Leading News Portal in Kerala

എയർ ഇന്ത്യയുടെ ലണ്ടൻ-മുംബൈ വിമാനത്തിലെ അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും ദേഹാസ്വാസ്ഥ്യം Five passengers and two crew members on Air Indias London-Mumbai flight fall ill


Last Updated:

ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടയില്‍ ഏഴ് പേര്‍ക്കാണ് വിമാനത്തിൽ വച്ച് തലക്കറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്

News18News18
News18

തിങ്കളാഴ്ച ലണ്ടനിലെ ഹീത്രോയില്‍ നിന്നും മുംബൈയിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനത്തിലെ അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനം മുംബൈയിലേക്ക് പോകുന്നതിനിടയില്‍ ഏഴ് പേര്‍ക്ക് തലക്കറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതായി എയര്‍ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ 130 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് വിമാനം പറക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.

അതേസമയം വിമാനം മുംബൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. രോഗികള്‍ക്കുള്ള സഹായവുമായി മെഡിക്കല്‍ സംഘം മുംബൈ വിമാനത്താവളത്തില്‍ തയ്യാറായിരുന്നു. ലാന്‍ഡ് ചെയ്ത ശേഷവും ബുദ്ധിമുട്ട് നേരിട്ട രണ്ട് ജീവനക്കാരെയും രണ്ട് യാത്രികരെയും കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ റൂമിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ വ്യോമയാന സുരക്ഷ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ വിവരം അറിയിച്ചതായി എയര്‍ ഇന്ത്യ പറഞ്ഞു.

വിമാനം സുരക്ഷിതമായി മുംബൈയില്‍ ലാന്‍ഡ് ചെയ്തുവെന്നും ലാന്‍ഡിങ്ങിന് ശേഷവും അസ്വസ്ഥത നേരിട്ട യാത്രക്കാരെ മെഡിക്കല്‍ റൂമിലേക്ക് കൊണ്ടുപോയതായും എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി. പിന്നീട് ഇവരെ ഡിസ്ചാര്‍ജ് ചെയ്തതായുംഎയർ ഇന്ത്യ അറിയിച്ചു.

എയര്‍ ഇന്ത്യ 130 ബോയിങ് 777 വിമാനമാണ് ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തിയത്. അഹമ്മദാബാദ് വിമാനാപകടത്തെ തുടര്‍ന്ന് വിമാനം വലിയ പരിശോധനകളിലാണ്. 241 പേരാണ് അഹമ്മദാബാദ് അപകടത്തില്‍ മരിച്ചത്. അതേസമയം, യാത്രക്കാര്‍ക്ക് നേരിട്ട അസ്വസ്ഥതയുടെ കാരണം വ്യക്തമല്ല. രോഗ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ഓക്‌സിജന്‍ വിതരണത്തിലെ കുറവോ ഭക്ഷ്യവിഷബാധയോ ആണ് ജീവനക്കാരുടെയും യാത്രക്കാരുടെയും അസുഖത്തിന് ഒരു കാരണമായി സംശയിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സംഭവത്തിന് മുമ്പ് ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്ക് സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഐഎക്‌സ്2564 ജിപിഎസ് സിഗ്നല്‍ തടസ്സപ്പെട്ടതായുള്ള സംശയത്തെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് തിരിച്ചിറക്കിയിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ഒരു ബദല്‍ വിമാനം യാത്രയ്ക്ക് സജ്ജമാക്കിയതായും എയര്‍ലൈന്‍ അറിയിച്ചിരുന്നു.

സംശയാസ്പദമായ ജിപിഎസ് സിഗ്നല്‍ തടസം നേരിട്ടതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി ഡല്‍ഹി-ജമ്മു വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചിറക്കേണ്ടി വന്നു. തുടര്‍ന്ന് ഒരു ബദല്‍ വിമാനം സജ്ജമാക്കിയതായും യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. ചില സെന്‍സിറ്റീവ് പ്രദേശങ്ങള്‍ക്ക് മുകളിലൂടെ പറക്കുമ്പോള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ജിപിഎസ് സിഗ്നല്‍ തടസം നേരിട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/

എയർ ഇന്ത്യയുടെ ലണ്ടൻ-മുംബൈ വിമാനത്തിലെ അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും ദേഹാസ്വാസ്ഥ്യം