സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരുടെ പീഡനം; ശരീരത്തിൽ കുറിപ്പെഴുതി യുപിയില്‍ യുവതി ജീവനൊടുക്കി Tortured by husbands family over dowry Woman commits suicide by writing note on body in UP
Last Updated:
വിവാഹം കഴിഞ്ഞയുടന്‍തന്നെ ഭര്‍തൃവീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയും യുവതിയെ ശാരീരികമായി പീഡിപ്പിക്കാൻ തുടങ്ങുകയും ചെയ്തു
സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും തുടര്‍ന്നുള്ള മരണങ്ങളും തുടര്‍ക്കഥയാകുകയാണ്. ഉത്തര്‍പ്രദേശിലെ ബാഗ്പേട്ട് ജില്ലയിലെ റാത്തോണ്ട ഗ്രാമത്തില്‍ നിന്നുള്ള മനീഷ എന്ന യുവതി സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കി. മാസങ്ങളോളം ഭര്‍തൃവീട്ടില്‍ നിന്ന് പീഡനം നേരിട്ടതിനെ തുടര്‍ന്ന് 28-കാരിയായ മനീഷ അമ്മ വീട്ടിലായിരുന്നു താമസം. ഇവിടെവച്ചാണ് അവര്‍ ജീവനൊടുക്കിയത്. വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ രാത്രിയില്‍ കീടനാശിനി കഴിച്ച് മനീഷ ജീവനൊടുക്കുകയായിരുന്നു.
താന്‍ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് സ്വന്തം ശരീരത്തില്‍ ഒരു കുറിപ്പ് എഴുതിവെച്ചാണ് മനീഷ ജീവിതം അവസാനിപ്പിച്ചത്. 2023-ലാണ് മനീഷ വിവാഹിതയായത്. ഗാസിയാബാദിലെ സിദ്ദിപ്പൂര് ഗ്രാമത്തില്‍ നിന്നുള്ള കുന്ദന്‍ എന്നയാളാണ് ഭര്‍ത്താവ്. എന്നാല്‍ വിവാഹം കഴിഞ്ഞയുടന്‍തന്നെ ഭര്‍തൃവീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടാന്‍ തുടങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മനീഷയെ ശാരീരികമായി പീഡിപ്പിക്കുക മാത്രമല്ല. ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മനീഷയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് എസ്പി സൂരജ് കുമാര്‍ റായ് പറഞ്ഞതായാണ് വിവരം. മനീഷ ശരീരത്തില്‍ കുറിച്ച മരണകുറിപ്പില്‍ ഭര്തൃവീട്ടുക്കാരില് നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനുശേഷമാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് ഗാസിയാബാദിലെ എംസിഡി ജീവനക്കാരനായ മനീഷയുടെ പിതാവ് തേജ്വീര് പറഞ്ഞു. വിവാഹസമയത്ത് സ്ത്രീധനമായി ഒരു ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ മനീഷയുടെ കുടുംബം കുന്ദന്‍ നല്‍കിയിരുന്നു. എന്നാല്‍ കുന്ദനും വീട്ടുകാരും പിന്നീട് വലിയൊരു തുകയും ഥാറും സ്ത്രീധനമായി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഈ ആവശ്യം മനീഷയുടെ കുടുംബത്തിന് നിറവേറ്റാന്‍ സാധിക്കാതെ വന്നതോടെയാണ് അവരുടെ ബന്ധത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. സ്ത്രീധനത്തിനായുള്ള പീഡനങ്ങള്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കുക മാത്രമല്ല ഇതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ തന്നെയും കുടുംബത്തെയും മറ്റുള്ളവരുടെ മുന്നില്‍ അപമാനിച്ചതായും മനീഷ അവരുടെ ശരീരത്തില്‍ പതിപ്പിച്ച മരണക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പ്രശ്നങ്ങള്‍ രൂക്ഷമായതോടെ കുന്ദനില്‍ നിന്ന് മകള്‍ക്ക് വിവാഹമേചനം നേടാന്‍ തേജ്വീര് തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് കുന്ദന്റെ ബന്ധുക്കള്‍ മനീഷയുടെ വീട്ടിലെത്തുകയും വിവാഹ സാധനങ്ങളും ചെലവുകളും തിരികെ നല്‍കാമെന്ന് ഇരുകുടുംബങ്ങളും തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കേണ്ട സമയമായപ്പോള്‍ എല്ലാ തിരികെ ലഭിക്കുന്നതുവരെ വിവാഹമോചന പേപ്പറില്‍ ഒപ്പിടാന്‍ മനീഷ വിസമ്മതിച്ചു. ഇതിലുണ്ടായ കാലതാമസം അവരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
July 17, 2025 1:52 PM IST
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരുടെ പീഡനം; ശരീരത്തിൽ കുറിപ്പെഴുതി യുപിയില്‍ യുവതി ജീവനൊടുക്കി