Leading News Portal in Kerala

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രയിൻ ഡൽഹിയിലേക്ക്; രാജസ്ഥാനിൽ 657 കിലോമീറ്റര്‍ ദൂരം Mumbai-Ahmedabad Bullet Train extends to Delhi 657 km in Rajasthan


Last Updated:

രാജസ്ഥാനിലെ ഏഴ് ജില്ലകളിലായി 335 ഗ്രാമങ്ങളിലൂടെയാകും അതിവേഗ റയില്‍വേ ഇടനാഴി കടന്നു പോവുക

 പ്രതീകാത്മക ചിത്രം പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ-അഹമ്മദാബാദ് അതിവേഗ റയില്‍വേ ഇടനാഴി ഡല്‍ഹി വരെ നീട്ടാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു. ഇതോടെ രാജസ്ഥാനില്‍ ബുള്ളറ്റ് ട്രെയിന്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നതായാണ് റിപ്പോര്‍ട്ട്. കാരണം ഇടനാഴിയുടെ ഭൂരിഭാഗവും കടന്നുപോകുന്നത് രാജസ്ഥാനിലെ ഗ്രാമങ്ങളിലൂടെയായിരിക്കും. ഉദയ്പൂര്‍, അജ്മീര്‍, അല്‍വാര്‍ തുടങ്ങി രാജസ്ഥാനിലെ പ്രധാന നഗരങ്ങളിലൂടെയായിരിക്കും ഈ അതിവേഗ റയില്‍വേ പാത കടന്നുപോകുക.

508 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മുംബൈ- അഹമ്മദാബാദ് പാത വരുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. പാതയുടെ 300 കിലോമീറ്റര്‍ ട്രാക്ക് ജോലികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ബുള്ളറ്റ് ട്രെയിന്‍ ഈ പാതയിലൂടെ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ ഡല്‍ഹി-അഹമ്മദാബാദ് അതിവേഗ റയില്‍ ഇടനാഴിയുടെ വിശദമായ ഡിപിആര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രേഖാമൂലമുള്ള മറുപടിയില്‍ സ്ഥിരീകരിച്ചിരുന്നു. ഡിപിആര്‍ പരസ്യമാക്കിയിട്ടില്ലെങ്കിലും റിപ്പോര്‍ട്ടിന്റെ സാധ്യത റയില്‍വേ മന്ത്രാലയം പരിശോധിച്ചുവരികയാണ്.

ഡല്‍ഹി-അഹമ്മദാബാദ് നിര്‍ദ്ദിഷ്ട അതിവേഗ റയില്‍വേ ഇടനാഴി വരുന്നത് 878 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ്. ഇതില്‍ 75 ശതമാനം പാതയും കടന്നുപോകുന്നത് രാജസ്ഥാനിലൂടെയായിരിക്കും. അതായത് പാതയുടെ ഏതാണ്ട് 657 കിലോമീറ്റര്‍ ദൂരം വരുന്നത് സംസ്ഥാനത്തിനകത്തെ വിവിധ ജില്ലകളിലൂടെയായിരിക്കും. രാജസ്ഥാനില്‍ ജോധ്പൂര്‍ റയില്‍വേ ഡിവിഷനു കീഴില്‍ വരുന്ന നാഗൗര്‍ ജില്ലയിലെ നവ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ സാംഭര്‍ തടാകത്തിന് സമീപം ബുള്ളറ്റ് ട്രെയിനിനായുള്ള ഒരു അതിവേഗ ട്രയല്‍ ട്രാക്കിന്റെ നിര്‍മ്മാണവും പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്.

ബുള്ളറ്റ് ട്രെയിന്‍ കടന്നുപോകുന്ന രാജസ്ഥാനിലെ ജില്ലകള്‍ 

ഡല്‍ഹി-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴി രാജസ്ഥാനിലെ ഏഴ് ജില്ലകളിലായി 335 ഗ്രാമങ്ങളിലൂടെ കടന്നുപോകും. ഇതില്‍ അല്‍വാര്‍, ജയ്പൂര്‍, അജ്മീര്‍, ഭില്‍വാര, ചിറ്റോര്‍ഗഡ്, ഉദയ്പൂര്‍, ദുന്‍ഗര്‍പൂര്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ പാതയില്‍ പതിനൊന്ന് സ്റ്റേഷനുകളാണ് വരുന്നത്. ഇതില്‍ ഒന്‍പത് സ്റ്റേഷനുകളും രാജസ്ഥാനിലായിരിക്കും. പ്രത്യേകിച്ചും ഉദയ്പൂര്‍, ദുന്‍ഗര്‍പൂര്‍ (ഖേര്‍വാര), ഭില്‍വാര, ചിറ്റോര്‍ഗഡ്, അജ്മീര്‍, കിഷന്‍ഗഡ്, ജയ്പൂര്‍, അല്‍വാര്‍ (ബെഹ്‌റോര്‍) എന്നിവിടങ്ങളിലായിരിക്കും സ്‌റ്റേഷനുകള്‍ വരുന്നത്.

വളരെക്കാലമായി കാത്തിരുന്ന അതിവേഗ റയില്‍ കണക്റ്റിവിറ്റിയായ ജോധ്പൂര്‍ ഈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമാകില്ല. അഹമ്മദാബാദ്-ഡല്‍ഹി ഇടനാഴിയുടെ പ്രാരംഭ സര്‍വേയില്‍ നിന്നും അന്തിമ ഡിപിആറില്‍ നിന്നും നഗരത്തെ ഒഴിവാക്കിയിരുന്നു. 800 കോടി രൂപ ചെലവില്‍ ജോധ്പൂര്‍ റയില്‍വേ ഡിവിഷനില്‍ 64 കിലോമീറ്റര്‍ നീളമുള്ള ഒരു അതിവേഗ പരീക്ഷണ റയില്‍വേ ട്രാക്ക് നിര്‍മ്മിക്കുന്നുണ്ട്. ഇവിടെയായിരിക്കും മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനും ആദ്യം ഓടുക. നിലവില്‍ ജോധ്പൂരില്‍ നിന്ന് മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമുള്ള യാത്രയ്ക്ക് 11 മുതല്‍ 16 മണിക്കൂര്‍ വരെയാണ് സമയം എടുക്കുന്നത്.

ഡല്‍ഹി-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വരുന്നതോടെ ഉദയ്പൂരിന് കാര്യമായ നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് നദികളിലൂടെയും എട്ട് തുരങ്കങ്ങളിലൂടെയും ജില്ലയില്‍ ആകെ 127 കിലോമീറ്റര്‍ പാതയാണ് നിര്‍മ്മിക്കുക. ബുള്ളറ്റ് ട്രെയിന്‍ ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 21-ല്‍ നിന്ന് ആരംഭിച്ച് ചൗമയിലെ ഗുരുഗ്രാമിലൂടെ മനേസര്‍, റെവാരി വഴി അല്‍വാറിന്റെ ഷാജഹാന്‍പൂര്‍ അതിര്‍ത്തിയിലേക്ക് പോകും. ഇത് ദേശീയ പാത 48-ന് സമാന്തരമായി കടന്ന് ജയ്പൂര്‍, അജ്മീര്‍, ഭില്‍വാര, ചിറ്റോര്‍ഗഡ്, ദുന്‍ഗര്‍പൂര്‍ എന്നീ നഗരങ്ങളിലൂടെ കടന്ന് ഒടുവില്‍ അഹമ്മദാബാദില്‍ എത്തിച്ചേരും.