23 ലക്ഷം രൂപയ്ക്ക് ഇന്ത്യക്കാര്‍ക്ക് ജീവിതകാലം മുഴുവനുമുള്ള ഗോള്‍ഡ് വിസ ലഭിക്കുമോ? വിശദീകരണവുമായി യുഎഇ | UAE clarifies on lifetime golden visa for Indians for Rs 23 lakh
എന്നാല്‍ യുഎഇ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ഇപ്പോൾ. ഇത്തരമൊരു ആജീവനാന്ത വിസ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് 2025 ജൂലൈ എട്ടിന് പുറത്തിറക്കിയ പൊതു പ്രസ്താവനയില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി(ഐസിപി) അറിയിച്ചു. ഗോള്‍ഡന്‍ വിസ പദ്ധതിക്ക് കീഴിലുള്ള നിയമങ്ങളും വിഭാഗങ്ങളും യുഎഇ നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ടെന്നും പുതിയ ഫ്ളാറ്റ്-ഫീ അല്ലെങ്കില്‍ ആജീവനാന്ത വിസാ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും ഐസിപി പ്രസ്താവനയില്‍ അറിയിച്ചു.
2019ലാണ് യുഎഇ ഗോള്‍ഡന്‍ വിസ അവതരിപ്പിച്ചത്. ഒരു പ്രാദേശിക സ്പോണ്‍സറുടെ ആവശ്യകതയില്ലാതെ വിദേശ പൗരന്മാര്ക്ക് യുഎഇയില്‍ താമസിക്കാനും ജോലിചെയ്യാനും പഠിക്കാനും അനുമതി ലഭിക്കുന്ന ഒരു ദീര്‍ഘകാല റെസിഡന്‍സി പെര്‍മിറ്റാണത്. ഇതിന് സാധാരണയായി അഞ്ച് അല്ലെങ്കില്‍ പത്ത് വര്‍ഷത്തേക്കാണ് കാലാവധി. കാലാവധി പൂര്‍ത്തിയായ ശേഷം ഇത് പുതുക്കാനുള്ള അവസരവുണ്ട്. വിസ ഉടമകള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും സ്പോണ്സര് ചെയ്യാനും കഴിയും.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍, സംരംഭകര്‍, സ്പെഷ്യലൈസ്ഡ് പ്രൊഫഷണലുകള്‍(ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞന്മാര്, അധ്യാപകര്‍ പോലെയുള്ളവര്‍), വിദ്യാര്‍ഥികള്‍, കലാകാരന്മാര് എന്നിവര്‍ക്കാണ് ഈ വിസ ലഭിക്കുന്നതിന് മുന്‍ഗണനയുള്ളത്. നിക്ഷേപകര്‍ കുറഞ്ഞത് 20 ലക്ഷം ദിര്‍ഹത്തിന്റെ മൂല്യമുള്ള റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ കൈവശം വയ്ക്കേണ്ടതുണ്ട്. അതേസമയം, പ്രൊഫഷണലുകളായവര്‍ ശമ്പളം, തൊഴില്‍ മാനദണ്ഡങ്ങള്‍, യോഗ്യത എന്നിവ പാലിക്കണം. ഈ നിയമങ്ങളെക്കുറിച്ച് ഐസിപി, ജിഡിആര്‍എഫ്എ എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗോള്‍ഡന്‍ വിസ പദ്ധതി ഒരു സ്ഥിരതാമസത്തിനോ അല്ലെങ്കില്‍ പൗരത്വ പരിപാടിയോ അല്ലെന്നും ഇതിനെ ആജീവനാന്ത വിസയായി തരംതിരിച്ചിട്ടില്ലെന്നും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
റയാദ് ഗ്രൂപ്പ് എന്ന കണ്‍സള്‍ട്ടന്‍സി നല്കിയ ഒരു പത്രക്കുറിപ്പിലാണ് ഒരു ലക്ഷം ദിര്‍ഹം(ഏകദേശം 23.3 ലക്ഷം) രൂപ എന്ന തുകയെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഏതെങ്കിലും പ്രോപ്പര്‍ട്ടിയിലോ ബിസിനസ്സിലോ നിക്ഷേപിക്കാതെ തന്നെ ഇന്ത്യക്കാര്‍ക്കും ബംഗ്ലാദേശികള്‍ക്കും നാമനിര്‍ദേശം അധിഷ്ഠിതമായുള്ള ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാമെന്ന് പത്രക്കുറിപ്പ് അവകാശപ്പെട്ടു. കൂടാതെ വിഎഫ്എസ് ഗ്ലോബലിനെ പ്രോസസ്സിംഗ് പങ്കാളിയായും അവര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ വിഎഫ്എസ് ഗ്ലോബൽ പിന്നീട് ഈ അവകാശവാദം പരസ്യമായി നിഷേധിച്ചിരുന്നു.
