Leading News Portal in Kerala

‘ഒരു കുടുംബം സ്വയം രാഷ്ട്രത്തേക്കാള്‍ വലുതായി കരുതി’; അടിയന്തരാവസ്ഥയ്ക്ക് ഗാന്ധി കുടുംബത്തെ വിമര്‍ശിച്ച് മന്ത്രി ജയശങ്കര്‍ | Jaishankar takes a dig at the Gandhi family, speaks about imposition of emergency


Last Updated:

സ്വാതന്ത്ര്യം ആരും വിലക്കുറച്ച് കാണരുതെന്ന പാഠമാണ് അടിയന്താരവസ്ഥ പഠിപ്പിക്കുന്നതെന്ന് ജയശങ്കര്‍ പറഞ്ഞു

News18News18
News18

1975-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയ്ക്ക് ഗാന്ധി കുടുംബത്തെ വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഒറ്റ കുടുംബം സ്വയം രാഷ്ട്രത്തേക്കാള്‍ വലുതായി കരുതിയതുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി ഭാരതീയ ജനത യുവ മോര്‍ച്ച (ബിജെവൈഎം) നടത്തിയ മോക്ക് പാര്‍ലമെന്റിന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതെല്ലാം സംഭവിച്ചത് ഒരു കുടുംബം കാരണമാണെന്നും ജയശങ്കര്‍ ആരോപിച്ചു. ‘കിസ്സ കുര്‍സി കാ’ എന്ന ഹിന്ദി സിനിമയെ കുറിച്ചും ജയശങ്കര്‍ പരാമര്‍ശിച്ചു. അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന് പിന്നിലെ കാരണം ഈ മൂന്ന് വാക്കുകള്‍ കൃത്യമായി പറയുന്നു. ഒരു കുടുംബത്തെ രാജ്യത്തിന് മുകളില്‍ പരിഗണിക്കുമ്പോള്‍ അടിയന്തരാവസ്ഥ പോലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നും ജയശങ്കര്‍ വ്യക്തമാക്കി.

അടിയന്തരാവസ്ഥ കാലത്ത് സര്‍ക്കാര്‍ നിരോധിച്ച ഹിന്ദി സിനിമയാണ് ‘കിസ്സ കുര്‍സി കാ’. പ്രദര്‍ശനം നിരോധിക്കുക മാത്രമല്ല സിനിമയുടെ മാസ്റ്റര്‍ പ്രിന്റുകള്‍ ഉള്‍പ്പെടെയുള്ള കോപ്പികളും ഇക്കാലത്ത് കത്തിച്ചു. സഞ്ജയ് ഗാന്ധിയുടെ ഓട്ടോമൊബൈല്‍ നിര്‍മ്മാണ പദ്ധതികളെ കുറിച്ചും സര്‍ക്കാരിലെ അഴിമതിയെ കുറിച്ചും പരിഹസിച്ചുകൊണ്ടുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായിരുന്നു ഇത്.

സ്വാതന്ത്ര്യം ആരും വിലക്കുറച്ച് കാണരുതെന്ന പാഠമാണ് അടിയന്താരവസ്ഥ പഠിപ്പിക്കുന്നതെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന്റെ മുഴുവന്‍ രീതിയും രാജ്യത്തിന്റെയും സമൂഹത്തിന്റെയും മനോവീര്യം തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും രാഷ്ട്രീയത്തില്‍ പോലും ഇല്ലാതിരുന്ന നിരവധി ആളുകളെ ഇത് ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചാല്‍ അറസ്റ്റ് അനിവാര്യമായും നേരിടേണ്ടി വരുമെന്ന് അന്നത്തെ രാഷ്ട്രീയക്കാര്‍ക്ക് അറിയാമായിരുന്നുവെന്നും അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് തങ്ങള്‍ എപ്പോള്‍ മോചിപ്പിക്കപ്പെടുമെന്ന് അറിയില്ലായിരുന്നുവെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

1971-ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് വളരെ വേഗത്തില്‍ ജനപ്രീതി നഷ്ടപ്പെട്ടതായും അഴിമതിയും പണപ്പെരുപ്പവും വര്‍ദ്ധിച്ചുവെന്നും മന്ത്രി പറഞ്ഞു. ആളുകള്‍ രോഷാകുലരാകുകയും ഗുജറാത്തിലും ബീഹാറിലും പ്രക്ഷോഭങ്ങള്‍ നടക്കുകയും ചെയ്തു. അലഹബാദ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സഞ്ജയ് ഗാന്ധിയുടെ ബിസിനസിനെ കുറിച്ച് ആളുകള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയെന്നും അന്നത്തെ പ്രധാനമന്ത്രിക്കെതിരെ അഴിമതി പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ യന്ത്രങ്ങളുടെ ദുരുപയോഗത്തിനും രണ്ട് കേസുകള്‍ ചുമത്തിയതായും ജയശങ്കര്‍ പറഞ്ഞു.

കോടതി വിധി അവര്‍ക്കെതിരായി വന്നതോടെ ഇന്ദിരാഗാന്ധി ഏകപക്ഷീയമായി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയായിരുന്നു. അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് അടിയന്താരാവസ്ഥ പാസാക്കി. ഇതോടെ പൗരാവകാശങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും കര്‍ശനമായ സെന്‍സര്‍ഷിപ്പ് നടപ്പാക്കുകയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ജയിലിലടക്കുകയും ചെയ്തു. 1975 ജൂണ്‍ 25-നാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. ഇന്ത്യന്‍ ജനാധിപത്യത്തിലെ ഇരുണ്ട ദിനം എന്നാണ് ഈ ദിവസം അറിയപ്പെടുന്നതെന്നും ജയശങ്കര്‍ വിശദമാക്കി.

രാഹുല്‍ ഗാന്ധിക്കെതിരെ സംസാരത്തിനിടയില്‍ ജയശങ്കര്‍ ചെറിയ വിമര്‍ശനം ഉന്നയിച്ചു. ചിലര്‍ ഭരണഘടന കൈയ്യില്‍കൊണ്ടു നടക്കുന്നുണ്ടെങ്കിലും അവരുടെ ഉദ്ദേശ്യങ്ങള്‍ വ്യത്യസ്ഥമാണെന്ന് മന്ത്രി പറഞ്ഞു. “രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടേതായ ഡിഎന്‍എ ഉണ്ട്. ഒരിക്കലും അടിയന്തരാവസ്ഥയില്‍ ഖേദം പ്രകടിപ്പിക്കുകയോ എടുത്ത തീരുമാനങ്ങള്‍ തെറ്റാണെന്ന് സമ്മതിക്കുകയോ ചെയ്തിട്ടില്ല”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭാവി തലമുറയ്ക്കായി തയ്യാറാക്കി സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭരണഘടന കൊലചെയ്യപ്പെട്ട ദിവസമായാണ് ഇന്ത്യയിലെ ജനങ്ങള്‍ അടിയന്തരാവസ്ഥയുടെ വാര്‍ഷികം ആചരിക്കുന്നത്. അന്ന് അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനാധിപത്യത്തെ അറസ്റ്റ് ചെയ്തതുപോലെയായിരുന്നു അതെന്നും മോദി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/

‘ഒരു കുടുംബം സ്വയം രാഷ്ട്രത്തേക്കാള്‍ വലുതായി കരുതി’; അടിയന്തരാവസ്ഥയ്ക്ക് ഗാന്ധി കുടുംബത്തെ വിമര്‍ശിച്ച് മന്ത്രി ജയശങ്കര്‍