‘ഹിന്ദി ഇന്ത്യന്‍ ഭാഷകളുടെ സുഹൃത്ത്; വിദേശഭാഷകളോട് ശത്രുതയില്ല;’ ആഭ്യന്തരമന്ത്രി അമിത് ഷാ | Hindi language a friend of all languages says Amit Shah
Last Updated:
കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാ വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ
ഹിന്ദി എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും സുഹൃത്താണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മറ്റ് വിദേശ ഭാഷകളോട് എതിര്‍പ്പ് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ത്രിഭാഷ നയത്തിനെതിരെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്രത്തെ വിമര്‍ശിക്കുകയും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുണ്ടെന്ന് ആരോപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രസ്താവന.
ഒരു ഇന്ത്യന്‍ ഭാഷയ്ക്കും എതിരാകാന്‍ ഹിന്ദി ഭാഷയ്ക്ക് കഴിയില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്. എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും സുഹൃത്താണ് ഹിന്ദിയെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാ വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഭാഷകളെ കുറിച്ച് പരാമര്‍ശിച്ചത്.
ഒരു ഭാഷയോടും എതിര്‍പ്പില്ലെന്നും ഒരു ഭാഷയ്ക്കും എതിര്‍പ്പ് ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സ്വന്തം ഭാഷയെ മഹത്വപ്പെടുത്താനും സ്വന്തം ഭാഷ സംസാരിക്കാനും സ്വന്തം ഭാഷയില്‍ ചിന്തിക്കാനുമുള്ള ത്വര ഉണ്ടായിരിക്കണമെന്നും അമിത് ഷാ വിശദമാക്കി.
രാജ്യത്തെ സംബന്ധിച്ച് ഭാഷ ഒരു ആശയവിനിമയത്തിനുള്ള ഉപാധി എന്നതിനുമപ്പുറം പ്രധാനപ്പെട്ടതാണെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ ആത്മാവിനെ തന്നെ ഉള്‍കൊള്ളുന്നതാണ് ഭാഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭാഷകളെ നിലനിര്‍ത്തുകയും അവയെ സമ്പന്നമാക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. വരും ദിവസങ്ങളില്‍ എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും പ്രത്യേകിച്ച് ഔദ്യോഗിക ഭാഷയ്ക്കായി എല്ലാ ശ്രമങ്ങളും നടത്തണമെന്നും അമിത് ഷാ പറഞ്ഞു.
2020-ലെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ത്രിഭാഷ നയത്തെ തമിഴ്‌നാട് സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതോടെയാണ് ഭാഷയെച്ചൊല്ലിയുള്ള തര്‍ക്കം പൊട്ടിപ്പുറപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ നയത്തെ ‘ഹിന്ദി കൊളോണിയലിസം’ എന്നാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിളിച്ചത്.
അടുത്തിടെ മഹാരാഷ്ട്രയിലും ഇതേച്ചൊല്ലി രാഷ്ട്രീയ തര്‍ക്കം ഉടലെടുത്തിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിനു കീഴില്‍ ഹിന്ദിയെ മൂന്നാമത്തെ നിര്‍ബന്ധിത ഭാഷയാക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ദേശീയ ഭാഷാ ഐക്യത്തിലേക്കുള്ള ഒരു ചുവടുവെപ്പായി ബിജെപി ഈ തീരുമാനത്തെ ന്യായീകരിച്ചു. ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിലൂടെ സംസ്ഥാനത്തെ ‘ഹിന്ദിഫൈ’ ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉദ്ധവ് താക്കറെയുടെ ശിവസേന നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
Thiruvananthapuram,Kerala
June 27, 2025 10:14 AM IST