Leading News Portal in Kerala

വിവാഹത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ വീടുവിട്ടുപോയി; ഹേബിയസ് കോര്‍പസുമായി ചെന്ന ഭര്‍ത്താവിന് ഹൈക്കോടതിയുടെ കാൽ ലക്ഷം രൂപ പിഴ Wife left home due to marital problems High Court fines husband twenty-five thousand rupees for going with Habeas Corpus


Last Updated:

ഭര്‍ത്താവിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ വീടു വിട്ടുപോയപ്പോള്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്ത ഭര്‍ത്താവിന് ഒറീസ ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തി. ഇതിന് പുറമെ ഭര്‍ത്താവ് കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തിനും ഇരയായി.

”ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകള്‍ കാരണം ഭാര്യ സ്വന്തം ഇഷ്ടപ്രകാരം ഭര്‍ത്താവിനെ ഉപേക്ഷിച്ചുപോയതാണെന്ന് ഒറീസ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവിന് ഭാര്യയെ തന്റെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കാനോ ഭാര്യയെ തന്റെ ഉപഭോഗ വസ്തുവായി കണക്കാക്കാനോ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഹരീഷ് ടണ്ടണും ജസ്റ്റിസ് മുരഹരി ശ്രീ രാമനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു,” ലൈവ് ലോ റിപ്പോര്‍ട്ടു ചെയ്തു.

”ലിംഗഭേദമില്ലാതെ രാജ്യത്തെ ഓരോ വ്യക്തിക്കും നല്‍കുന്ന മൗലികാവകാശത്തെ ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി വണ്‍വേ ട്രാഫിക്കായി കണക്കാക്കാന്‍ കഴിയില്ല. ഭാര്യയ്ക്ക് തന്റെ ജീവിതത്തില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അവകാശമുണ്ട്. അവര്‍ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിയാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഹേബിയസ് കോര്‍പ്പസ് റിട്ട് പുറപ്പെടുവിക്കാനുള്ള കോടതിയുടെ അധികാരം ദുരുപയോഗം ചെയ്യാന്‍ ഭര്‍ത്താവിനെ അനുവദിക്കാനാകില്ല,” ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.

ഭര്‍ത്താവിനെ ഉപേക്ഷിച്ച ശേഷം സ്ത്രീയും കുട്ടിയും സഹോദരനൊടൊപ്പമാണ് താമസിച്ചിരുന്നത്. എന്നാല്‍ ഭാര്യയുടെ സഹോദരന്‍ അവരെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് ഭര്‍ത്താവ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പോലീസില്‍ പരാതിയും നല്‍കി.

തുടര്‍ന്ന് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിക്ക് പിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കാന്‍ പോലീസ് സ്ത്രീയുമായി ബന്ധപ്പെട്ടു. വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളാണ് ബന്ധം ഉപേക്ഷിക്കാന്‍ കാരണമെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യം പോലീസ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് വ്യക്തിപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് നിയമത്തിലെ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്തതിനും ഭാര്യയെ ഒരു വസ്തുവിനെ പോലെ പരിഗണിച്ചതിനും ഹര്‍ജിക്കാരനെ ബെഞ്ച് നിശിതമായി വിമര്‍ശിച്ചു.

”ഹര്‍ജിക്കാരന്റെ അപേക്ഷ ബാലിശവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അത് തള്ളിക്കളയുക മാത്രമല്ല, കനത്ത പിഴ ചുമത്തുകയും വേണം,” ഹൈക്കോടതി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/

വിവാഹത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ വീടുവിട്ടുപോയി; ഹേബിയസ് കോര്‍പസുമായി ചെന്ന ഭര്‍ത്താവിന് ഹൈക്കോടതിയുടെ കാൽ ലക്ഷം രൂപ പിഴ