Leading News Portal in Kerala

ഫാസ്ടാഗ് വാര്‍ഷിക പാസ്; നിലവിലുള്ള അക്കൗണ്ടിൽ എങ്ങനെ ആക്ടീവേറ്റ് ചെയ്യാം|FASTag Annual Pass How to Activate It On Your Existing Account


Last Updated:

ഫാസ്ടാഗ് വാര്‍ഷിക പാസ് ആക്ടീവേറ്റ് ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള ലിങ്ക് ഉടന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രി അറിയിച്ചു

News18News18
News18

പുതിയ ഫാസ്ടാഗ് വാര്‍ഷിക പാസ് പദ്ധതി കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 15 മുതല്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് പദ്ധതി പ്രാബല്യത്തില്‍ വരും. 3,000 രൂപയാണ് ഫാസ്ടാഗ് വാര്‍ഷിക പാസിന്റെ വില. ഇത് ഒരു വര്‍ഷത്തേക്ക് ടോള്‍ പ്ലാസകള്‍ വഴിയുള്ള 200 യാത്രകള്‍ക്ക് ഉപയോഗപ്പെടുത്താനാകും. വര്‍ഷത്തില്‍ പതിവായി ഒന്നിലധികം ടോള്‍ പ്ലാസകളില്‍ കൂടി കടന്നുപോകുന്നവര്‍ക്ക് ഈ പദ്ധതി മികച്ചതായിരിക്കും. സാധാരണക്കാര്‍ക്ക് ഹൈവേ യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദവും താങ്ങാനാവുന്നതുമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഫാസ്ടാഗ് വാര്‍ഷിക പാസ് ആക്ടീവേറ്റ് ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള ലിങ്ക് ഉടന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രി നിധിന്‍ ഗഡ്കരി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അറിയിച്ചു. രാജ്മാര്‍ഗ് യാത്രാ ആപ്പിലും ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെയും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകളിലും ലിങ്ക് ഉടന്‍ ലഭ്യമാക്കുമെന്നാണ് മന്ത്രി അറിയിച്ചത്.

എന്താണ് ഫാസ്ടാഗ് വാര്‍ഷിക പാസ്?

കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ സ്വകാര്യ വാഹനങ്ങള്‍ക്ക് നാഷണല്‍ ഹൈവേ (എന്‍എച്ച്), നാഷണല്‍ എക്‌സ്പ്രസ് വേ (എന്‍ഇ) ടോള്‍ പ്ലാസകളില്‍ സൗജന്യമായി കടന്നുപോകാന്‍ സൗകര്യമൊരുക്കുന്ന സംവിധാനമാണിത്. പാസ് ആക്ടീവേറ്റ് ചെയ്താല്‍ ഒരു വര്‍ഷത്തേക്കോ 200 യാത്രകള്‍ക്കോ ഉപയോഗിക്കാനാകും. ഇതില്‍ ഏതാണോ ആദ്യം പൂര്‍ത്തിയാകുന്നത് അതിനായിരിക്കും സാധുത. അതായത് ഓരോ യത്രയ്ക്കും ഉപയോക്തൃ ഫീസ് ഒഴിവാക്കും.

എങ്ങനെ നിലവിലുള്ള അക്കൗണ്ടിൽ ആക്ടീവേറ്റ് ചെയ്യാം?

നിങ്ങളുടെ ഫാസ്ടാഗ് ഇപ്പോഴും ആക്ടീവായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതേ ഫാസ്ടാഗ് ഉപയോഗിച്ച് നിങ്ങള്‍ക്ക് വാര്‍ഷിക പാസ് സജീവമാക്കാം. നിലവിലുള്ള ഫാസ്ടാഗ് രജിസ്‌ട്രേഷന്‍ നമ്പറുമായി ബന്ധിപ്പിക്കുകയും വാഹനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ശരിയായി പതിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ പുതിയ ഫാസ്ടാഗ് എടുക്കേണ്ട ആവശ്യമില്ല.

ഫാസ്ടാഗ് വാര്‍ഷിക പാസ് എവിടെ നിന്ന് വാങ്ങാനാകും?

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴിയും ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും മാത്രമേ വാര്‍ഷിക പാസ് ലഭ്യമാകൂ. ആധികാരികതയും യോഗ്യതയും ഉറപ്പാക്കാന്‍ ഉപയോക്താക്കള്‍ ഏതെങ്കിലും മറ്റ് സ്രോതസ്സുകള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

ഫാസ്ടാഗ് വാര്‍ഷിക പാസ് എങ്ങനെ ആക്ടീവാക്കും?

ഫാസ്ടാഗും വാഹന യോഗ്യതയും പരിശോധിച്ച് ഉറപ്പിച്ച ശേഷം ഫാസ്ടാഗ് വാര്‍ഷിക പാസ് ഓണ്‍ലൈന്‍ ആയി വാങ്ങാവുന്നതാണ്. 2025-26 വര്‍ഷത്തേക്ക് 3,000 രൂപ അടച്ച് വേണം പാസ് വാങ്ങാന്‍. പേമെന്റ് വിജയകരമായി നടത്തി കഴിഞ്ഞാല്‍ വാര്‍ഷിക പാസ് സജീവമാക്കുകയും ഉപയോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത ഫാസ്ടാഗുമായി ലിങ്ക് ചെയ്യുകയും ചെയ്യും.

ആക്ടീവേഷന്‍ തീയതി മുതല്‍ ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ 200 യാത്രകള്‍ പൂര്‍ത്തിയാകുന്നത് വരെയോ ആയിരിക്കും ഇതിന്റെ കാലാവധി. കാലാവധി കഴിഞ്ഞാല്‍ അത് സ്വയമേവ ഒരു സാധാരണ ഫാസ്ടാഗിലേക്ക് മാറും. കൂടാതെ ഉപയോക്താക്കള്‍ക്ക് വാര്‍ഷിക പാസ് വീണ്ടും സജീവമാക്കി ഉപയോഗപ്പെടുത്താനുമാകും.

ഒരു ദേശീയ ഹൈവേ ടോള്‍ പ്ലാസ മുറിച്ചുകടക്കുന്നത് ഒറ്റ യാത്രയായിട്ടാണ് കണക്കാക്കുക. റൗണ്ട് ട്രിപ്പ് രണ്ട് യാത്രയായിട്ടായിരിക്കും കണക്കാക്കുക. ഫാസ്ടാഗ് വാര്‍ഷിക പാസ് ആക്ടീവ് ആക്കുന്നതിനൊപ്പം നിങ്ങളുടെ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് ഇതുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങള്‍ നടത്തുന്നതിനുള്ള സമ്മതം കൂടിയാണ് ഉപയോക്താവ് രാജ്മാര്‍ഗ് യാത്ര ആപ്പിന് നല്‍കുന്നത്. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട എസ്എംഎസ് സന്ദേശങ്ങൾ ഉപയോക്താക്കൾക്ക് ഫോണിൽ ലഭിക്കും.