Leading News Portal in Kerala

മദ്യത്തിന്റെ മണമുണ്ടെന്ന് കരുതി മദ്യപിച്ചിട്ടുണ്ടാകില്ല’; മദ്യപിച്ച് വാഹനമോടിച്ച് വൈദ്യുത തൂണ്‍ തകര്‍ത്ത കേസില്‍ പ്രതിയെ വെറുതെവിട്ടു Smell of alcohol doesnt mean under influence of liquor court acquitted Accused in drunk driving case


Last Updated:

പൊലീസിന്റെ മുന്നിൽവെച്ചാണ് പ്രതി അപകടമുണ്ടാക്കിയത്

 പ്രതീകാത്മക ചിത്രം പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മദ്യപിച്ച് വാഹനമോടിച്ച് വൈദ്യുത തൂണ്‍ തകര്‍ത്ത കേസില്‍ പ്രതിയെ ആറ് വര്‍ഷത്തിന് ശേഷം കോടതി കുറ്റവിമുക്തനാക്കി. മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് കരുതി പ്രതി മദ്യപിച്ചിട്ടുണ്ടെന്ന് അര്‍ത്ഥമില്ലെന്ന് കോടതി നിരീക്ഷിച്ചു. ചണ്ഡീഗഡിലെ ജില്ലാ കോടതിയാണ് പ്രതിയെ വെറുതെവിട്ടത്. മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 185 പ്രകാരമാണ് പ്രതി അക്ഷയ്‌ക്കെതിരേ പോലീസ് കേസെടുത്തത്.

പൊലീസിന്റെ മുന്നിൽവെച്ചാണ് ഇയാൾ അപകടമുണ്ടാക്കിയത്. തുടര്‍ന്ന് ഇയാളെ പോലീസ് പിടികൂടി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തി. അതനുസരിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യുകയും വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

കോടതിയില്‍ വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ സാക്ഷിയായി ഇന്‍സ്‌പെക്ടര്‍ പദവിയില്‍ നിന്ന് വിരമിച്ച രജീന്ദര്‍ സിംഗ് അക്ഷയ്‌ക്കെതിരായി മൊഴി നല്കി. കോണ്‍സ്റ്റബിള്‍ പര്‍ദീപിനും കോണ്‍സ്റ്റബിള്‍ വിപിനും ഒപ്പും ഔദ്യോഗിക വാഹനത്തില്‍ പട്രോളിംഗ് നടത്തുമ്പോള്‍ അക്ഷയ് ഓടിച്ച വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നുവെന്ന് മൊഴി നല്‍കി.

സെക്ടര്‍ 22/23 ലൈറ്റ് പോയിന്റനടുത്ത് എത്തിയപ്പോള്‍ സെക്ടര്‍-22 മാര്‍ക്കറ്റില്‍ നിന്ന് ഒരു കാര്‍ അശ്രദ്ധമായി ഓടിച്ചു വരുന്നത് കണ്ടുവെന്നും പോലീസ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കാര്‍ അവിടെയുണ്ടായിരുന്ന ഒരു വൈദ്യുത തൂണില്‍ ഇടിച്ചു. ഇതിനിടെ ഇയാളെ പോലീസ് പിടികൂടി. അയാളുടെ ശ്വാസത്തില്‍ മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നു. ഇതിന് ശേഷം പ്രതിയെ വൈദ്യ പരിശോധനയ്ക്കായി സെക്ടര്‍ 22ലെ സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അക്ഷയ് മദ്യപിച്ചിരുന്നുവെന്നും എന്നാല്‍ പരിശോധന നടക്കുന്ന സമയത്ത് മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പരിശോധിച്ച ഡോക്ടര്‍ മൊഴി നല്‍കി.

ഡോക്ടറുടെ പൊതുവായ അഭിപ്രായത്തില്‍ മോട്ടോര്‍ വാഹന നിയമത്തിലെ 185 സെക്ഷന്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് പറയാന്‍ പറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരേ കേസ് ഫയല്‍ ചെയ്യുന്നതിന് മുമ്പ് ബ്രീത്ത് അനലൈസറോ രക്തപരിശോധനയോ നടത്തി അക്കാര്യം ഉറപ്പിക്കണം. എന്നാല്‍ നിലവിലെ കേസില്‍ ഇത് ചെയ്തിട്ടില്ല. പ്രതിയില്‍ നിന്ന് മദ്യത്തിന്റെ ഗന്ധം വന്നതുകൊണ്ട് മാത്രം അയാള്‍ മദ്യപിച്ചിരുന്നതായി അര്‍ത്ഥമില്ലെന്നും കോടതി പറഞ്ഞു. ഡോക്ടറുടെ പൊതുവായ അഭിപ്രായത്തില്‍ മാത്രം പ്രതിയെ ശിക്ഷിക്കാന്‍ കഴിയില്ലെന്നും ഇവിടെ യാതൊരുവിധ പരിശോധനയും നടത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. കേസില്‍ തെളിവൊന്നും ഇല്ലെന്ന് പറഞ്ഞ കോടതി പ്രതിയെ വെറുതെ വിടുകയും ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/India/

മദ്യത്തിന്റെ മണമുണ്ടെന്ന് കരുതി മദ്യപിച്ചിട്ടുണ്ടാകില്ല’; മദ്യപിച്ച് വാഹനമോടിച്ച് വൈദ്യുത തൂണ്‍ തകര്‍ത്ത കേസില്‍ പ്രതിയെ വെറുതെവിട്ടു