കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭിച്ചു; ആറ് വര്‍ഷത്തിന് ശേഷമുള്ള തീർത്ഥാടനത്തിൽ അനുമതി 750 പേർക്ക് | Kailash Mansarovar Yatra Resumes After 6 Years
Last Updated:
ഭക്തരുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ് കൈലാസ്-മാനസരോവര്‍ തീര്‍ത്ഥാടനം
നീണ്ട ആറുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കൈലാസ്-മാനസരോവര്‍ യാത്ര പുനരാരംഭിച്ചു. ഗാല്‍വാന്‍ താഴ്വരയില് ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സംഘര്‍ഷം വര്‍ധിച്ചതും കോവിഡ് 19 വ്യാപനവും കാരണം ആറ് വര്‍ഷത്തോളം ഇവിടേക്കുള്ള തീര്‍ത്ഥാടനം നിറുത്തിവെച്ചിരിക്കുകയായിരുന്നു.
ജൂണ്‍ 21ന് ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ആദ്യ സംഘം സിക്കിമിലെ നാഥു ലാ പാസ് വഴി ടിബറ്റിലെ പുണ്യസ്ഥലത്തേക്ക് പ്രവേശിച്ചു. ഈ വര്‍ഷം 5500 അപേക്ഷകരില്‍ നിന്ന് 750 പേരെയാണ് തീര്‍ത്ഥാടനത്തിനായി തിരഞ്ഞെടുത്തത്. കംപ്യൂട്ടറൈസ്ഡ് ലോട്ടറിയിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് തീര്‍ത്ഥാടന കാലഘട്ടം. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് വര്‍ഷം തോറും ഈ പുണ്യയാത്ര സംഘടിപ്പിക്കുന്നത്. രണ്ട് വഴികളിലൂടെ തീര്‍ത്ഥാടകര്‍ക്ക് കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് പോകാന്‍ കഴിയും. ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ്, സിക്കിമിലെ നാഥു ലാ പാസ് എന്നിവയാണവ. 23 മുതല്‍ 25 ദിവസം വരെ നീളുന്നതാണ് തീര്‍ത്ഥാടന കാലയളവ്. ഇതില്‍ 45 കിലോമീറ്റര്‍ നീളുന്ന, വളരെയധികം വെല്ലുവിളി നിറഞ്ഞ ട്രെക്കിംഗും ഉള്‍പ്പെടുന്നു.
ഭക്തരുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ് കൈലാസ്-മാനസരോവര്‍ തീര്‍ത്ഥാടനം. ഇവിടെ എത്തിയ തീര്‍ത്ഥാടകരില്‍ പലരും വികാരനിര്‍ഭരരായി കാണപ്പെട്ടുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു. ഇവിടെ മാനസരോവര്‍ തടാകത്തിന്റെ തീരത്ത് ഭക്തര്‍ ഗംഗാജലം തളിച്ചു പ്രാര്‍ത്ഥിച്ചതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. തടാകത്തില്‍ കുളിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും കാലുകുത്തുന്നത് പോലും ജീവിതകാലത്തെ മുഴുവന്‍ പാപങ്ങളും കഴുകിക്കളയുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.
”മുഴുവന്‍ പ്രപഞ്ചവും നിലനില്‍ക്കുന്നത് കൈലാസത്തെ ചുറ്റിയാണെന്ന് പറയപ്പെടുന്നു. ഇവിടം പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ ഇപ്പോള്‍ നില്ക്കുമ്പോള് അത് വാക്കുകള്‍ക്കൊണ്ട് വിവരിക്കാന്‍ കഴിയാത്ത വികാരമാണ് അനുഭവപ്പെടുന്നത്,” ഒരു തീര്ത്ഥാടകന് പറഞ്ഞതായി എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കൈലാസ് മാനസരോവർ യാത്രയ്ക്ക് സാംസ്കാരികവും ആത്മീയവുമായ പശ്ചാത്തലമുണ്ട്. ഹിന്ദു, ജൈന, ബുദ്ധ മതക്കാർ ഇവിടെ തീർത്ഥാടകരായി എത്താറുണ്ട്. നൂറുകണക്കിന് യാത്രികരാണ് ഓരോ വർഷവും ഇവിടം സന്ദർശിച്ച് മടങ്ങുന്നത്.
July 05, 2025 9:50 AM IST