Last Updated:
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ജൂലായ് 16-ന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിന് അനൗപചാരിക മാര്‍ഗങ്ങള്‍ കൂടി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് സുപ്രീം കോടതി. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
‘സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ ആണ് യെമന്‍ അധികൃതരുമായി കേന്ദ്രത്തിന്റെ നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ജൂലായ് 16-ന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചു. ഇന്ത്യയും യെമനും തമ്മില്‍ നയതന്ത്രബന്ധമൊന്നുമില്ലെന്നും മേഖലയുടെ സെന്‍സിറ്റിവിറ്റി കണക്കിലെടുത്ത് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതില്‍ പരിമിതികളുണ്ടെന്നും സര്‍ക്കാരിന് കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ലെന്നും വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചു.
വധശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നതിന് സാധ്യമായതെല്ലാം കേന്ദ്രം ഇതിനകം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. നിമിഷ പ്രിയയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടാല്‍ അത് സങ്കടകരമാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞു.
വധശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനോ മാറ്റിവെക്കാനോ കഴിയുമോ എന്നതിനെക്കുറിച്ച് അന്വേഷിച്ച് പ്രോസിക്യൂട്ടര്‍ക്ക് കത്തെഴുതിയതായും അദ്ദേഹം അറിയിച്ചു. നയതന്ത്ര ഇടപ്പെടല്‍ അംഗീകരിക്കപ്പെടാത്തതിനാല്‍ സ്വകാര്യ തലത്തില്‍ ചര്‍ച്ചകള്‍ നടത്താനാണ് ശ്രമിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അറയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഒരു പൗരനെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാനാകുമോയെന്ന് ശ്രമിക്കുകയാണെന്നും ശ്രമങ്ങള്‍ തുടരുമെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. നിമിഷ പ്രിയയുടെ മോചനത്തിന് അനൗപചാരിക മാര്‍ഗങ്ങള്‍ കൂടി ശ്രമിക്കാന്‍ നിര്‍ദ്ദേശിച്ച കോടതി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ജൂലായ് 18-ലേക്ക് മാറ്റി. ഇക്കാര്യത്തില്‍ എന്തെങ്കിലും നല്ല വാര്‍ത്ത ഉണ്ടെങ്കില്‍ കോടതിയെ അറിയിക്കാനും നിര്‍ദ്ദേശിച്ചു.
യെമന്‍ പൗരന്റെ കുടുംബത്തിന് പണം നല്‍കുന്നതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. പണം തയ്യാറാക്കിയിട്ടുണ്ടെന്നും കൂടുതല്‍ പണം നല്‍കാന്‍ തയ്യാറാണെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ യെമന്‍ അധികൃതരുടെ നിലപാട് കാരണം പണം നല്‍കാനുള്ള ശ്രമം ഫലം കണ്ടില്ല.
New Delhi,Delhi
July 14, 2025 7:29 PM IST