Leading News Portal in Kerala

എന്നെ കാണാതായി സാറേ; തന്നെ കാണ്മാനില്ലെന്ന പോസ്റ്ററുമായി യുവാവ് പോലീസ് സ്‌റ്റേഷനിൽ


Last Updated:

മുഹമ്മദ് ഇര്‍ഷാദ് എന്ന യുവാവാണ് ഹണ്ടര്‍ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ വിചിത്ര പരാതിയുമായി എത്തിയത്

മുഹമ്മദ് ഇര്‍ഷാദ്മുഹമ്മദ് ഇര്‍ഷാദ്
മുഹമ്മദ് ഇര്‍ഷാദ്

ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ ഒരു യുവാവ് തന്നെ കാണ്‍മാനില്ലെന്ന പോസ്റ്ററുമായി പോലീസ് സ്‌റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. ഗെരുവ ഗ്രാമത്തില്‍ നിന്നുള്ള മുഹമ്മദ് ഇര്‍ഷാദ് എന്ന യുവാവാണ് ഹണ്ടര്‍ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ വിചിത്ര പരാതിയുമായി എത്തിയത്.

ഒരു കൂട്ടം യുവാക്കള്‍ തനിക്കെതിരെ വ്യാജ പോസ്റ്റര്‍ പ്രചരിപ്പിച്ച് തന്നെ കാണ്‍മാനില്ലെന്ന് അവകാശപ്പെട്ട് ഉപദ്രവിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരാതി. ഏകദേശം രണ്ട് മാസത്തോളമായി ഗ്രാമത്തിലെ 12 പേരടങ്ങുന്ന യുവാക്കളുടെ ഒരു കൂട്ടം തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഇര്‍ഷാദ് പോലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. തന്നെ ഉപദ്രവിക്കുന്നവരുടെ സംഘത്തിലുള്ള മുഹമ്മദ് ആദില്‍, മുഹമ്മദ് ചോട്ടു, മുഹമ്മദ് ആസാദ്, മുഹമ്മദ് സെയ്ഫ് എന്നിവരെ ഇര്‍ഷാദ് പ്രത്യേകം പരാമര്‍ശിച്ചു.

ഗ്രാമത്തിലും പൊതുസ്ഥലങ്ങളിലുമെല്ലാം തന്നെ കാണാനില്ലെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള പോസ്റ്റര്‍ പതിച്ചിരിക്കുന്നതായും അദ്ദേഹം പറയുന്നു. ജൂലായ് അഞ്ച് മുതല്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന് പറഞ്ഞ ചിത്രമുള്‍പ്പെടെയാണ് പോസ്റ്റര്‍ പ്രചരിപ്പിച്ചിട്ടുള്ളത്. വിവരം ലഭിക്കുന്നവര്‍ അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിക്കണമെന്നും പോസ്റ്ററിലുണ്ട്. ഇതുകണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് ഇര്‍ഷാദ് പറയുന്നു. തന്നെ ഉപദ്രവിച്ച അതേ യുവാക്കളുടെ സംഘം തന്നെയാണ് ഈ വ്യാജ പോസ്റ്ററിന്റെ പിന്നിലെന്നാണ് ഇര്‍ഷാദ് വിശ്വസിക്കുന്നത്.

ഗ്രാമത്തിലും നിരത്തിലും പതിച്ചിരിക്കുന്ന പോസ്റ്ററുകളും ഇര്‍ഷാദ് തന്നെ നീക്കം ചെയ്തു. എന്നാല്‍ യുവാക്കളുടെ ഉപദ്രവം തുടരുകയാണെന്നും മാര്‍ക്കറ്റിലേക്ക് പോകുമ്പോഴെല്ലാം തന്നെ കല്ലെറിയുകയും പരിഹസിക്കുകയും ചെയ്യുന്നതായും അദ്ദേഹം പരാതിപ്പെട്ടു.

തുടര്‍ച്ചയായ ആക്രമണം കാരണം ഇപ്പോള്‍ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുന്നത് കുറവാണെന്നും നമസ്‌കാരം ചെയ്യാന്‍ മാത്രമാണ് വെളിയില്‍ പോകുന്നതെന്നും ഇര്‍ഷാദ് പറയുന്നു. എന്നാല്‍ ഈ സമയത്തും യുവാക്കളുടെ സംഘം ആക്രമിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥരോട് അദ്ദേഹം വെളിപ്പെടുത്തി. സംഭവത്തില്‍ പോലീസ് ഇടപ്പെടണമെന്നും താന്‍ മാനസിക രോഗിയല്ലെന്നും തന്നെ കല്ലെറിയുന്നതും ഉപദ്രവിക്കുന്നതും അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

യുവാക്കളുടെ പ്രവൃത്തിയില്‍ തന്റെ ഭാര്യ പ്രതിഷേധിച്ചപ്പോള്‍ അവര്‍ അവളോടും മോശമായി പെരുമാറിയതായി ഇര്‍ഷാദ് വ്യക്തമാക്കി. ഇതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായെന്നും തുടര്‍ച്ചയായ ആക്രമണം വലിയ മാനസിക സമ്മര്‍ദ്ദത്തിന് കാരണമായിട്ടുണ്ടെന്നും ഉചിതമായ പോലീസ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Summary: Man complains to police station about posters mentioning that he had gone missing