അവിവാഹിതനെന്ന സര്‍ട്ടിഫിക്കറ്റുമായി നടന്ന ഭര്‍ത്താവിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾ പോലീസിനെ അറിയിച്ചത് ഭാര്യ
Last Updated:
തന്നെയും തങ്ങളുടെ രണ്ട് കുട്ടികളെയും കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായും മനീഷ പരാതിയില്‍ പറഞ്ഞു
ഭര്‍ത്താവിന്റെ ബാഗിനുള്ളില്‍ നിന്ന് നിരവധി വ്യാജ രേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഷംലി സ്വദേശിയായ യുവതി പോലീസില്‍ പരാതി നല്‍കി. വ്യാജ ആധാര്‍ കാര്‍ഡുകള്‍, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയാണ് ബാഗിനുള്ളില്‍ ഉണ്ടായിരുന്നത്. കൂടാതെ ഭർത്താവ് അവിവാഹിതനാണെന്ന് തെളിയിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റും അവര്‍ ബാഗിൽ കണ്ടെത്തി. തന്റെ ഭര്‍ത്താവ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണെന്ന് സംശയിച്ച അവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
മുഹമ്മദ് ഇന്റസാര്‍ (34) എന്നയാള്‍ക്കെതിരേയാണ് ഭാര്യയുടെ പരാതിയിൽ ചൊവ്വാഴ്ച ഷംലി കോട് വാലി പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2017ലായിരുന്നു തങ്ങളുടെ വിവാഹമെന്ന് പരാതിക്കാരിയായ മനീഷ അറിയിച്ചു. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ ഭര്‍ത്താവിന് വീടിനടുത്തായിരുന്നു ജോലിയെന്നും ആ സമയം തങ്ങളുടെ വിവാഹബന്ധം സാധാരണപോലെ മുന്നോട്ട് പോയിരുന്നതായും അവര്‍ പറഞ്ഞു. പിന്നീട് ഭര്‍ത്താവ് ജോലിയുമായി ബന്ധപ്പെട്ട് ഡെറാഡൂണിലേക്ക് താമസം മാറി.
ഭര്‍ത്താവിന് കുടുംബവുമായുള്ള ബന്ധം കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മനീഷയ്ക്ക് അയാളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംശയം തോന്നിത്തുടങ്ങി. അതിനിടെയാണ് മനീഷ മുഹമ്മദിന്റെ ബാഗ് പരിശോധിച്ചത്. അതിനുള്ളില്‍ നിരവധി ആധാര്‍ കാര്‍ഡുകളും വ്യത്യസ്ത പേരുകളിലുള്ള മാര്‍ക്ക് ഷീറ്റുകളും ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെത്തി.
തന്നെയും തങ്ങളുടെ രണ്ട് കുട്ടികളെയും കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായും മനീഷ പരാതിയില്‍ പറഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ മുഹമ്മദ് തന്നെ ആക്രമിച്ച് രേഖകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതായി അവര്‍ ആരോപിച്ചു. ചില രേഖകളില്‍ സംശയം തോന്നിയതോടെ മനീഷ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവ പ്രകാരമാണ് മുഹമ്മദിനെതിരേ കേസ് എടുത്തിരിക്കുന്നത്.
മുഹമ്മദ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തില്‍ ആഴത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും മനീഷയുടെ പരാതിയിന്മേല്‍ ഗാര്‍ഹിക പീഡനത്തിന്റെ സാധ്യത പരിശോധിക്കുന്നുണ്ടെന്നും എസ് പി രാം സേവക് ഗൗതം പറഞ്ഞു. മനീഷ സമര്‍പ്പിച്ച രേഖകളുടെ ആധികാരികത പരിശോധിച്ചു വരികയാണ്. അന്വേഷണം തുടരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല.
മനീഷ ആരോപിച്ചതുപോലെ മുഹമ്മദ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണെന്ന് സ്ഥിരീകരിച്ചാല്‍ കേസ് വഴിത്തിരിവാകും. രാജ്യത്തുടനീളമുള്ള തീവ്രവാദ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ച് വരുന്ന സമയമാണിത്. രാജ്യ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യയിലേക്കുള്ള വിദേശികളുടെ കുടിയേറ്റം, പ്രവേശനം, താമസം എന്നിവ നിയന്ത്രിക്കുന്നതിനായി ഈ വര്‍ഷം ആദ്യം പാര്‍ലമെന്റ് ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍ 2025 പാസാക്കിയിരുന്നു.
Thiruvananthapuram,Kerala
July 23, 2025 1:35 PM IST
അവിവാഹിതനെന്ന സര്‍ട്ടിഫിക്കറ്റുമായി നടന്ന ഭര്‍ത്താവിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾ പോലീസിനെ അറിയിച്ചത് ഭാര്യ