23 ലക്ഷം രൂപയെന്നതത് നാമനിര്‍ദേശത്തിന് ശേഷം അഡ്മിനിസ്ട്രേഷന്, ഫെസിലിറ്റേഷന്‍ തുടങ്ങിയ ചെലവുകളെയാണ് സൂചിപ്പിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ അപേക്ഷിക്കുന്നയാളെ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള നാമനിര്‍ദേശ വഴിയില്‍ തിരഞ്ഞെടുത്താൽ മാത്രമെ ഇത് ബാധകമാകുകയുള്ളൂ. ഡിജിറ്റല്‍ കണ്ടന്റ്, ശാസ്ത്രം, ധനകാര്യം അല്ലെങ്കില്‍ സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച പ്രൊഫഷണലുകള്‍ക്ക് ഈ വഴി അനുകൂലമാണ്. എന്നാല്‍ അധികൃതരുടെ അംഗീകാരം ലഭിക്കുമെന്ന് ഉറപ്പൊന്നുമില്ല.
അതേസമയം, യുഎഇയുടെ ഗോള്‍ഡന്‍ വിസ ചട്ടക്കൂടിനുള്ളില്‍ നാമനിര്‍ദേശം അടിസ്ഥാനമാക്കി ഗോള്‍ഡന്‍ വിസ നല്‍കുന്നത് വളരെക്കാലമായി നിലവിലുണ്ടെന്ന് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന ശമ്പളം, നേട്ടങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങളിലൂടെ, പ്രത്യേകിച്ച് ഇന്ത്യന്‍ അപേക്ഷകര്‍ക്ക്, ഇതില്‍ മുന്‍ഗണനയുണ്ട്. എന്നാല്‍ യുഎഇ സര്‍ക്കാരിന്റെ ഒരു ഉദ്യോഗിക സര്‍ക്കുലറിലും 23 ലക്ഷം രൂപ വിലയുള്ള പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചിട്ടില്ല.
സാധാരണയായി ഈ പ്രക്രിയയില്‍ അംഗീകൃത യുഎഇ സര്‍ക്കാര്‍, അല്ലെങ്കില്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനമാണ് നാമനിര്‍ദേശം ചെയ്യുന്നത്. ഇതിന് ശേഷം ആ വ്യക്തിയെക്കുറിച്ച് അന്വേഷണം നടത്തും. അപേക്ഷകന് രാജ്യത്തിന് നല്കിയ സാമ്പത്തികമോ പ്രൊഫഷണലോ ആയ സംഭാവനകളെക്കുറിച്ച് വിലയിരുത്തലും നടത്തുന്നു. ഇതിന് ശേഷം യുഎഇ അതോറിറ്റി വിസ അനുവദിക്കണമോ എന്ന് തീരുമാനിക്കുന്നു.
എല്ലാ ഗോള്‍ഡന്‍ വിസ അപേക്ഷകളും യുഎഇയിലെ ഔദ്യോഗിക സര്‍ക്കാര്‍ ചാനലുകള്‍ വഴിയാണ് പ്രോസസ്സ് ചെയ്യേണ്ടത്. ബാഹ്യമായുള്ള അല്ലെങ്കില്‍ കണ്‍സള്‍ട്ടന്‍സി അധിഷ്ഠിത സമര്‍പ്പിക്കാനുള്ള സംവിധാനത്തിന് അംഗീകാരമില്ല.
