106 കോടി രൂപയുടെ ആസ്തി, 40 ബാങ്ക് അക്കൗണ്ടുകള്‍; ചങൂര്‍ ബാബ മതം മാറ്റിയത് ‘ആയിരക്കണക്കിന്’ ആളുകളെ | Who is Changur Baba who converted the millionaire who converted thousands of people
തെരുവുകളില്‍ മോതിരങ്ങള്‍ വിറ്റുനടന്നിരുന്നയാളാണ് ബാബ. പെട്ടെന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ തുടങ്ങി. പണവും സഹായവും അത്ഭുത രോഗശാന്തിയും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ദരിദ്രരെയും പിന്നാക്ക മേഖലയില്‍ നിന്നുള്ളവരെയുമാണ് ഇയാള്‍ ആകര്‍ഷിച്ചിരുന്നത്. ഹിന്ദു പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് മതം മാറ്റാന്‍ നിര്‍ബന്ധിച്ചിരുന്നതായും ആരോപണമുണ്ട്. ഉത്തര്‍പ്രദേശില്‍ മാത്രമല്ല, നേപ്പാള്‍ അതിര്‍ത്തിയിലും ദുബായിലും ഇയാള്‍ക്ക് ബന്ധങ്ങളുണ്ടെന്ന് ആരോപിക്കപ്പെടുന്നു.
ഇയാള്‍ക്ക് 106 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്ന് ഫസ്റ്റ്പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ 40ല്‍ അധികം ബാങ്ക് അക്കൗണ്ടുകളും ഇയാള്‍ക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയില്‍ പലതും വ്യാജ പേരുകളിലാണ് തുറന്നിരുന്നത്. ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇയാള്‍ പണം കൈമാറ്റം ചെയ്തതായി പോലീസ് കരുതുന്നു. ഇയാളുടെ കോടികള്‍ വിലമതിക്കുന്ന രണ്ട് സ്വത്തുക്കള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. പണം എങ്ങനെയാണ് ചെലവഴിച്ചത് എന്നതാണ് അതിലും ഞെട്ടിക്കുന്ന കാര്യം. ആഢംബര വീടുകള്‍, ബംഗ്ലാവുകള്‍, ആഢംബര കാറുകള്‍, ഷോറൂമുകള്‍ എന്നിവ വാങ്ങുന്നതിനായാണ് ഇത് ഉപയോഗിച്ചത്.
ദരിദ്രരായ ആളുകളെയായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. മെച്ചപ്പെട്ട ജീവിതം നല്‍കാമെന്ന് വ്യാജ വാഗ്ദാനം നല്കി അവരെ ആകര്‍ഷിച്ചു. കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ജമാലുദ്ദീനും കുടുംബവും ചാന്ദ് ഔലിയ ദര്‍ഗയ്ക്ക് സമീപമാണ് താമസിച്ചിരുന്നതെന്ന് ഭീകരവിരുദ്ധ സ്ക്വാഡിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. സൂഫി സന്യാസി ഹസ്രത്ത് ബാബ ജമാലുദ്ദീന്‍ പീര്‍ ബാബ എന്നാണ് ഇയാള്‍ ആളുകളുടെ മുന്നിൽ സ്വയം ചിത്രീകരിച്ചിരുന്നത്. ഇസ്ലാം മതം പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഇയാള്‍ ഷജ്ര ഇ തയ്യബ എന്ന ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
”ലഖ്നൗവില്‍ ഹിന്ദുമത വിശ്വാസിയായ ഒരു സ്ത്രീയെ ഹിന്ദുവെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു മുസ്ലീം പുരുഷന് പ്രണയിച്ചു. പിന്നീട് അവരെ ജമാലുദ്ദീന്റെ സുഹൃത്തായ നീതുവും സംഘവും ചേര്‍ന്ന് ചേര്‍ന്ന് മതം മാറാന്‍ നിര്‍ബന്ധിച്ചു. ജമാലുദ്ദീന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ സംഘം. ബ്രാഹ്മണ, സിഖ്, ക്ഷത്രിയ വിഭാഗങ്ങളിലുള്ള സ്ത്രീകളെ മതംമാറ്റുന്നതിന് 15 മുതല്‍ 16 ലക്ഷം രൂപയും ഒബിസി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് 10 മുതല്‍ 12 ലക്ഷം രൂപയും മറ്റ് മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് എട്ട് മുതല്‍ 10 ലക്ഷം രൂപയും ഇയാള്‍ ഈടാക്കിയിരുന്നു,” ഉദ്യോസ്ഥന് കൂട്ടിച്ചേര്‍ത്തു.
ചങൂര്‍ ബാബയ്ക്കൊപ്പം മുംബൈയില്‍ നിന്നുള്ള നവീന്‍, നീതു റോഹ്റ എന്നീ ദമ്പതികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മതം മാറിയ ഇവര്‍ കലിമുദ്ദീന്‍, നസ്രീന് എന്നീ പേരുകള്‍ സ്വീകരിക്കുകയായിരുന്നു. ഉത്രൗളയില്‍ ഒരു ആശുപത്രി സ്ഥാപിക്കാന്‍ അവര്‍ സഹായിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് അവരുടെ മതമാറ്റ പദ്ധതിയുടെ ഭാഗമായി ഉപയോഗിച്ചിരിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദമ്പതികളുടെ മകളെയും മതം മാറ്റി സബിഹ എന്ന് പേര് നല്‍കിയിട്ടുണ്ട്.
ലഖ്നൗവിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നാണ് ചങൂര്‍ ബാബയെയും നീതുവിനെയും ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. നീതുവിനെ കണ്ടുമുട്ടിയ ശേഷം ജമാലുദ്ദീന്‍ മധാപൂരിലെ ഒരു ദര്‍ഗയ്ക്ക് സമീപം ഒരു കെട്ടിടം പണിതിട്ടുണ്ട്. സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ ഇത് നിയമവിരുദ്ധമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തി. അടുത്തിടെ ഇത് പൊളിച്ചുമാറ്റാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരുന്നു.
മതപരിവര്‍ത്തനം, പണം തട്ടിയെടുക്കല്‍ എന്നിവയില്‍ പങ്കാളിയായതിന് പുറമെ ചില പ്രാദേശിക തിരഞ്ഞെടുപ്പുകളിലും ചങൂര്‍ ബാബ മത്സരിച്ചിട്ടുണ്ട്. ഗ്രാമത്തലവന്, ജില്ലാ കൗണ്‍സില്‍ അംഗം തുടങ്ങിയ സ്ഥാനങ്ങളിലേക്കാണ് ഇയാള്‍ മത്സരിച്ചത്.
Thiruvananthapuram,Kerala
July 10, 2025 6:05 PM IST