Leading News Portal in Kerala

മധ്യപ്രദേശി‌ൽ SBIക്ക് ‘കൊച്ചി ബ്രാഞ്ച്’; വ്യാജ ബാങ്ക് കണ്ടെത്തിയത് മലയാളി| Fake SBI kochi Branch found in Makroniya Madhya Pradesh


Last Updated:

പൊലീസ് വ്യാജ ബാങ്ക് അടപ്പിച്ചിട്ടുണ്ട്. വ്യാജ സാലറി സ്ലിപ്പുകൾ കണ്ടെത്തിയതിനാൽ തൊഴിൽ തട്ടിപ്പും സംശയിക്കുന്നു. എസ്ബിഐ ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി

എ ഐ നിർമിത പ്രതീകാത്മക ചിത്രംഎ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം

മധ്യപ്രദേശിൽ ‘എസ്ബിഐ കൊച്ചി ബ്രാഞ്ച്’ എന്ന പേരിൽ വ്യാജ ബാങ്ക്. മലയാളി ബാങ്ക് ഉദ്യോഗസ്ഥനാണ് വ്യാജ ബാങ്ക് കണ്ടെത്തിയത്. മധ്യപ്രദേശ് സാഗർ ജില്ലയിലെ മക്രോനിയ മുനിസിപ്പൽ ഡിവിഷനിലെ റെയില്‍വേ റോഡിലാണ് ‘യോനോ എസ്ബിഐ കൊച്ചി ബ്രാഞ്ച് കേരള’ എന്ന പേരിൽ തട്ടിപ്പുബാങ്ക് കണ്ടെത്തിയത്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സാഗർ ജില്ലയിലെ ബ്രാഞ്ച് മാനേജരായി ഒരു വർഷമായി ജോലി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി അരുൺ അശോകാണ് ഇത് കണ്ടെത്തിയത്. നേരത്തേ എസ്ബിഐയിലാണ് അരുൺ ജോലി ചെയ്തിരുന്നത്. പഴകിയ കെട്ടിടത്തിലായിരുന്നു ‘വ്യാജ ബാങ്ക്’പ്രവർത്തിച്ചിരുന്നത്. ഇത് കണ്ടപ്പോൾ‌ ലൊക്കേഷൻ ടാഗ് അടക്കം ചിത്രമെടുത്ത് സഹപാഠിയായ കൈപ്പുഴ സ്വദേശി എസ് ഹൃഷികേശിന് അയച്ചു നൽകുകയായിരുന്നു. എസ്ബിഐ മാങ്ങാനം ബ്രാഞ്ചിലെ ക്ലാർക്കായ ഹൃഷികേശ് എസ്ബിഐ ഓഫീസേഴ്സ് അസോസിയേഷൻ (എസ്ബിഐഒഎ) ഭാരവാഹികൾക്കു ചിത്രം കൈമാറിയെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തു.

‌എസ്ബിഐഒഎ സംസ്ഥാന ഭാരവാഹികൾ ഭോപാലിലെ അസോസിയേഷൻ നേതാക്കളെ ബന്ധപ്പെടുകയും അവരെത്തി സ്ഥലം പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ എസ്ബിഐയുടെ ഔദ്യോഗിക ലോഗോയോടു സമാനമായ ലോഗോ, സാലറി സ്ലിപ്പുകൾ, വ്യാജ രേഖകൾ എന്നിവ കണ്ടെടുത്തു. എന്നാൽ, പരിശോധനയിൽ ആരെയും കണ്ടെത്താൻ സാധിച്ചില്ല.

പൊലീസ് വ്യാജ ബാങ്ക് അടപ്പിച്ചിട്ടുണ്ട്. വ്യാജ സാലറി സ്ലിപ്പുകൾ കണ്ടെത്തിയതിനാൽ തൊഴിൽ തട്ടിപ്പും സംശയിക്കുന്നു. എസ്ബിഐ ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി.