കമൽഹാസന്റെ തഗ് ലൈഫിന് വിലക്കേർപ്പെടുത്തിയ കർണാടക ഹൈക്കോടതിക്ക് സുപ്രീം കോടതി വിമർശനം Supreme Court criticizes Karnataka High Court for banning Kamal Haasans Thug Life Movie
Last Updated:
തിയേറ്ററുകളിൽ എന്ത് പ്രദർശിപ്പിക്കണമെന്ന് തീരുമാനിക്കാൻ ഗുണ്ടകളുടെ കൂട്ടങ്ങളെ അനുവദിക്കാനാകില്ലെന്നും കോടതി
കമൽഹാസന്റെ തമിഴ് ചിത്രം തഗ് ലൈഫിന്റെ റിലീസ് കർണാടകയിൽ നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി ചൊവ്വാഴ്ച കർണാടക ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ചു. “കന്നഡ തമിഴിൽ നിന്നാണ് ജനിച്ചത്” എന്ന നടന്റെ വിവാദ പരാമർശത്തിന്റെ പേരിൽ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തിയ ഗ്രൂപ്പുകളെയും സുപ്രീം കോടതി വിമർശിച്ചു.
സിനിമ കാണുന്നതിൽ നിന്ന് ആളുകളെ തടയാൻ അവരുടെ തലയിൽ തോക്കുകൾ വയ്ക്കരുതെന്നും ജസ്റ്റിസുമാരായ ഉജ്ജൽ ഭൂയാൻ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. തിയേറ്ററുകളിൽ എന്ത് പ്രദർശിപ്പിക്കണമെന്ന് തീരുമാനിക്കാൻ “ഗുണ്ടകളുടെ കൂട്ടങ്ങളെ” അനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
“ആരെങ്കിലും ഒരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിൽ, നിങ്ങൾ മറ്റൊരു പ്രസ്താവനയിലൂടെ അതിനെ പ്രതിരോധിക്കണം. തിയേറ്ററുകൾ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്താൻ നിങ്ങൾക്ക് കഴിയില്ല,” ബെഞ്ച് അഭിപ്രായപ്പെട്ടു.
ഒരു സിനിമയ്ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ അനുമതി ലഭിച്ചുകഴിഞ്ഞാൽ അത് എല്ലാ സംസ്ഥാനങ്ങളിലും റിലീസ് ചെയ്യാമെന്ന് പറഞ്ഞുകൊണ്ട്, കർണാടക സർക്കാരിനോട് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് തീരുമാനം അറിയിക്കാൻ ഒരു ദിവസത്തെ സമയവും സുപ്രീം കോടതി അനുവദിച്ചു.
കന്നഡ ഭാഷയെക്കുറിച്ചുള്ള കമലഹാസന്റെ പരാമർശത്തിൽ മാപ്പ് പറയണമെന്ന ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെയും സുപ്രീം കോടതി വിമർശിച്ചു. ക്ഷമാപണം നടത്തണമെന്ന് ഹൈക്കോടതി എന്തിനാണ് പറയുന്നതെന്നും അത് ഹൈക്കോടതിയുടെ റോളല്ലെന്നും മാപ്പ് ചോദിക്കേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
കമലഹാസൻ എന്തെങ്കിലും അസ്വസ്ഥത ഉളവാക്കുന്ന രീതിയിൽ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരു സുവിശേഷ സത്യമായി കണക്കാതെ കർണാടകയിലെ പ്രബുദ്ധരായ ജനങ്ങൾ അതിനെക്കുറിച്ച് ചർച്ച ചെയ്യുകയും അദ്ദേഹം പറഞ്ഞത് തെറ്റാണെന്ന് പറയുകയും ചെയ്യണമായിരുന്നുവെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.വ്യാഴാഴ്ച കേസിൽ കൂടുതൽ വാദം കേൾക്കും.
New Delhi,Delhi
June 17, 2025 4:59 PM IST