അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; കേരളത്തിൽ സ്വകാര്യ ബസ് സമരം തുടങ്ങി| 24-hour nationwide strike called by opposition trade unions to begin from midnight
Last Updated:
പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ ഭാഗമാകും. 17 ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കുന്നത്
ന്യൂഡൽഹി/ തിരുവനന്തപുരം: കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും. കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ വെവ്വേറെയാണ് പണിമുടക്കുന്നത്. ഐഎൻടിയുസി ഉൾപ്പെടെയുള്ള യുഡിഎഫ് സംഘടനകൾ സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധവും ഉയർത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ ഭാഗമാകും. 17 ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കുന്നത്. ഇതിൽ പ്രധാനം തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്ര സർക്കാർ ഉപേക്ഷിക്കുക എന്നതാണ്. ഈ ലേബർ കോഡ് നിലവിൽ വന്നാൽ ട്രേഡ് യൂണിയനുകളുടെ ഇടപെടൽ തൊഴിൽ മേഖലയിൽ കുറയും.
വ്യവസായ സൗഹൃദ നയത്തിന്റെ പേരിൽ ഉടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും കേന്ദ്ര സർക്കാരിന് സാധ്യമാകും എന്നാണ് ട്രേഡ് യൂണിയനുകൾ ആരോപിക്കുന്നത്. കൂടാതെ എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും സ്കീം വർക്കർമാർക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുക എന്നിവയും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. 10 വർഷമായി കേന്ദ്ര സർക്കാർ തൊഴിലാളികളുമായി ചർച്ച നടത്തിയിട്ടില്ലെന്നും തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്യുഎ, എഐസിസിടിയു, എല്പിഎഫ്, യുടിയുസി എന്നീ 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സംയുക്ത കിസാൻ മോർച്ചയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യ – വ്യവസായ മേഖലയിലെ തൊഴിലാളികളും, കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാർ, ബാങ്ക് ഇൻഷുറൻസ് തപാൽ ടെലികോം തുടങ്ങിയ മേഖലയിലെ ജീവനക്കാരും പണിമുടക്കിൽ ഭാഗമാകും. പാൽ ആശുപത്രി അടക്കമുള്ള അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങി. ഗതാഗത കമ്മീഷണറുമായി ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതിനാൽ ബസുടമ സംയുക്ത സമിതി സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു. 22 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പിന്റെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് കാലോചിതമായി വർധിപ്പിക്കുക, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ- ചെല്ലാൻ വഴിയുള്ള അന്യായമായ പിഴ ചുമത്തൽ അവസാനിപ്പിക്കുക, ബസുകളിൽ മാത്രം ജിപിഎസ് സ്പീഡ് ഗവർണർ ക്യാമറകൾ തുടങ്ങിയ വിലകൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അടിച്ചേൽപിക്കുന്ന ഗതാഗത വകുപ്പിന്റെ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
New Delhi,New Delhi,Delhi
July 08, 2025 7:11 AM IST