Leading News Portal in Kerala

ഇന്ത്യ- പാക് സംഘര്‍ഷത്തിനു പിന്നാലെ ചൈന റാഫേല്‍ യുദ്ധവിമാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ പ്രചാരണം നടത്തി | China rallied against damaging the reputation of Rafale fighter jets after India-Pak conflict


വിവിധ ചൈനീസ് എംബസികളിലെ പ്രതിരോധ അറ്റാച്ചുകള്‍ റാഫേലിന്റെ യുദ്ധ പ്രകടനത്തില്‍ സംശയം പ്രകടിപ്പിച്ചതായി ഒരു ഫ്രഞ്ച് രഹസ്യാന്വേഷണ സര്‍വീസ് കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന ഇന്തോനേഷ്യ പോലെയുള്ള രാജ്യങ്ങളെ അത് കൂടുതല്‍ വാങ്ങരുതെന്ന് ബോധ്യപ്പെടുത്തുകയും വാങ്ങാന്‍ സാധ്യതയുള്ള മറ്റ് രാജ്യങ്ങളെ ചൈനീസ് നിര്‍മിത ബദലുകള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഡസ്സോള്‍ട്ട് ഏവിയേഷന്‍ നിര്‍മിച്ച റാഫേല്‍ യുദ്ധവിമാനം ഫ്രാന്‍സിന്റെ പ്രതിരോധ കയറ്റുമതിയില്‍ പ്രധാന പങ്കുവഹിക്കുന്നു. എട്ടോളം രാജ്യങ്ങള്‍ക്ക് ഇതുവരെ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വിറ്റിട്ടുണ്ട്. ഫ്രാന്‍സിന്റെ സൈനിക പങ്കാളിത്തത്തില്‍, ചൈനയ്ക്ക് സ്വാധീനം വളരുന്ന ഏഷ്യയില്‍ ഇത് ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്.

മേയ് മാസത്തില്‍ പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യ റാഫേല്‍ ഉപയോഗിച്ചിരുന്നു. മൂന്ന് റാഫേല്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടതായി പാകിസ്ഥാന്‍ പിന്നീട് അവകാശപ്പെട്ടിരുന്നു. ഇന്ത്യ നഷ്ടങ്ങള്‍ സംഭവിച്ചതായി സമ്മതിച്ചുവെങ്കിലും കണക്കുകള്‍ സ്ഥിരീകരിച്ചിരുന്നില്ല.

പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യക്ക് മൂന്ന് വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി ലഭ്യമായ തെളിവുകള്‍ വ്യക്തമാക്കുന്നതായി ഫ്രഞ്ച് വ്യോമസേനാ മേധാവി ജനറല്‍ ജെറോം ബെല്ലാംഗര്‍ പറഞ്ഞു. ഒരു റാഫേല്‍, ഒരു റഷ്യന്‍ സുഖോയ്, ഒരു മിറേജ് 2000 എന്നിവയാണ് ഇന്ത്യക്ക് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തില്‍ റാഫേല്‍ തകർക്കപ്പെടുന്ന ആദ്യ സംഭവമാണിത്.

ഏറ്റുമുട്ടലിന് പിന്നാലെ റാഫേല്‍ വിമാനങ്ങള്‍ കൈവശമുള്ള രാജ്യങ്ങള്‍ അതിന്റെ യുദ്ധ പ്രകടനത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. ചൈനയും പാകിസ്ഥാനുമായും ബന്ധമുള്ള ഒരു വ്യാജപ്രചാരണം ഓണ്‍ലൈനില്‍ വേഗത്തില്‍ പ്രചരിച്ചതായി ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതില്‍ വ്യാജ വീഡിയോകള്‍, എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഉള്ളടക്കം, യഥാര്‍ത്ഥ യുദ്ധം പോലെ തോന്നിപ്പിക്കുന്ന വീഡിയോ ഗെയിം ഫൂട്ടേജുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. അതേസമയം, പുതിയതായി സൃഷ്ടിച്ച ആയിരക്കണക്കിന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ചൈനീസ് സൈനിക സാങ്കേതികവിദ്യ മികച്ചതാണെന്ന സന്ദേശവും പ്രചരിപ്പിച്ചു.

ഇത്തരത്തില്‍ ഓണ്‍ലൈന്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാരുമായി നേരിട്ട് ബന്ധമുണ്ടോയെന്ന കാര്യം ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, റാഫേല്‍ യുദ്ധവിമാനം വാങ്ങുന്നവരും അത് വാങ്ങാന്‍ പരിഗണിക്കുന്നവരും ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളിലെ പ്രതിരോധ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളില്‍ ചൈനീസ് എംബസി ഉദ്യോഗസ്ഥര്‍ ഇതേ വികാരം പ്രകടിപ്പിച്ചതായും ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു.

ആരോപണങ്ങള്‍ ചൈന നിഷേധിച്ചിട്ടുണ്ട്. ഇത്തരം അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമായ കിംവദന്തികളും അപവാദപ്രചാരണങ്ങളുമാണെന്ന് ചൈനയുടെ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ആയുധകയറ്റുമതിയില്‍ തങ്ങള്‍ ഉത്തരവാദിത്വമുള്ള നയമാണ് പിന്തുടരുന്നതെന്നും അവര്‍ വാദിച്ചു.

റാഫേലിനെ ലക്ഷ്യം വെച്ചുള്ള തെറ്റായ വിവര പ്രചാരണം മാത്രമായിരുന്നു ഇതെന്ന് ഫ്രാന്‍സിന്റെ പ്രതിരോധമന്ത്രാലയം പ്രതികരിച്ചു. ആക്രമണം ഒരു യുദ്ധവിമാനത്തിനെതിരേ മാത്രമായിരുന്നില്ലെന്നും മറിച്ച് ഫ്രാന്‍സിന്റെ പ്രതിരോധരംഗത്തെ വിശ്വാസ്യതയെയും വ്യാവസായിക ശക്തിയെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടുമായി ഇതുവരെ ഡസ്സോള്‍ട്ട് ഏവിയേന്‍ 533 റാഫേലുകളാണ് വിറ്റത്. ഇതില്‍ 323 എണ്ണം ഈജിപ്ത്, ഇന്ത്യ, യുഎഇ, ഗ്രീസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് വാങ്ങിയത്. അതേസമയം, ഇതിനോടകം 42 വിമാനങ്ങള്‍ക്ക് ഓഡര്‍ ചെയ്തിട്ടുള്ള ഇന്തോനേഷ്യ കൂടുതല്‍ വാങ്ങാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഏഷ്യയില്‍ ഫ്രാന്‍സിന്റെ വളര്‍ന്നുവരുന്ന പ്രതിരോധ ബന്ധങ്ങള്‍ ദുര്‍ബലപ്പെടുത്തുക എന്നതാണ് ചൈനയുടെ ലക്ഷ്യമെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്തോ-പസഫിക്കിലെ പാശ്ചാത്യ സ്വാധീനം പരിമിതപ്പെടുത്താനും പകരം ചൈനയുടെ പ്രതിരോധ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും ഈ പ്രചാരണം സഹായിച്ചേക്കുമെന്നും  ലണ്ടനിലെ റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈനിക വിശകലന വിദഗ്ധനായ ജസ്റ്റിന്‍ ബ്രോങ്കോ അഭിപ്രായപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/India/

ഇന്ത്യ- പാക് സംഘര്‍ഷത്തിനു പിന്നാലെ ചൈന റാഫേല്‍ യുദ്ധവിമാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ പ്രചാരണം നടത്തി