Leading News Portal in Kerala

വാസുകി ഇന്ത്യയിലെ ഏറ്റവും നീളമുള്ള ട്രെയിനിൻ്റെ പേരിനു പിന്നിൽ Indias Longest Train Vasuki Counting The Wagons Takes An Hour behind its name


Last Updated:

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി 2022 ഓഗസ്റ്റ് 15-നാണ് റയില്‍വേ ഈ കൂറ്റൻ ട്രെയിൻ പുറത്തിറക്കിയത്

News18News18
News18

ട്രെയിന്‍ യാത്ര ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഗതാഗത മാര്‍ഗ്ഗം മാത്രമല്ല, ചരക്ക് നീക്കത്തിലും ഇന്ത്യന്‍ റയില്‍വേ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. പ്രാദേശികാടിസ്ഥാനത്തിലുള്ള ഷട്ടില്‍ സര്‍വീസ് ട്രെയിനുകള്‍ മുതല്‍ വന്ദേഭാരത് എക്‌സ്പ്രസ് പോലുള്ള ആധുനിക ട്രെയിനുകള്‍ വരെ നീണ്ടുകിടക്കുന്ന വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ സംവിധാനമാണ് ഇന്ത്യന്‍ റയില്‍വേ ശൃംഖല. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ട്രെയിന്‍ ഏതാണെന്നും അത് എവിടെയാണ് ഓടുന്നതെന്നും നിങ്ങള്‍ക്ക് അറിയാമോ?

വന്ദേഭാരതോ രാജധാനിയോ അല്ല ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ട്രെയിന്‍. സൂപ്പര്‍ വാസുകിയാണ് രാജ്യത്തെ ഏറ്റവും നീളമുള്ള ട്രെയിന്‍ എന്ന പദവി അലങ്കരിക്കുന്നത്. കല്‍ക്കരി കൊണ്ടുപോകുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ ചരക്ക് തീവണ്ടിക്ക് 295 വാഗണുകള്‍ ഉണ്ട്. ആറ് എഞ്ചിനുകളാണ് ഇത് വലിക്കുന്നത്.

എഞ്ചിനുകള്‍ ഉള്‍പ്പെടെ സൂപ്പര്‍ വാസുകിയുടെ മൊത്തം നീളം 3.5 കിലോമീറ്ററാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി 2022 ഓഗസ്റ്റ് 15-നാണ് ഇന്ത്യന്‍ റയില്‍വേ ഈ കൂറ്റന്‍ ചരക്ക് തീവണ്ടി പുറത്തിറക്കിയത്. വൈദ്യുത നിലയങ്ങളിലേക്ക് സ്ഥിരമായി കല്‍ക്കരി വിതരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ രുകല്‍പ്പന ചെയ്ത ട്രെയിനാണ് സൂപ്പര്‍ വാസുകി. ഒറ്റയടിക്ക് 27,000 ടണ്‍ കല്‍ക്കരി വഹിക്കാനുള്ള ശേഷി ഈ തീവണ്ടിക്കുണ്ട്. 3,000 മെഗാവാട്ട് താപവൈദ്യുത നിലയത്തിന് ഒരു ദിവസം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം നല്‍കാന്‍ ഈ കല്‍ക്കരി മതിയാകും.

സൂപ്പര്‍ വാസുകിയുടെ യാത്ര

ചത്തീസ്ഗഢിലെ കോര്‍ബ മുതല്‍ മഹാരാഷ്ട്രയിലെ രാജ്‌നന്ദ്ഗാവ് വരെയാണ് സൂപ്പര്‍ വാസുകി സര്‍വീസ് നടത്തുന്നത്. 267 കിലോമീറ്റര്‍ ദൂരം ഇത് ഓടുന്നു. അഞ്ച് സ്റ്റാന്‍ഡേര്‍ഡ് ചരക്ക് തീവണ്ടികള്‍ സംയോജിപ്പിച്ചാണ് ഈ ട്രെയിന്‍ നിര്‍മ്മിച്ചത്. 11 മണിക്കൂറും 20 മിനുറ്റും എടുത്താണ് ഈ വണ്ടി യാത്ര പൂര്‍ത്തിയാക്കുന്നത്.

നീളം കൂടുതലായതിനാല്‍ സൂപ്പര്‍ വാസുകി ഒരു റയില്‍വേ സ്റ്റേഷന്‍ വഴി കടന്നുപോകാന്‍ ഏകദേശം നാല് മിനുറ്റ് സമയം എടുക്കും. ഒരാള്‍ ട്രെയിനിന്റെ ഒരറ്റത്തു നിന്നും കോച്ചുകള്‍ എണ്ണി മറ്റേ അറ്റത്തേക്ക് എത്താന്‍ ഏകദേശം ഒരു മണിക്കൂര്‍ എടുക്കും. ഒരു സാധാരണ ചരക്ക് വണ്ടിയേക്കാള്‍ മൂന്നിരട്ടി വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. എഞ്ചിനീയറിംഗ് രംഗത്തെ മറ്റൊരു ശ്രദ്ധേയമായ നേട്ടമായാണ് ഇതിനെ കാണുന്നത്.

പേരിന് പിന്നില്‍

നീളമുള്ള ട്രെയിനിന് സൂപ്പര്‍ വാസുകി എന്ന് പേര് വരാന്‍ എന്തായിരിക്കും കാരണം എന്നല്ലേ. ഹിന്ദു പുരാണങ്ങളില്‍ നിന്നാണ് ‘വാസുകി’ എന്ന പേര് സ്വീകരിച്ചത്. വാസുകി നാഗരാജാവിന്റെ (സര്‍പ്പരാജാവ്) പേരാണ് പുരാണത്തില്‍. ശിവന്റെ അര്‍പ്പണ ബോധമുള്ള അനുയായി. ദേവന്മാരും അസുരന്മാരും ചേര്‍ന്ന് നടത്തിയ പാലാഴി മഥനത്തില്‍ കയറിനു ബദലായി ഉപയോഗിച്ചത് വാസുകിയെയാണ്. ഈ കൂറ്റന്‍ തീവണ്ടിയെ നിര്‍വചിക്കുന്ന ഗുണങ്ങളായ ക്ഷമ, ശക്തി, വിശാലത എന്നിവയെ ഈ പേര് പ്രതിനിധീകരിക്കുന്നു.