ലളിതമായ വഴികളില്‍ യുഎഇക്ക് പുറത്തുനിന്ന് ഗോള്‍ഡന്‍ വിസ ലഭിക്കുമെന്ന സൂചിപ്പിക്കുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതായി അതോറിറ്റി ചൂണ്ടിക്കാട്ടി. ഇത്തരം വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും യുഎഇയിലെ ബന്ധപ്പെട്ട അധികാരികളുമായി ആലോചിക്കാതെയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അവര്‍ അറിയിച്ചു.
സുതാര്യമായ രീതിയിൽ ഡിജിറ്റല്‍ അപേക്ഷ നല്കാന് കഴിയുമെന്നും അവര്‍ വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചിപ്പിക്കുകയും തെറ്റായ രീതിയില്‍ പണം സ്വരൂപിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അവർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അപേക്ഷകര്‍ ഫീസ് അടയ്ക്കുന്നതോ അനൗദ്യോഗിക കക്ഷികള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കുന്നതോ ഒഴിവാക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകള്‍ വഴിയോ 600522222 എന്ന നമ്പറില്‍ വിളിച്ച് നടപടിക്രമങ്ങള്‍ പരിശോധിക്കണമെന്നും 24 മണിക്കൂറും ഈ സേവനങ്ങള്‍ ലഭ്യമാണെന്നും അവര്‍ പറഞ്ഞു.
യുഎഇ ഗോള്‍ഡന്‍ വിസ പദ്ധതി അവതരിപ്പിച്ചിട്ടുണ്ടെന്നുള്ളത് യാഥാര്‍ത്ഥമാണ്. ഇന്ത്യന്‍ പൗരന്മാര് ഉള്‍പ്പെടെയുള്ള യോഗ്യരായ അപേക്ഷകര്‍ക്ക് ഇത് ആജീവനാന്ത താമസം വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, 23 ലക്ഷം രൂപയ്ക്ക് ലഭ്യമായ ഔദ്യോഗിക ലൈഫ് ടൈം വിസ ഓഫര്‍ നിലവിൽ ഇല്ല.
നാമനിര്‍ദേശം അടിസ്ഥാനമാക്കിയുള്ള വഴികളിലൂടെ റിയല്‍ എസ്റ്റേറ്റ് അല്ലെങ്കില്‍ ബിസിനസ് നിക്ഷേപമില്ലാതെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കാന്‍ കഴിയും. എന്നാല്‍ അതിന് ചില നിബന്ധനകളുണ്ട്. ഇത് യുഎഇയിലെ അധികാരികളുടെ അംഗീകാരത്തിന് വിധേയമാണ്. ഇത് ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ല. കൂടാതെ യുഎഇ സര്‍ക്കാരിന് വേണ്ടി ഫീസ് ശേഖരിക്കാനും അപേക്ഷകള്‍ പ്രോസസ്സ് ചെയ്യാനും ഒരു മൂന്നാം കക്ഷിക്കും അധികാരമില്ല. 23 ലക്ഷം രൂപ കൊടുത്താന്‍ ആജീവനാന്ത വിസ ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. യുഎഇ സര്‍ക്കാര്‍ ഇത് പരസ്യമായി നിഷേധിച്ചിട്ടുണ്ട്. അപേക്ഷകര്‍ ജാഗ്രത പാലിക്കാനും ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ മാത്രം ഇടപെടലുകള്‍ നടത്താനും അവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
July 09, 2025 5:14 PM IST
23 ലക്ഷം രൂപയ്ക്ക് ഇന്ത്യക്കാര്‍ക്ക് ജീവിതകാലം മുഴുവനുമുള്ള ഗോള്‍ഡ് വിസ ലഭിക്കുമോ? വിശദീകരണവുമായി യുഎഇ