സോണിയയ്ക്കും രാഹുലിനും എതിരെ ED; കോൺഗ്രസിന്റെ പേരിൽ യങ് ഇന്ത്യ പുന:സ്ഥാപിച്ചത് സ്വത്തു തട്ടിയെടുക്കാനെന്ന് കോടതിയിൽ | ED alleges sonia gandhi and rahul gandhi stared young india to transfer assets
സ്വാതന്ത്ര്യ സമര നായകനായിരുന്ന ലാലാ ലാജ്പത് റായി 1916 ൽ രചിച്ച പുസ്തകത്തിന്റെ പേരിൽ 1919 മുതല്‍ 1931 വരെ മഹാത്മാഗാന്ധി നടത്തിയ പ്രസിദ്ധീകരണമാണ് യംഗ് ഇന്ത്യ.
യംഗ് ഇന്ത്യന്റെ ഡയറക്ടര്‍മാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കന്മാരായിരുന്നുവെന്നും യംഗ് ഇന്ത്യന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മറ്റൊരു മുഖം മാത്രമാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയോട് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന ആര്‍ക്കും സ്ഥാപനത്തിന്റെ താത്പര്യം നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഇഡി പറഞ്ഞു. ഗാന്ധി കുടുംബം പ്രധാന ഓഹരി ഉടമകളെ ഒഴിവാക്കിയെന്നും എജെഎല്ലിനെ മാത്രമല്ല, അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയെയും(എഐസിസി) വഞ്ചിച്ചതായും ഇഡി വാദിച്ചു.
എജെഎല്ലില്‍ കോണ്‍ഗ്രസ് ഓഹരി ഉടമയാകാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. പ്രിയങ്ക ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള ട്രസ്റ്റിന് ചില ഓഹരികളുണ്ടെന്നും എന്നാല്‍ 50 ശതമാനം ഓഹരികളില്ലെന്നും ഇഡി പറഞ്ഞു. എജെഎല്ലിന് മറ്റ് ഓഹരി ഉടമകളുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.
2011 ജനുവരി 21ന് ലഖ്നൗവില്‍ നടന്ന ഒരു യോഗത്തില്‍ എജെഎല്ലിന്റെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാനും 90.2 കോടി രൂപയുടെ വായ്പയ്ക്ക് പകരമായി യംഗ് ഇന്ത്യന്‍ 9.02 കോടി രൂപയുടെ ഓഹരികള്‍ നല്‍കാനും തീരുമാനിച്ചതായും ഇഡി അറിയിച്ചു.
എന്നാല്‍ ഈ യോഗത്തില്‍ എജെഎല്ലിന്റെ ഭൂരിഭാഗം ഓഹരി ഉടമകളും പങ്കെടുത്തിരുന്നില്ല. കേസില്‍ പ്രതികളായ രണ്ടുപേര്‍ ഉള്‍പ്പെടെ ഏഴ് അംഗങ്ങള്‍ മാത്രമുള്ളപ്പോള്‍ എജെഎല്ലിന്റെ 99 ശതമാനം ഓഹരികളും യംഗ് ഇന്ത്യന്‍ നല്‍കാനുള്ള നിര്ണാണയക തീരുമാനം എടുത്തതായി ഇഡി പറഞ്ഞു. അതേസമയം, ഭൂരിഭാഗം ഓഹരി ഉടമകളെയും യോഗത്തിലേക്ക് വിളിക്കാന്‍ ന്യായമായ ശ്രമങ്ങള്‍ നടത്തിയില്ലെന്നും അവര്‍ പറഞ്ഞു.
കേസില്‍ ബുധനാഴ്ച ഇഡിയുടെ വാദം കേള്‍ക്കുന്നതിനിടെ എജെഎല്ലിന്റെ ഓഹരി പങ്കാളിത്തത്തെക്കുറിച്ചും എജെഎല്ലിന് വായ്പ നല്കിയതിനാല് കോണ്‍ഗ്രസ് ഇരയാണോയെന്നും ഡല്‍ഹയിലെ റൗസ് അവന്യൂ കോടതി ഇഡിയോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. 2000 കോടി രൂപയുടെ ആസ്തിയുള്ള എജെഎല്ലിന്റെ ആസ്തികള്‍ തട്ടിയെടുക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എഎസ്ജി രാജു വാദിച്ചു. ഇക്കാര്യം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സ്പെഷ്യല്‍ ജഡ്ജി വിശാല്‍ ഗോഗ്നെ ഏകദേശം മൂന്ന് മണിക്കൂറോളമാണ് വാദം കേട്ടത്.
യംഗ് ഇന്ത്യനെ സൃഷ്ടിച്ചുകൊണ്ട് എജെഎല്ലിന്റെ 2000 കോടി രൂപയുടെ ആസ്തികള്‍ തട്ടിയെടുക്കാനാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. കോണ്‍ഗ്രസ് നല്കിയ 90 കോടി രൂപയുടെ വായ്പയ്ക്ക് പകരമായി യംഗ് ഇന്ത്യന്‍ വെറും 50 ലക്ഷം രൂപയ്ക്ക് എജെഎല്‍ സ്വന്തമാക്കിയെന്നും ഇഡി വാദിച്ചു. ആരോപണവിധേയരായ ഡോട്ടെക്സ് എന്ന സ്ഥാപനം യംഗ് ഇന്ത്യന്‍ ഒരു കോടി രൂപ വായ്പ നല്‍കിയെന്നും അതില്‍ 50 ലക്ഷം രൂപ എഐസിസിക്ക് നല്‍കിയെന്നും ഇഡി പറഞ്ഞു. ഇതിലൂടെ യംഗ് ഇന്ത്യന്‍ 50 ലക്ഷം രൂപയ്ക്ക് എജെഎല്ലിന്റെ ഉടമയായി.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സുമന് ദുബെ, സാം പിട്രോഡ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍, യംഗ് ഇന്ത്യന്‍, ഡോട്ടെക്സ് എന്നീ സ്ഥാപനങ്ങള്‍, സുനില്‍ ഭണ്ഡാരി എന്നിവർക്ക് എതിരെയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്.
July 04, 2025 11:06 AM IST
സോണിയയ്ക്കും രാഹുലിനും എതിരെ ED; കോൺഗ്രസിന്റെ പേരിൽ യങ് ഇന്ത്യ പുന:സ്ഥാപിച്ചത് സ്വത്തു തട്ടിയെടുക്കാനെന്ന് കോടതിയിൽ