Leading News Portal in Kerala

‘ദിവസം 35 ലക്ഷം യാത്രക്കാര്‍’; മുംബൈയിലെ 800 ഓഫീസുകളുടെ സമയം മാറ്റണമെന്ന് സെന്‍ട്രല്‍ റെയില്‍വെ | Central Railway urges 800 Mumbai offices to stagger timings


സെന്‍ട്രല്‍ റെയില്‍വേയില്‍ ദിവസേന 1810 ലോക്കല്‍ ട്രെയിനുകളിലായി 35 ലക്ഷത്തിലധികം പേരാണ് യാത്ര ചെയ്യുന്നത്. സെന്‍ട്രല്‍ റെയില്‍വേയില്‍ ഏറ്റവും ചെലവ് കുറഞ്ഞതും വേഗതയേറിയതും ജനപ്രിയവുമായ ഗതാഗത സേവനം ഉള്ളതിനാല്‍ ട്രെയിനുകളില്‍ തിരക്ക് തുടരുകയാണ്. ഇത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു.

ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിനും താനെയ്ക്കും ഇടയിലുള്ള ഭാഗത്താണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.

തിരക്കേറിയ സമയം ഏതാണ്?

രാവിലെ എട്ടുമുതല്‍ പത്ത് വരെയും വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെയുമാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.

സെന്‍ട്രല്‍ റെയില്‍വേയുടെ കത്ത് ലഭിച്ച സ്ഥാപനങ്ങള്‍ ഏതൊക്കെ?

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, കോര്‍പ്പറേറ്റ് ഓഫീസുകള്‍, വിവിധ കോര്‍പ്പറേഷനുകള്‍, ബാങ്കുകള്‍, മുനിസിപ്പാലിറ്റികള്‍, കോളേജുകള്‍ മുതലായവയ്ക്കാണ് സെൻട്രൽ റെയിൽവേ കത്ത് നല്‍കിയത്.

സെന്‍ട്രല്‍ റെയില്‍വേയില്‍ പുതിയ പാതകള്‍ സാധ്യമാണോ?

മുംബൈയിലെ ജനസംഖ്യ അതിവേഗം വര്‍ധിച്ചുവരുന്നതിനാല്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും പുതിയ സിആര്‍ ലൈനുകള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സിഎസ്എംടിയില്‍ നിന്ന് കല്യാണിലേക്ക് പുതിയ ലൈന്‍ സ്ഥാപിക്കുന്നതിന് സ്ഥലപരിമിതി നേരിടുന്നുണ്ട്.

അതിനാല്‍ ഓഫീസ് സമയക്രമം മാറ്റുന്നത് തിരക്ക് നിയന്ത്രിക്കാനും മുംബൈക്കാരുടെ യാത്ര സുരക്ഷിതവും സുഖകരവുമാക്കാനും സഹായിക്കുമെന്ന് കത്തില്‍ പറയുന്നു

മുംബ്ര അപകടം

താനെയിലെ മുംബ്രയ്ക്ക് സമീപം തിരക്കേറിയ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിലേക്കുള്ള ട്രെയിനില്‍ നിന്ന് എട്ട് യാത്രക്കാര്‍ അടുത്തിടെ വീണിരുന്നു. മുംബൈ സബര്‍ബനിലെ നിര്‍മ്മാണത്തിലിരിക്കുന്ന എല്ലാ റേക്കുകളിലും ഓട്ടോമാറ്റിക് ഡോര്‍ ക്ലോഷര്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്.

2005 മുതല്‍ 2024 ജൂലൈ വരെ 51,802 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 51802 മരണങ്ങളില്‍ 22,481 എണ്ണം വെസ്റ്റേണ്‍ റെയില്‍വേയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 29,321 എണ്ണം സെന്‍ട്രല്‍ റെയില്‍വെയിലുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കല്യാണ്‍, താനെ, വസായ്, ബോറിവ്‌ലി എന്നീ നാല് സ്‌റ്റേഷനുകളിലാണ് മരണനിരക്ക് കൂടുതല്‍.

ട്രെയ്‌നുകളില്‍ നിന്ന് വീഴുന്നതും അശ്രദ്ധമായി പാളങ്ങള്‍ മുറിച്ചുകടക്കുന്നതുമാണ് റെയില്‍വെ മരണങ്ങളുടെ പ്രധാന കാരണങ്ങള്‍.

മുംബൈയിലെ സബര്‍ബന്‍ റെയില്‍വെയിലെ മരണങ്ങളുടെ പ്രധാന കാരണങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു.

1. ലൈന്‍ ക്രോസിംഗ്: 2023 ല്‍ ഏറ്റവും കൂടുതല്‍ ലൈന്‍ ക്രോസിംഗ് മരണങ്ങള്‍ താനെയിലാണ്(179) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  തൊട്ടുപിന്നില്‍ ബോറിവലി(154)യാണ്. 2024ലും താനെ തന്നെയാണ് മുന്നില്‍(151), രണ്ടാം സ്ഥാനത്ത് ബോറിവ്‌ലി(137) ഉണ്ട്.

2. ട്രെയിനുകളില്‍ നിന്ന് വീണുള്ള മരണം: 2023ല്‍ ട്രെയിനുകളില്‍ നിന്ന് വീണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് കല്യാണിലാണ്(114). തൊട്ടുപിന്നില്‍ വസായി(45). 2024ലും കല്യാണ്‍ തന്നെയാണ് ഒന്നാമത്(116), വസായി തന്നെയാണ് രണ്ടാമത്.