വിവരം. മരിച്ചവരില്‍ ഭൂരിഭാഗവും ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തൊഴിലാളികള്‍ ദൂരത്തേക്ക് തെറിച്ചുവീണതായും ദൃക്‌സാക്ഷികള്‍ പറയുന്നു. ചിലരുടെ ശരീരം കഷ്ണങ്ങളായി ചിതറുകയും തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തികരിയുകയും ചെയ്ത നിലയിലായിരുന്നു. ഡിഎന്‍എ പരിശോധനകള്‍ നടത്തിയാണ് ഇവരെ തിരിച്ചറിഞ്ഞത്. ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെ വരെ സ്‌ഫോടന ശബ്ദം കേള്‍ക്കാമായിരുന്നു. 15 ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീ അണച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരോടുള്ള ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
July 01, 2025 1:47 PM IST