Leading News Portal in Kerala

അടിയന്തരാവസ്ഥയ്ക്ക് 50: പ്രത്യേക പരിപാടിയുമായി ബിജെപി; ഇന്ദിരാഗാന്ധിക്കെതിരേ പോരാടിയവരുടെ സംഗമം|BJP conducting an Event To Mark 50 Years Of Emergency imposed by Indira Gandhi


കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം മോദി സര്‍ക്കാരിനെ ”ജനാധിപത്യത്തിന്റെ മരണത്തിന്” കാരണക്കാരായും ”അപ്രഖ്യാപിത അടിയന്തരാവസ്ഥ” ഏര്‍പ്പെടുത്തിയിരിക്കുന്നതായും പലപ്പോഴും ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഈ അവസരം പകരം വീട്ടാനാണ് അവര്‍ പദ്ധതിയിടുന്നത്.

ഇന്ത്യയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപിയുടെ തിങ്ക് ടാങ്ക് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി റിസേര്‍ച്ച് ഫൗണ്ടേഷന്‍ (SPMRF) ഡല്‍ഹിയിലെ പ്രധാനമന്ത്രി മ്യൂസിയം ആന്‍ഡ് ലൈബ്രറിയില്‍ ഒരു സംഗമം സംഘടിക്കുന്നു. പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് പരിപാടിയിലേക്ക് പ്രവേശനം. അടിയന്തരാവസ്ഥ കാലഘട്ടത്തെയും അതിനെതിരായ പോരാട്ടത്തെയും മൊറാര്‍ജി ദേശായിയുടെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര സര്‍ക്കാരിന്റെ രൂപീകരണത്തെക്കുറിച്ചും വിവരിക്കുന്ന വലിയ പ്രദര്‍ശനം ഇവിടെ ഒരുക്കും.

”അടിയന്തരാവസ്ഥയ്‌ക്കെതിരേ പോരാടിയ എല്ലാ രാഷ്ട്രീയ സ്‌പെക്ട്രത്തില്‍ നിന്നുമുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളെയെല്ലാം ഈ പ്രദര്‍ശനത്തില്‍ പ്രാധാന്യത്തോടെ ഉൾക്കൊള്ളിക്കും. എല്ലാവരും അതിനെതിരേ ഒരുമിച്ച് നിന്ന് പോരാടി,” ഇതുമായി ബന്ധപ്പെട്ട വൃത്തം ന്യൂസ് 18നോട് പറഞ്ഞു.

ഗുജറാത്ത് നവനിര്‍മാണ്‍ പ്രക്ഷോഭം മുതല്‍ ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനം വരെ 1975 മുതൽ 1977 വരെയുള്ള കാലയളവില്‍ ഇന്ത്യയെ രൂപപ്പെടുത്തിയ എല്ലാ പ്രധാന നിമിഷങ്ങളും ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ സൂചിപ്പിച്ചു. പൗരസ്വാതന്ത്ര്യം താത്കാലികമായി നിര്‍ത്തി വയ്ക്കല്‍, പത്രങ്ങളുടെ സെന്‍സര്‍ഷിപ്പ്, രാഷ്ട്രീയ എതിരാളികളെ വ്യാപകമായി പീഡിപ്പിച്ച സംഭവങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂൺ 25ന് പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കും. വൈകുന്നേരം നടക്കുന്ന പരിപാടിയില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. അമിത് ഷാ ഏകദേശം 45 മിനിറ്റ് സമയം സംസാരിക്കുമെന്നും കോണ്‍ഗ്രസിനെതിരേ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്.

ഡോക്ടര്‍മാര്‍, അഭിഭാകര്‍, ബുദ്ധിജീവികള്‍, അടിയന്തരാവസ്ഥയ്‌ക്കെതിരേ പോരാടിയ ആളുകള്‍, പ്രമുഖ പത്രപ്രവര്‍ത്തകര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍ക്ക് ഈ പരിപാടിയിലേക്ക് ക്ഷണുണ്ട്. ഏകദേശം 290 പേര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്ന് വൃത്തങ്ങള്‍ ന്യൂസ് 18നോട് പറഞ്ഞു.

ബിജെപിയുടെ യുവനേതാക്കളും കേന്ദ്ര സര്‍ക്കാരിലെ മുഴുവന്‍ സംവിധാനവും ചേര്‍ന്ന് ഈ പരിപാടി വലിയ വിജയമാക്കാന്‍ പദ്ധതിയിടുന്നു. എസ്പിഎംആര്‍എഫ് ഡയറക്ടര്‍ ബിനായ് കുമാര്‍ സിംഗാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന്റെ 50ാം വാര്‍ഷികത്തിന്റെ ഒരു വര്‍ഷം നീണ്ടനില്‍ക്കുന്ന പരിപാടി ‘ഭരണഘടനയെ കൊലപ്പെടുത്തിയ ദിനമായി’ ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാന സർക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്. ജൂണ്‍ 25ന് ഡല്‍ഹിയില്‍ നിന്ന് മഷാല്‍ യാത്ര ആരംഭിക്കും. 2026 മാര്‍ച്ച് 21ന് കര്‍ത്തവ്യ പഥില്‍ യാത്ര അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതില്‍ പങ്കെടുക്കും.