Leading News Portal in Kerala

പവര്‍ കട്ടിനെ തുടര്‍ന്ന് ഡയാലിസിസ് യന്ത്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു; ഉത്തര്‍ പ്രദേശില്‍ ചികിത്സയിലിരുന്ന രോഗി മരിച്ചു|Dialysis machine stops working due to power cut patient dies in Uttar Pradesh


Last Updated:

ബിജ്‌നോറിലെ ആശുപത്രിയിലെ ജനറേറ്ററില്‍ ഇന്ധനം പോലും ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍

News18News18
News18

പവര്‍ കട്ടിനെ തുടര്‍ന്ന് ഡയാലിസിസ് യന്ത്രത്തിന്റെ പ്രവര്‍ത്തനം നിലച്ച് രോഗി മരിച്ചു. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗി സര്‍ഫറാസ് അഹമ്മദ്(26) ആണ് മരിച്ചത്. എന്നാൽ, വൈദ്യുതി നിലച്ചതോടെ സർഫറാസിന്റെ പകുതിയോളം രക്തം യന്ത്രത്തിനുള്ളിൽ കുടുങ്ങിപ്പോയതായും ഇതാണ് മരണകാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.

പെട്ടെന്ന് വൈദ്യുതി മുടങ്ങിയാല്‍ അത് നേരിടുന്നതിനായി ആശുപത്രികളില്‍ ജനറേറ്ററോ മറ്റ് സൗകര്യങ്ങളോ ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ ബിജ്‌നോറിലെ ആശുപത്രിയിലെ ജനറേറ്ററില്‍ ഇന്ധനം പോലും ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പവര്‍ കട്ടിന്റെ സമയത്ത് ആശുപത്രിയില്‍ ഒരു ഔദ്യോഗിക പരിശോധന നടന്നിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

കരാര്‍ കമ്പനി ജനറേറ്ററിന് അടിക്കാന്‍ ഡീസല്‍ നല്‍കിയിരുന്നില്ല. അതിനാലാണ് രോഗിക്ക് ചികിത്സ നല്‍കാന്‍ കഴിയാതെ പോയതെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ആശുപത്രിയിലുണ്ടായിരുന്ന അഞ്ച് രോഗികള്‍ വെളിച്ചമോ ലൈറ്റുകളോ ഫാനുകളോ ഇല്ലാതെ കിടക്കുന്നതായി സിഡിഒ പൂര്‍ണ ബോറ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

”വൈദ്യുതി പോയപ്പോള്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം നിന്നുപോയി. ഈ സമയം മകന്റെ പകുതിയോളം രക്തം യന്ത്രത്തിനകത്തായിരുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഞാന്‍ ജീവനക്കാരനോട് അപേക്ഷിച്ചു. എന്നാല്‍ ആരും സഹായിച്ചില്ല. എന്റെ മകന്‍ അപ്പോള്‍ തന്നെ മരിച്ചുപോയി,” സര്‍ഫറാസിന്റെ അമ്മയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.

എന്നാല്‍ രോഗിയുടെ രക്തത്തിന്റെ വലിയൊരുഭാഗം ഒരു സമയത്തു പോലും യന്ത്രത്തിനുള്ളിലായിരിക്കാന്‍ സാധ്യതയില്ലെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറഞ്ഞു.

”ഹീമോഡയാലിസിസിന്റെ സമയത്ത് ഏകദേശം 200 മുതല്‍ 250 മില്ലി രക്തം മാത്രമെ യന്ത്രത്തിലൂടെ കടന്നുപോകുകയുള്ളൂ. എന്നാല്‍, പെട്ടെന്ന് വൈദ്യുതി മുടങ്ങുന്നത് ഡയാലിസിസ് വൈകിപ്പിക്കുകയും ഗുരുതരാവസ്ഥയിലുള്ള രോഗികളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യും,” ഒരു ഡോക്ടര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനറേറ്ററിന് ഡീസല്‍ നല്‍കുന്ന സ്വകാര്യ സ്ഥാപനമായ സഞ്ജീവനി തുടര്‍ച്ചയായി ഇന്ധനം നല്‍കിയിരുന്നില്ലെന്ന് ആശുപത്രി ജീവനക്കാര്‍ ആരോപിച്ചു. ആശുപത്രി സന്ദര്‍ശിച്ചതായും ഡയാലിസിസ് യൂണിറ്റിന്റെ എല്ലാ രേഖകളും കണ്ടുകെട്ടിയെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവിട്ടതായും ഡിഎം ജസ്ജിത് കൗര്‍ പറഞ്ഞു. ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നതായും ശുചിത്വം പാലിച്ചിരുന്നില്ലന്നെും കൗര്‍ പറഞ്ഞു. ഏജന്‍സിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ അവരെ കരിമ്പട്ടികയില്‍ പെടുത്തും, കൗര്‍ കൂട്ടിച്ചേര്‍ത്തു.

മലയാളം വാർത്തകൾ/ വാർത്ത/India/

പവര്‍ കട്ടിനെ തുടര്‍ന്ന് ഡയാലിസിസ് യന്ത്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു; ഉത്തര്‍ പ്രദേശില്‍ ചികിത്സയിലിരുന്ന രോഗി മരിച്ചു