സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 5,000 രൂപയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ മേലധികാരിയുടെ അനുമതി വേണം; ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിറക്കി | Uttarakhand government employees now need prior permission to spend above Rs 5K
Last Updated:
ജീവനക്കാര്‍ ഇത്തരം വസ്തുക്കള്‍ പാട്ടത്തിനോ സമ്മാനമായി നല്‍കുന്നതിനോ മേലുദ്യോഗസ്ഥന്റെ അനുമതി വാങ്ങണമെന്നും ഉത്തരവിലുണ്ട്
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചെലവിടല്‍ നിയന്ത്രിക്കാന്‍ വിചിത്ര ഉത്തരവിറക്കി ഉത്തരാഖണ്ഡ് (Uttarakhand). സര്‍ക്കാര്‍ ജീവനക്കാര്‍ 5,000 രൂപയില്‍ കൂടുതല്‍ ചെലവഴിക്കണമെങ്കില്‍ മേലുദ്യോഗസ്ഥരുടെ അനുമതി വേണമെന്നാണ് ഉത്തരവ്. ജീവനക്കാര്‍ക്ക് ഒരു ഫോണോ സാരിയോ മറ്റെന്തെങ്കിലുമോ വാങ്ങണമെങ്കില്‍ മേലധികാരി അനുമതി നല്‍കണമെന്നര്‍ത്ഥം.
ജൂലായ് 14-നാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസത്തെ ശമ്പളത്തിലധികമോ 5,000 രൂപയില്‍ കൂടുതലോ ഏതാണോ കുറവ് അതുപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്തെങ്കിലും ജംഗമ വസ്തുക്കള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോഴും ഇതുമായി ബന്ധപ്പെട്ട ഇടപാട് നടത്തുമ്പോഴും മേലധികാരിയെ അറിയിക്കുകയും അനുമതി വാങ്ങുകയും ചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ജീവനക്കാര്‍ ഇത്തരം വസ്തുക്കള്‍ പാട്ടത്തിനോ സമ്മാനമായി നല്‍കുന്നതിനോ മേലുദ്യോഗസ്ഥന്റെ അനുമതി വാങ്ങണമെന്നും ഉത്തരവിലുണ്ട്. ജീവനക്കാര്‍ ജോലിയില്‍ ചേരുന്ന സമയത്തും ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും അവരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജീവനക്കാരുടെ പങ്കാളിക്കും ഒരേ വീട്ടില്‍ താമസിക്കുന്ന മറ്റ് കുടുംബാംഗങ്ങള്‍ക്കും സ്വത്ത് വെളിപ്പെടുത്തല്‍ ബാധകമായിരിക്കും.
ഉത്തരവിനെതിരെ ജീവനക്കാര്‍ക്കിടയില്‍ വ്യാപകമായ എതിര്‍പ്പുയരുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പരിഹാസ്യമാണെന്ന് എസ്‍സി – എസ്ടി എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡന്റ് കരം റാം പറഞ്ഞു. വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടുംബത്തിലേക്ക് സാധാരണയായി വാങ്ങുന്ന സാധനങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
പത്ത് വിധം നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരായിട്ടുള്ള വിലക്കയറ്റത്തിന്റെ ഈകാലത്ത് ഭാര്യയ്‌ക്കോ കുട്ടികള്‍ക്കോ എന്തെങ്കിലും വാങ്ങിയാല്‍ 5,000 രൂപയില്‍ കൂടുതല്‍ ചെലവാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാര്യക്ക് സാരി വാങ്ങാനും കുട്ടിക്ക് ഉടുപ്പ് വാങ്ങാനും വകുപ്പ് മേധാവിയോട് ചോദിക്കണോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകള്‍ നടത്തി ചെലവിടല്‍ പരിധി ഒരു ലക്ഷമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മറ്റ് ജീവനക്കാരും ഉത്തരവില്‍ രോഷം പ്രകടിപ്പിച്ചു. സ്വത്ത്, വാഹനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ മാത്രമേ അനുമതി ആവശ്യമുള്ളൂ എന്നും ജീവനക്കാര്‍ പറഞ്ഞു.
Thiruvananthapuram,Kerala
July 19, 2025 12:20 PM IST
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 5,000 രൂപയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ മേലധികാരിയുടെ അനുമതി വേണം; ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉത്തരവിറക്കി