‘കൊലപാതകങ്ങള്‍ കൂടുന്നത് കര്‍ഷകര്‍ക്ക് പണിയില്ലാത്ത ഏപ്രില്‍-ജൂണ്‍ മാസങ്ങളിൽ’; ബീഹാര്‍ എഡിജി Murders increase in April-June when farmers have no work says Bihar ADGs Bizarre Remark
Last Updated:
സമീപകാലത്ത് ബീഹാറിലുടനീളം ധാരാളം കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ കര്‍ഷകര്‍ക്ക് ജോലിയില്ലാത്തതിനാല്‍ ആ കാലയളവില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി ബീഹാര്‍ എഡിജിപി. ”സമീപകാലത്ത് ബീഹാറില്‍ ഉടനീളം ധാരാളം കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലാണ് മിക്ക കൊലപാതകങ്ങളും നടക്കുന്നത്. ഈ മാസങ്ങളില്‍ മിക്ക കര്‍ഷകര്‍ക്കും പണി ഉണ്ടാകുകയില്ല. മഴ തുടങ്ങുന്നത് വരെ ഇത് തുടരും. മഴയ്ക്ക് ശേഷം കര്‍ഷകര്‍ തിരക്കിലാകുകയും ഇത്തരം സംഭവങ്ങള്‍ കുറയുകയും ചെയ്യുന്നു,” ബുധനാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ബീഹാര്‍ എഡിജിപി കുന്ദൻ കൃഷ്ണന്‍ പറഞ്ഞു
മാധ്യമങ്ങള്‍ കൊലപാതകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരികരിക്കുന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കെ രാഷ്ട്രീയ നേതാക്കളും ഇത്തരം സംഭവങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
”ബീഹാറില്‍ ഉടനീളം കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. ഓരോന്നായി സംഭവിക്കുന്നു. മാധ്യമങ്ങളും ഒന്നിന് പിറകെ ഒന്നായി കൊലപാതകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളും ഇതിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. പണത്തിനുവേണ്ടി യുവാക്കള്‍ ഇത്തരത്തില്‍ കൊലപാതകങ്ങള്‍ ചെയ്യുന്നതില്‍ വര്‍ധനവുണ്ട്,” അദ്ദേഹം പറഞ്ഞു.
”ഞങ്ങള്‍ ഈ മാസം പുതിയ ഒരു സെല്‍ രൂപീകരിച്ചിട്ടുണ്ട്. മുമ്പ് വെടിവെപ്പ് നടത്തിയവരുടെയും വാടകക്കൊലയാളികളുടെയും ഒരു പട്ടിക തയ്യാറാക്കും. അതിന് ശേഷം അവരെ നിരീക്ഷിക്കുകയും ചെയ്യും. ഇതാണ് പുതിയ സെല്ലിന്റെ ചുമതല”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
July 17, 2025 2:49 PM IST